Image

ഗൂര്‍ഖലാന്റിനായി ഡാര്‍ജലിങ്ങില്‍ അനിശ്ചിതകാല സമരത്തിന്‌ ആഹ്വാനം

Published on 11 June, 2017
ഗൂര്‍ഖലാന്റിനായി ഡാര്‍ജലിങ്ങില്‍ അനിശ്ചിതകാല സമരത്തിന്‌ ആഹ്വാനം


പ്രത്യേക ഗൂര്‍ഖലാന്റ്‌ സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്ന ഗൂര്‍ഖാലാന്റ്‌ ജനമുക്തി മോര്‍ച്ച(ജിജെഎം) ഡാര്‍ജലിങ്ങില്‍ അനിശ്ചിതകാല സമരത്തിന്‌ ആഹ്വാനം ചെയ്‌തു. വ്യാഴാഴ്‌ച്ച ജിജെഎമ്മിന്റെ നേതൃത്വത്തില്‍ പ്രത്യേക സംസ്ഥാനത്തിന്‌ വേണ്ടി 12 മണിക്കൂര്‍ നീണ്ട ഉപരോധസമരം നടത്തിയതിനു പിന്നാലെയാണ്‌ അനിശ്ചിതകാല സമരത്തിന്‌ ഗൂര്‍ഖാലാന്റ്‌ ജനമുക്തി മോര്‍ച്ച വീണ്ടും ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. സമരക്കാര്‍ക്ക്‌ തോട്ടം മേഖലയിലെ തൊഴിലാളികള്‍ പിന്തുണ പ്രഖ്യാപിച്ചു.

സമരത്തിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തിങ്കളാഴ്‌ച്ച അടച്ചിടും. ജില്ലാ പൊലീസ്‌ മേധവിയുടെ ഓഫീസും ജില്ലാ കളക്ടറുടെ ഓഫീസും തിങ്കളാഴ്‌ച്ച പ്രവര്‍ത്തിക്കില്ല. ഗൂര്‍ഖാലാന്റ്‌ സംസ്ഥാനം രൂപീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മോര്‍ച്ച ചീഫ്‌ ബിമല്‍ ഗുരുങ്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌ നാഥ്‌ സിങ്ങിന്‌ കത്തെഴുതി.

 സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെങ്കിലും പ്രദേശത്തെ സ്‌കൂളുകള്‍, ഹോട്ടലുകള്‍ മാര്‍ക്കറ്റുകള്‍ എന്നിവയ്‌ക്ക്‌ തടസം ഉണ്ടാകില്ല. ആഴ്‌ച്ചയില്‍ രണ്ട്‌ ദിവസം മാത്രമേ പ്രശ്‌ന പരിഹാരം ഉണ്ടാകുന്നത്‌ വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയുള്ളു. ശനിയാഴ്‌ച്ച പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ മോര്‍ച്ച സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്‌.

ബന്ധുകള്‍ നടത്തുന്നത്‌ നിയമവിരുദ്ധമാണെന്നും അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്‌ ഒരു വിട്ടുവീഴ്‌ച്ചയും ഉണ്ടാകില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഡാര്‍ജിലിങ്ങിലെ ജനങ്ങളോട്‌ മോര്‍ച്ച പ്രവര്‍ത്തകര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന്‌ ത്രിണമൂല്‍ കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറി ഗൗതം ദേബ്‌ പറഞ്ഞു.

സംസ്ഥാനത്ത്‌ ബംഗാളി ഭാഷ നിര്‍ബന്ധമാക്കാനുള്ള തീരുമാനം മമത ബാനര്‍ജി പ്രഖ്യാപിച്ചതോടെയാണ്‌ ഡാര്‍ജിലിങ്ങില്‍ ജിജിഎം സമരം ശക്തമായത്‌. ഡാര്‍ജിലിങ്ങിനെ തീരുമാനത്തില്‍ നിന്നൊഴിവാക്കിയെങ്കിലും മമത ബാനര്‍ജി ഇത്‌ എഴുതി നല്‍കാത്തത്‌ പ്രശ്‌നം കൂടുതല്‍ വഷളാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക