ഡാളസിലെ ശ്രി ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ നടത്തപ്പെട്ട പ്രതിഷ്ഠാ വാര്‍ഷിക ആഘോഷങ്ങളുടെ പൂജാദികര്‍മ്മങ്ങള്‍ക്ക്, ക്ഷേത്ര തന്ത്രിയും മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയുമായ കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി നേതൃത്വം നല്കിയപ്പോള്, കലാ പ്രേമികള്‍ക്കായി, കാനഡയില്‍ നിന്നും സോപാനം കഥകളി ഗ്രൂപ്പിന്റെ സന്താന ഗോപാലം കഥകളിയും, ശങ്കരന് നമ്പൂതിരിയുടെ ഭക്തി ഗാനമൃതവും, പല്ലാവൂര്‍ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള തായമ്പകയും അരങ്ങുതകര്‍ത്തു.
ചന്ദനം അരച്ച്, കളഭമാക്കിയെടുത്ത് , കലശ കുടത്തില്‍ നിറച്ച് പൂജിച്ചതിനു ശേഷം, ക്ഷേത്രത്തില്‍ തിങ്ങികൂടിനിന്ന ഭക്തജനങ്ങളുടെ നാരായണ മന്ത്രജപത്തോടൊപ്പം ശ്രീ ഗുരുവായൂരപ്പനെ അഭിഷേകം ചെയ്തു. കളഭാഭിഷേകനായ ഭഗവാനെ കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യമടയുന്നതിനോടൊപ്പം, ക്ഷേത്രം മുഴുവന്‍ വ്യാപിച്ചുനിന്ന ചന്ദന ലേപസുഗന്ധവും ഭക്തര്‍ ആവോളം ആസ്വദിച്ചു. ഉത്സവ മൂര്‍ത്തിയെ ആനയിച്ചുകൊണ്ടുള്ള താലപ്പൊലി ഘോഷയാത്രയില്‍, അനേകം ഭക്തജനങ്ങള്‍ പങ്കെടുത്തു. പല്ലാവൂര്‍ ശ്രീധരനും, ശ്രീകുമാറിനുമൊപ്പം, പല്ലശ്ശന ശ്രീജിത്തും, ചെറുതാഴം രെജിത്തും കൂടെ ചേര്‍ന്ന ചെണ്ടമേളം, ഡാളസില്‍ ഒരു ചെറുപൂരത്തിന്റെ മേളപ്പകിട്ടൊരുക്കി. ഉത്സവം വന്‍വിജയമാക്കാന്‍ സഹായിച്ച എല്ലാ ഭക്തജനങ്ങളേയും നന്ദി അറിയിക്കുന്നതായി, കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന് നായ രും, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് കേശവന് നായ രും അറിയിച്ചു.