Image

ഇവര്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 20 April, 2017
ഇവര്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
അയത്‌നലളിമാ,യല്ലര്‍പ്പിതങ്ങളാം
ജീവിതംതന്നെ നല്‍കീ വളര്‍ത്തിയാര്‍
തളരാത്ത ചിന്തകളിതര ഹൃദയങ്ങളില്‍
പന്തംകണക്കേ ജ്വലിപ്പിച്ചുനിര്‍ത്തിയോര്‍
വ്യര്‍ത്ഥമാക്കാനുള്ളതല്ല! നരജീവിതം:
ശക്തിയാര്‍ജ്ജിച്ചടരാടാന്‍ പറഞ്ഞവര്‍
കര്‍മത്തിലിഴചേര്‍ത്ത വാക്കിനാലര്‍ത്ഥമോ
ടാത്മാര്‍ത്ഥതയോടെളിമ തെളിയിച്ചവര്‍
അകലമില്ലാതെത്ര മനസ്സുകള്‍ക്കാശ്വാസ
വചനമാ,യലിവിന്നിളംതെന്നലായവര്‍
ജീവിതത്താലുദയമാകാന്‍ കൊതിച്ചവര്‍
പ്രതിഭ വിതച്ചുണര്‍വ്വേകാന്‍ ശ്രമിച്ചവര്‍
ജനതകള്‍ക്കാമോദമധുരം പകര്‍ന്നുത
ന്നിടറാത്ത വചസ്സുമായിവിടെക്കഴിഞ്ഞവര്‍
വഴികള്‍തെളിച്ചിതര മനസ്സുകള്‍ക്കാര്‍ദ്രമാ
യന്‍പിന്നുഷസ്സുകളേകാന്‍ കൊതിച്ചവര്‍
നന്മരപ്പൂക്കള്‍ക്കു കാവലായ് നില്‍ക്കുവാ
നെന്നും സ്വജീവിതമിതരര്‍ക്കു നല്‍കിയോര്‍
സുലഭയമാ,യാത്മാവിനന്നമായൊരുമതന്‍
കരളേകി,യതിലുപരി കലകളാലീവിധം;
ജീവിതം കവിതയായ് മാറ്റിയോരായിരം
തിരിയിട്ട തെളിദീപമായ് മുന്നിലുണരവേ,
തിരപോലൊരാവേശമാണാ,സ്മരണയും!!
മറയുന്നതെങ്ങനി,ന്നാ വചനങ്ങളാ
ണിടനെഞ്ചിലൂര്‍ജ്ജമായറിയാതെയിങ്ങനെ...

Join WhatsApp News
വിദ്യാധരൻ 2017-04-21 10:39:34
നാൽപ്പതു വർഷങ്ങൾക്കു മുൻപുള്ള ചിന്തകൾ 
ഇന്നതിനെന്തു പ്രസക്‌തി കവി?
അന്നവർ ജീവിച്ച ജീവിതം ജീവിക്കാൻ എന്തിനി-
ങ്ങനെ സമ്മർദ്ദം ചെലുത്തുന്നു 
അവരുടെ വാക്കിലെ തീപ്പൊരിയൊക്കയും 
കെട്ടടങ്ങി ചാരമായി ശേഷിച്ചു 
പണ്ടത്തെ കാര്യങ്ങൾ ഘോഷിച്ചു നടന്നിട്ടു 
കൊല്ലാം സമയം അതുമാത്രം മെച്ചം 
വന്നെത്തിപോയി പുത്തൻ തലമുറ പുത്തൻ -
ആശയ കെട്ടുമായി എത്തിപ്പോയി 
മാറ്റുക   നിങ്ങടെ പഴകി തുരുമ്പിച്ച ആശയം 
ആദർശ ചിന്തകളൊക്കയും 
സാഹിത്യം കവിതകൾ കലകളുമെങ്ങനെ  
ആവണം എന്നവർ നിർദ്ദേശിച്ചിടുന്നു
പുതിയ തലമുറ  അടിവച്ചു നീങ്ങുമ്പോൾ 
വഴിമാറി നിൽക്കുക തൊഴി കിട്ടാതുടൻ 
ഉദ്ധണ്ടന്മാരാണവർ കണ്ണിൽ ഇരുട്ടാണ് 
കണ്ണുകാണാതെ തപ്പിനടക്കുന്നു.
ചെന്ന്‌ വീഴട്ടെ പടുകുഴിക്കുള്ളിൽ 
കണ്ടാൽ അറിയാത്തവൻ കൊണ്ടു പഠിക്കട്ടെ      
നാരദൻ 2017-04-21 11:04:14
കണ്ണാടി വച്ചെന്ന് വിചാരിച്ചവൻ അന്ധനാകണോ വിദ്യാധരൻ?  ചിലപ്പോൾ കണ്ണിൽ ദീനമായിരിക്കും!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക