Image

ബണ്ടിച്ചോര്‍ സ്ഥിരം കുറ്റവാളി; പത്ത്‌ വര്‍ഷം തടവ്‌

Published on 22 May, 2017
ബണ്ടിച്ചോര്‍ സ്ഥിരം കുറ്റവാളി; പത്ത്‌ വര്‍ഷം തടവ്‌


തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ്‌ ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ്ങിന്‌ തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ്‌ കോടതി പത്തു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായും കോടതി പ്രഖ്യാപിച്ചു.

തലസ്ഥാനത്തെ പ്രവാസി മലയാളിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ആഡംബര കാര്‍ മോഷ്ടിച്ച കുറ്റവാളിയാണ്‌ നാല്‍പ്പത്തിനാലുകാരന്‍ ബണ്ടി ചോര്‍. മുന്നൂറോളം കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ്‌. ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

2013 ജനുവരി 21നാണ്‌ വേണുഗോപാലന്‍ നായരുടെ മുട്ടടയിലെ ഹൈടെക്‌ സുരക്ഷയുള്ള വീട്ടില്‍ നിന്ന്‌ മുപ്പതു ലക്ഷം രൂപയുടെ മിത്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ കാര്‍, ലാപ്‌ടോപ്‌, മൊബൈല്‍ ഫോണുകള്‍, ഡിവിഡി പ്ലെയര്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ മോഷ്ടിച്ചത്‌. 

മോഷ്ടിച്ച കാര്‍ തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോലീസിനെ വെട്ടിച്ചു കടന്ന ബണ്ടി ചോറിനെ പൂനെയില്‍ നിന്നാണ്‌ പിടിച്ചത്‌. നന്തന്‍കോട്‌ റോഡരികില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന വിമല്‍കുമാറിന്റെ കാര്‍ മോഷ്ടിച്ചെടുത്താണ്‌ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയത്‌. സിസിടിവി ദൃശ്യങ്ങളിലൂടെയായിരുന്നു പോലീസ്‌ പ്രതിയെ തിരിച്ചറിഞ്ഞത്‌. 39 സാക്ഷികളെ വിസ്‌തരിച്ചു.

ജയില്‍ചാട്ടം പതിവാക്കിയ ബണ്ടി ചോറിനെ പൂജപ്പുര ജയിലിലെ പ്രത്യേക സെല്ലിലാണ്‌ പാര്‍പ്പിച്ചിരിക്കുന്നത്‌. പലതവണ ജാമ്യത്തിന്‌ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക