Image

യോഗി സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനദിനം പ്രതിപക്ഷ ബഹളത്തില്‍

Published on 15 May, 2017
യോഗി സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനദിനം  പ്രതിപക്ഷ ബഹളത്തില്‍


ലക്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ബിജെപി സര്‍ക്കാരിനെതിരെ ആദ്യ സമ്മേളനത്തില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം . സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം അതിരുകടന്നതോടെ ഗവര്‍ണര്‍ക്ക്‌ നേര്‍ക്ക്‌  പ്രതിപക്ഷ അംഗങ്ങള്‍ കടലാസ്‌ ചുരുട്ടിയെറിഞ്ഞു.

 പ്രതിപക്ഷമായ ബിഎസ്‌പിയും സമാജ്‌വാദി പാര്‍ട്ടിയും നിയമസഭയുടെ ആദ്യ സമ്മേളനം തടസപ്പെടുത്തി. സമ്മേളനം അഭിസംബോധന ചെയ്യാനെത്തിയ ഗവര്‍ണര്‍ രാം നായിക്കിന്‌ നേര്‍ക്ക്‌ കടലാസ്‌ ചുരുട്ടിയെറിഞ്ഞതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്‌ ചുറ്റും നിരന്നു.

ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്‍ന്നെന്ന്‌ ആരോപിച്ചാണ്‌ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബിഎസ്‌പിക്കും എസ്‌പിക്കും ഒപ്പം കോണ്‍ഗ്രസും നിയമസഭയിലെ പ്രതിഷേധത്തില്‍ അണിനിരന്നു. ഗവര്‍ണറുടെ നയപ്രസംഗത്തിനിടയില്‍ പ്രതിപക്ഷ എംഎല്‍എമാരില്‍ ചിലര്‍ കസേരക്ക്‌ മുകളില്‍ കയറിയും യോഗി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.

ബാവറുകളും പോസ്റ്ററുകളും ഉയര്‍ത്തിയാണ്‌ പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങിയത്‌. വര്‍ഗീയ പാര്‍ട്ടികളെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിപക്ഷ നേതാവ്‌ റാം ഗോവിന്ദ്‌ ചൗധരി പറഞ്ഞു. ഇനിയും ഒന്നിച്ചു നിന്നില്ലെങ്കില്‍ ഇവര്‍ എല്ലാം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധത്തില്‍ നിന്നും പിന്‍വാങ്ങിയില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക