Image

ആമിറിന് ചൈനയില്‍ നിന്നൊരു വി.ഐ.പി ആരാധകന്‍

Published on 10 June, 2017
ആമിറിന് ചൈനയില്‍ നിന്നൊരു വി.ഐ.പി ആരാധകന്‍

ആമിര്‍ ഖാന്‍ ചൈനീസ് പ്രേക്ഷകരുടെയും ഇഷ്ട താരമാണ്. ആമിറിന് ചൈനയില്‍ നിന്നൊരു വി.ഐ.പി ആരാധകന്‍ എത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങാണ് ദംഗല്‍ കണ്ട് ആമിറിന്റെ ആരാധകനായി മാറിയത്. സിനിമ ഇഷ്ടപ്പെട്ടെന്ന് ഷാങ്ഹായ് ഉച്ചകോടിക്കിടെ ഷീ ജീങ് പിങ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പറഞ്ഞു.

കസാഖിസ്ഥാനിലെ അസ്താനയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജീങ് പിങ് ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം സംബന്ധിച്ച് ഒന്നും പറയാന്‍ തയ്യാറായില്ല.

പിന്നെ ഇരു നേതാക്കളുടേയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്തൊക്കെയെന്ന് അന്വേഷിച്ച റിപ്പോര്‍ട്ടര്‍മാര്‍ക്ക് ലഭിച്ച ഉത്തരം കൗതുകമുള്ളതായിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തമാക്കണമെന്ന് ധാരണയിലെത്തിയ ചര്‍ച്ചയില്‍ ചൈനയില്‍ ബോളിവുഡ് സിനിമ ദംഗല്‍ നടത്തുന്ന മുന്നേറ്റവും സംസാരവിഷയമായെന്നായിരുന്നു വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിന്റെ മറുപടി.

ആമിര്‍ ഖാന്റെ ഹിറ്റ് ചിത്രം ദംഗല്‍ കണ്ടെന്ന് മോഡിയോട് പറഞ്ഞ ഷീ ജിങ് പിങ് സിനിമ വളരെയധികം ഇഷ്ടപ്പെട്ടെന്നും അറിയിച്ചു. ഭാവിയില്‍ ദംഗല്‍ പോലുള്ള കൂടുതല്‍ സിനിമകള്‍ ചൈനയില്‍ റിലീസ് ചെയ്യുമെന്നും ഷീ ജിങ് പിങ് മോദിയോട് പറഞ്ഞു. ചൈനയില്‍ നിന്ന് മാത്രം 1100 കോടി രൂപയാണ് ദംഗല്‍ വാരിയത്. വര്‍ഷത്തില്‍ 34 വിദേശ സിനിമകള്‍ റിലീസ് ചെയ്യാന്‍ മാത്രമാണ് നിലവില്‍ ചൈനീസ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. മോഡിയുടേയും ഷീ ജിങ് പിങിന്റേയും സിനിമ നയതന്ത്രം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക