Image

കണ്ണൂരില്‍ അഫ്‌സ്പ വേണ്ടെന്ന് മുഖ്യമന്ത്രി; ഗവര്‍ണര്‍ക്ക് മറുപടി നല്‍കി

Published on 15 May, 2017
കണ്ണൂരില്‍ അഫ്‌സ്പ വേണ്ടെന്ന് മുഖ്യമന്ത്രി; ഗവര്‍ണര്‍ക്ക് മറുപടി നല്‍കി

തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ബിജു കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പൊലീസ് കൈക്കൊള്ളേണ്ട നടപടികള്‍ തുടര്‍ന്നുവരുകയാണെന്നും ഇവിടെ സൈന്യത്തിന് അധികാരം നല്‍കുന്ന നിയമം നടപ്പാക്കേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കി. കഴിഞ്ഞദിവസം ബി.ജെ.പി നേതാവ് ഒ. രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം സമര്‍പ്പിച്ച നിവേദനം ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിക്ക് കൈമാറുകയും പരാതിയില്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കൈക്കൊണ്ട നടപടികള്‍ മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചത്.

ബിജുവിന്റെ മരണത്തിനിടയാക്കിയ സംഭവം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. ഈ സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ െ്രെകം നമ്പര്‍ 510/2017 ആയി കേസ് രജിസ്റ്റര്‍ ചെയ്യുകയും ഐ.പി.സി സെക്ഷന്‍ 302 അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയുമാണ്. പ്രതികള്‍ ഉപയോഗിച്ചതായി കരുതുന്ന വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട് . പ്രതികളെന്നു കരുതുന്ന രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്. മറ്റുള്ളവരെ പിടികൂടാനുള്ള ഊര്‍ജ്ജിതശ്രമം നടക്കുന്നുണ്ട്. പൊലീസ് കര്‍ശന നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കും. കുറ്റവാളികളെ നിയമനത്തിന് മുന്നില്‍ കൊണ്ടുവരും. കൊലപാതകങ്ങള്‍ ആരും ആഗ്രഹിക്കുന്ന കാര്യമല്ല. സായുധസേനാ പ്രത്യാകാധികാര നിയമം നടപ്പാക്കണമെന്നു ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. അതു നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂര്‍, അവിടെ 1528 വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളുമാണ് നടന്നത്. 12 വയസ്സുള്ള കുട്ടി മുതല്‍ 72 വയസ്സുള്ള വൃദ്ധ വരെ വെടിയേറ്റു മരിക്കുന്ന സ്ഥിതിയും വന്നു. ഇത്തരം സംഭവങ്ങളെ കേരളത്തിലെ മനുഷ്യാവകാശ സംരക്ഷത്തിനായി നിലകൊള്ളുന്ന ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാനാവില്ല. ഒരു ജനാധിപത്യ കക്ഷിക്ക് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാന്‍ എങ്ങനെയാണ് കഴിയുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മുഖ്യമന്ത്രി ആവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകാതിരിക്കാന്‍ എല്ലാ കക്ഷികള്‍ക്കും ഉത്തരവാദിത്തമുണ്ട്.  കഴിഞ്ഞ  ഫെബ്രുവരി 14ന് സര്‍വ്വകക്ഷി യോഗത്തിനു മുന്നോടിയായി ഉഭയകക്ഷി ചര്‍ച്ച നടത്തുകയുണ്ടായി. ഫെബ്രുവരി 14ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രാഷ്ട്രീയ കക്ഷികളുടെ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുത്ത സര്‍വ്വകക്ഷി സമാധാന യോഗം കണ്ണൂരില്‍ നടന്നു. ഇതിന്റെയൊക്കെ ഫലമായി ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷത്തിന് പൊതുവില്‍ കുറവ് വന്നിരുന്നു. സമാധാന യോഗത്തിനു ശേഷമുള്ള മൂന്ന് മാസ കാലയളവില്‍ പയ്യന്നൂരില്‍ യാതൊരു രാഷ്ട്രീയ അക്രമസംഭവങ്ങളും ഉണ്ടായിരുന്നില്ല. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്  കുമ്മനം രാജശേഖരന്‍ ട്വിറ്ററിലൂടെ നടത്തിയ പ്രചാരണം സമാധാനശ്രമങ്ങളെ സഹായിക്കുന്നതാണോ എന്ന് നാം പരിശോധിക്കേണ്ടതുണ്ടെന്നും പിണറായി സാമൂഹികമാധ്യമത്തിലൂടെ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക