Image

കൊച്ചിയില്‍ വിദേശ കപ്പല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച്‌ മൂന്ന്‌ പേര്‍ മരിച്ചു

Published on 11 June, 2017
കൊച്ചിയില്‍ വിദേശ കപ്പല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച്‌ മൂന്ന്‌ പേര്‍ മരിച്ചു


കൊച്ചി:  കൊച്ചിയില്‍ മത്സ്യബന്ധത്തിന്‌ പോയ ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്ന്‌ തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. കുളച്ചില്‍ സ്വദേശി തമ്പിദുരൈയും അസം സ്വദേശികളായ രണ്ടുപേരുമാണ്‌ മരിച്ചത്‌. ഇവരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്‌. 

ഞായറാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ബോട്ടില്‍ ഇടിച്ച ശേഷം കപ്പല്‍ നിര്‍ത്താതെ പോയി. പിന്നീട്‌ കോസ്റ്റ്‌ ഗാര്‍ഡ്‌ കപ്പല്‍ കണ്ടെത്തുകയായിരുന്നു. കപ്പല്‍ കസ്റ്റഡിയില്‍ എടുത്ത്‌ കൊച്ചി തീരത്തേക്ക്‌ കൊണ്ടുവരും. പനാമയില്‍ നിന്നുള്ള ചരക്കുകപ്പല്‍ ആംബര്‍ ആണ്‌ അപകടമുണ്ടാക്കിയത്‌. 

കപ്പല്‍ കോസ്റ്റ്‌ഗാര്‍ഡ്‌ കസ്റ്റഡിയിലെടുത്തു. വിദേശ കപ്പലിന്‍റെ കപ്പിത്താനെതിരേ നരഹത്യക്കു കേസ്‌ രജിസ്റ്റര്‍ ചെയ്യുമെന്ന്‌ കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ അറിയിച്ചു. മാരിടൈം നിയമപ്രകാരമുള്ള കുറ്റങ്ങളാണ്‌ വിദേശ കപ്പലിനെതിരേ ചുമത്തുന്നത്‌.

പുലര്‍ച്ചെ രണ്ടു മുപ്പതോടെയാണ്‌ പുതുവൈപ്പിനില്‍ നിന്നും 20 നോട്ടിക്കല്‍മൈല്‍ അകലെയാണ്‌ അപകടമുണ്ടായത്‌. രണ്ടു ദിവസം മുന്‍പ്‌ മത്സ്യബന്ധനത്തിന്‌ പോയ കാര്‍മല്‍ മാത എന്ന ബോട്ടാണ്‌ അപകടത്തില്‍പ്പെട്ടത്‌. കപ്പലുകള്‍ കടന്നു പോകുന്ന വഴിയില്‍ അല്ല ബോട്ട്‌ ഉണ്ടായിരുന്നതെന്ന്‌ തൊഴിലാളികള്‍ പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ 11 പേരും രക്ഷപ്പെട്ടു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക