Image

ആന്‍ട്രിക്‌സ്‌ ദേവാസ്‌ ഇടപാടില്‍ പുനരന്വേഷണം വേണം: ജി .മാധവന്‍ നായര്‍

Published on 26 February, 2012
ആന്‍ട്രിക്‌സ്‌ ദേവാസ്‌ ഇടപാടില്‍ പുനരന്വേഷണം വേണം: ജി .മാധവന്‍ നായര്‍
ന്യൂഡല്‍ഹി: വിവാദമായ ആന്‍ട്രിക്‌സ്‌ ദേവാസ്‌ ഇടപാടില്‍ പുനരന്വേഷണം വേണമെന്ന്‌ മുന്‍ ഐ.എസ്‌.ആര്‍.ഒ മുന്‍ചെയര്‍മാന്‍ ജി .മാധവന്‍ നായര്‍ പ്രധാനമന്ത്രിക്ക്‌ കത്തയച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള വി. നാരായണ സ്വാമിക്കാണ്‌ കത്ത്‌ നല്‍കിയത്‌.

എസ്‌ ബാന്റ്‌ ഇടപാടില്‍ ശാസ്‌ത്രജ്ഞരെ ബലിയാടാക്കുകയായിരുന്നുവെന്നും ഇടപാട്‌ റദ്ദാക്കിയതിനെ കുറിച്ച്‌ പുനരന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.എസ്‌. ബാന്‍ഡ്‌ സ്‌പെക്ട്രത്തിനായി ആന്‍ട്രിക്‌സും ദേവാസും തമ്മിലുണ്ടാക്കിയ കരാറിന്റെ നടപടിക്രമങ്ങളില്‍ വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ്‌ ഐ.എസ്‌.ആര്‍.ഓയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍ കെ.രാധാകൃഷ്‌ണന്‍ കൂടി അംഗമായ പ്രത്യുഷ്‌ സിന്‍ഹ കമ്മിറ്റി റിപ്പോര്‍ട്ട്‌ കണ്ടെത്തിയിരുന്നു.എന്നാല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ തൃപതികരമല്ലെന്നും മാധവന്‍ നായര്‍ കുറ്റപ്പെടുത്തി.

ദേവാസിന്‌ വേണ്ടി ഐ.എസ്‌.ആര്‍.ഒ രണ്ട്‌ കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്‌ സംബന്ധിച്ചുള്ളതാണ്‌ 2005ലെ എസ്‌ ബാന്‍ഡ്‌ കരാര്‍. 766 കോടി രൂപയുടെ കരാറിലാണ്‌ ദേവാസും ആന്‍ട്രിക്‌സും തമ്മില്‍ കരാറില്‍ ഒപ്പിട്ടത്‌. ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്‌.ആര്‍.ഒക്ക്‌ കീഴിലെ ആന്‍ട്രിക്‌സ്‌ കോര്‍പറേഷനും സ്വകാര്യ കമ്പനിയായ ദേവാസ്‌ മള്‍ട്ടിമീഡിയയും തമ്മിലായിരുന്നു കരാര്‍. ഐ.എസ്‌.ആര്‍.ഒ വിക്ഷേപിക്കാനിരിക്കുന്ന രണ്ട്‌ ഉപഗ്രഹങ്ങളില്‍നിന്ന്‌ സ്വകാര്യ കമ്പനിക്ക്‌ 70 മെഗാഹെര്‍ട്‌സ്‌ എസ്‌ ബാന്‍ഡ്‌ സ്‌പെക്ട്രം 1000 കോടി രൂപക്ക്‌ അനുവദിക്കുന്നതിനാണ്‌ കരാര്‍ ഉണ്ടാക്കിയിരുന്നത്‌. എന്നാല്‍ കരാര്‍ നടപ്പായാല്‍ രണ്ടു ലക്ഷം കോടി രൂപ ഖജനാവിന്‌ നഷ്ടം വരുമെന്ന സി.എ.ജികണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജി. മാധവന്‍ നായര്‍ ഉള്‍പെടെ നാലു ശാസ്‌ത്രജ്ഞര്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ വിലക്ക്‌ ഏര്‍പെടുത്തി. ഇതില്‍ പ്രതിഷേധിച്ച മുതിര്‍ന്ന ബഹിരാകാശ ശാസ്‌ത്രജ്ഞന്‍ റോഥം നരസിംഹ ഇന്ത്യന്‍ ബഹിരാകാശ കമ്മീഷന്‍ അംഗത്വം രാജിവെച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക