Image

ഗോരക്ഷയുടെ പേരില്‍ കേരളത്തിലും അതിക്രമം: ഇറച്ചിയില്‍ മണ്ണുവാരിയിട്ടു; കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി

Published on 17 April, 2017
ഗോരക്ഷയുടെ പേരില്‍ കേരളത്തിലും അതിക്രമം:  ഇറച്ചിയില്‍ മണ്ണുവാരിയിട്ടു; കൊല്ലുമെന്ന്‌  ഭീഷണിപ്പെടുത്തി

എറണാകുളം: ഗോരക്ഷയുടെ പേരില്‍ കേരളത്തിലും അതിക്രമം. ആലങ്ങാട്‌ കരുമാലൂര്‍ കാരകുന്നില്‍ കല്ലറയ്‌ക്കല്‍ വീട്ടില്‍ ജോസിനുനേരെയാണ്‌ ഗോരക്ഷാ പ്രവര്‍ത്തകരുടെ അതിക്രമമുണ്ടായത്‌.

ശനിയാഴ്‌ച്ച ഉച്ചയോടെയാണ്‌ ഈസ്റ്റര്‍ ആവശ്യത്തിനായി മാടിനെ അറുത്തത്‌. പ്രസവിക്കില്ലെന്ന്‌ അറിഞ്ഞതോടെയാണ്‌ മൂന്നു വയസ്സ്‌ പ്രായമുള്ള പശുവിനെ ഇറച്ചിക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്‌

കാരുകുന്ന്‌ കല്ലറയ്‌ക്കല്‍ ജോസിന്റെ വീട്ടിലെത്തിയ സംഘം വധഭീഷണി മുഴക്കി. പശുവിനെക്കൊല്ലാന്‍ അനുവദിക്കില്ലെന്ന്‌ പറഞ്ഞ ശേഷം മേശപ്പുറത്ത്‌ വച്ചിരുന്ന ഇറച്ചിയില്‍ മണ്ണു വാരിയിട്ട്‌  ഉപയോഗശൂന്യമാക്കി. അവിടെത്തന്നെ ഉടന്‍ തന്നെ കുഴിച്ചിടണമെന്ന്‌ ആജ്ഞാപിച്ചു. 

സമീപത്തുണ്ടായിരുന്നവരെയെല്ലാം ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ വിരട്ടിയോടിക്കുകയും ചെയ്‌തു.
മാടിനെ അറുത്തതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി ലഭിച്ചെന്ന്‌ ആലുവ വെസ്റ്റ്‌ പൊലീസ്‌ സ്റ്റേഷന്‍ എസ്‌ഐ അനില്‍കുമാര്‍ സൗത്ത്‌ലൈവിനോട്‌ പറഞ്ഞു.

ഈ പ്രദേശത്തെ അറവുശാലകള്‍ക്കുനേരെയും ആര്‍.എസ്‌.എസ്‌ ഭീഷണി മുഴക്കിയിട്ടുണ്ട്‌. ഭയംകൊണ്ട്‌ ആരും പൊലീസില്‍ പരാതിപ്പെടാറില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു.
ആര്‍.എസ്‌.എസ്‌ അതിക്രമത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന്‌ സി.പി.ഐ ആലങ്ങാട്‌ ഏരിയ സെക്രട്ടറി എം.ബാബു പറഞ്ഞു.

മാടിനെ അറുത്തതിന്‌ ആര്‍എസ്‌എസുകാര്‍ ഭീഷണിപ്പെടുത്തിയെന്ന്‌ അറിയിച്ച്‌ പരാതി കിട്ടിയിട്ടുണ്ട്‌. മാട്ടിറിച്ചി എടുത്തുമാറ്റണമെന്നും ഉപയോഗിക്കരുതെന്നും പറഞ്ഞതായി മൊഴിയിലുണ്ട്‌. 

 സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന്‌ ആദ്യം പൊലീസില്‍ പരാതിപ്പെടാന്‍ പോലും ജോസ്‌ തയ്യാറായിരുന്നില്ല.  വൈകിട്ടോടെയാണ്‌ ജോസ്‌ ആലുവ വെസ്റ്റ്‌ പൊലീസ്‌ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്‌. ആര്‍എസ്‌എസ്‌ അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്‌ സിപിഐ(എം).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക