Image

ലൗട്ടന്‍ നഗരസഭാ മേയറായി മലയാളി ഫിലിപ്പ് എബ്രഹാം ചുമതലയേറ്റു

Published on 18 May, 2017
ലൗട്ടന്‍ നഗരസഭാ മേയറായി മലയാളി ഫിലിപ്പ് എബ്രഹാം ചുമതലയേറ്റു

 
ലൗട്ടന്‍: മലയാളിയായ ഫിലിപ്പ് എബ്രഹാം ലൗട്ടണ്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു വര്‍ഷമായി ഡപ്യൂട്ടി മേയറായി സേവനമനുഷ്ടിച്ചു വരുകയായിരുന്നു അദ്ദേഹം. ലൗട്ടന്‍ റെസിഡന്റ്‌സ് അസോസിയേഷന്റെ പ്രതിനിധിയായി 2012ലാണ് അദ്ദേഹം ആദ്യമായി കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. 2016ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

യുകെയിലെ വിവിധ ഇന്ത്യന്‍ സംഘടനകളുമായി അടുത്തു പ്രവര്‍ത്തിക്കുന്നയാളാണ് ഫിലിപ്പ് എബ്രഹാം. യുകെ കേരള ബിസിനസ് ഫോറത്തിന്റെ സ്ഥാപകനും ബ്രിട്ടീഷ് സൗത്ത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കൊമേഴ്‌സിന്റെ സഹസ്ഥാപകനുമാണ്. കേരള ലിങ്ക് എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്ന മാഗസിന്റെ സ്ഥാപകനും എഡിറ്ററുമാണ്. 

എസക്‌സിലെ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റില്‍ ഏറ്റവും ജനസംഖ്യയുടെ പട്ടണമാണ് ലൗട്ടണ്‍. ആല്‍ഡര്‍ട്ടണ്‍ വാര്‍ഡിനെയാണ് ഫിലിപ്പ് എബ്രഹാം പ്രതിനിധീകരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിന്തുണയിലാണ് ഫിലിപ്പ് കൗണ്‍സിലറായതും ഇപ്പോള്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടതും.

പത്തനംതിട്ട വയലത്തല പള്ളിയ്ക്കല്‍ കുടുംബാംഗമായ ഫിലിപ്പ് 1972 ല്‍ ഉപരിപഠനത്തിനായിട്ടാണ് ലണ്ടനില്‍ എത്തിയത്. വയലത്തല കുഴിയംമണ്ണില്‍ പരേതരായ പി.പി.എബ്രഹാമിന്റെയും കുഞ്ഞൂഞ്ഞമ്മയുടെയും മകനാണ് ഫിലിപ്പ്. ചെറുകോല്‍ ഗ്രാമപഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റ് സുനില്‍ പള്ളിയ്ക്കല്‍ സഹോദരനാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക