Image

ഒരു വൃദ്ധപ്രവാസിയുടെ സമ്മിശ്രചിന്തകള്‍ (തോമസ് കളത്തൂര്‍)

Published on 12 June, 2017
ഒരു വൃദ്ധപ്രവാസിയുടെ സമ്മിശ്രചിന്തകള്‍ (തോമസ് കളത്തൂര്‍)
""ഐ ലവ് യു, അപ്പച്ചാ''. കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരന്‍ കൊച്ചു മകന്റെ സ്‌നേഹപ്രകടനമായിരുന്നു. അപ്പച്ചനമ്മച്ചിമാരുടെ മനസ്സിനെ നെയ്‌പോലുരുക്കുന്ന വാക്കുകള്‍. ഒരു കപ്പലിന്റെ നങ്കൂരം പോലെ അത് ഹൃദയത്തിന്റെ ആഴത്തില്‍ തറഞ്ഞു നില്ക്കും. പിന്നീട്, "അമ്പിളി അമ്മാവനെ പിടിച്ചു തരാന്‍ പറ്റില്ലെന്ന്'' പറയുമ്പോള്‍ അപ്പച്ചനോട് നീരസപ്പെടും. ""യൂ ആര്‍ നോട്ട് മൈ അപ്പച്ച,'' എന്ന് കലമ്പിപ്പറയും. അപ്പച്ചനതു കേട്ട് തളര്‍ന്നു പോകുകയോ ശുണ്ഠിപിടിയ്ക്കുകയോ ഇല്ല, പൊട്ടിച്ചിരിയ്ക്കും. അത്രമാത്രം മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ അവരെത്തിക്കഴിഞ്ഞു. അവരെ പ്രതിഷ്ഠിച്ചു കഴിഞ്ഞു, മക്കള്‍ എത്തിയതിലും ആഴത്തില്‍.

അപ്പച്ചന് പുറകോട്ട് തിരിഞ്ഞു നോക്കാന്‍ ഒരവസരമായി. ഞാന്‍ എന്റെ അപ്പനോടും അപ്പച്ചനോടും എത്ര തവണ ""ഐ ലവ് യു അപ്പച്ചാ'' പറഞ്ഞിട്ടുണ്ട്. സത്യസന്ധമായി ഒരു തവണ പോലും ഉണ്ടായിട്ടില്ലാ. സ്‌നേഹമുണ്ടായിരുന്നു, തീര്‍ച്ചയായും. പക്ഷേ വാക്കുകളിലൂടെ അത് പ്രകടിപ്പിച്ചിട്ടില്ല. സ്‌നേഹമെല്ലാം അനുസരണയിലും ബഹുമാനത്തിലും ഒതുക്കി നിര്‍ത്തി. അവരുടെ സ്‌നേഹവും കരുതലും അനുഭവിച്ചു വളര്‍ന്നു വലുതായി. ജോലിയും കുടുംബവുമായി നാടുവിട്ടു. പിന്നീട് ശരിയായ രീതിയില്‍, മതിവരുവോളം , സ്‌നേഹവും, സാമീപ്യവും മാതാപിതാക്കള്‍ക്കു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് എന്റേയും ദുഃഖമാണ്. അവര്‍ സന്തോഷത്തോടും സന്തുഷ്ടിയോടും കടന്നു പോയി. എങ്കിലും "പുത്രന്‍' എന്ന ഞാന്‍ സംതൃപ്തനല്ല. മേല്പറഞ്ഞ ""സ്‌നേഹപ്രകടനം'' നടത്തിയിരുന്നെങ്കില്‍, അവരുടെ പ്രതികരണം മനസ്സില്‍ സൂക്ഷിക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. രോഗശയ്യയിലെ മാതാപിതാക്കള്‍ക്ക്, പണം ചിലവാക്കി സഹായികളെ ഏര്‍പ്പാടു ചെയ്താലും മക്കളുടെ സാമീപ്യത്തിന് അവര്‍ കൊതിച്ചു കാണും. ആഴ്ചകളുടെ ദൈര്‍ഘ്യം മാത്രമുള്ള അവധിയുമായി രോഗാതുരരായ മാതാപിതാക്കളുടെ അടുത്തെത്തുമ്പോള്‍, പകുതി മനസ്സ് കുടുംബത്തോടും ജോലിയോടുമൊത്തു മറുനാട്ടിലായിരിക്കും. പാവം മാതാപിതാക്കള്‍ക്കു ലഭിക്കുന്ന സ്‌നേഹവും കരുതലും, ധൃതിപിടിച്ച ആ പകുതി മനസ്സിന്റേതു മാത്രമായിരിക്കും. സാധാരണപോലെ സാഹചര്യത്തെ പഴിചാരാം. സ്‌നേഹപ്രകടനം നമ്മുടെ സംസ്കാരത്തിന് നിഷിദ്ധമായി ഇന്നും തുടരുകയാണ്. എല്ലാം മറയത്തേ ആകാവൂ. സ്‌നേഹവും പ്രണയവുമെല്ലാം . ഈ അസ്വതന്ത്രമായ മനസ്സും സംസ്കാരവും വൈകാരികമായ പല നഷ്ടങ്ങള്‍ക്കും കാരണമായി. ഞാന്‍ വീണ്ടും എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ്.

മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരിക്കാം. മറ്റു പലരേയും ആവശ്യങ്ങളില്‍ സഹായിച്ചിരിക്കാം. എങ്കിലും ജീവിതത്തില്‍ പൂര്‍ണ്ണതയുടെ വിള്ളലുകള്‍ നോവിപ്പിയ്ക്കുന്നു. ചെയ്യേണ്ടതു പലതും ചെയ്യാതെ പോയ കുറ്റബോധം. എന്നെ നടക്കാന്‍ പഠിപ്പിച്ചത് ഗോവിന്ദന്‍ അഥവാ തങ്കപ്പന്‍ എന്ന കൗമാരക്കാരനായിരുന്നു. എനിക്ക് പിടിച്ചു നടക്കാനായി തടികൊണ്ട് ഒരു വണ്ടി ഉണ്ടാക്കിത്തരാന്‍ ഗോവിന്ദനു കഴിഞ്ഞു. ഒരു ജ്യോഷ്ഠസഹോദരനെപ്പോലെ, വളരെ സ്‌നേഹവാത്സല്യങ്ങളോടെ എന്നോടു പെരുമാറി. യാതൊരു ലാഭേച്ഛയുമില്ലാതെ അദ്ദേഹവും കുടുംബവും തന്ന സ്‌നേഹവും മറക്കാനാവില്ല. എനിയ്ക്ക് പ്രായപൂര്‍ത്തി ആയിട്ടും, അദ്ദേഹത്തെ കാണാനോ തന്നതിലുപരി സ്‌നേഹം തിരികെ കൊടുക്കാനോ എനിക്ക് കഴിഞ്ഞില്ല എന്നത് ഒരു ദുഃഖസത്യമാണ്. അവര്‍ അയല്‍വക്കം വിട്ട് മറ്റൊരു സ്ഥലത്തേയ്ക്ക്, ദൂരേക്ക് മാറിപ്പോയി എന്നത് ഒരു കാരണമായി മാത്രം കരുതാം. പിന്നീട് അന്വേഷിച്ചു കണ്ടുപിടിയ്ക്കാന്‍ സാധിക്കാതെയുമായി. തിരിച്ചു കൊടുക്കാന്‍ സാധിക്കാത്ത സ്‌നേഹവും നന്ദിയും ഒരു വലിയ ഭാരമായി ഇന്നും മനസ്സില്‍ വിങ്ങുകയാണ് ഇതുപോലെ പലതും ഹൃദയത്തില്‍ കത്തുമ്പോള്‍ ഓര്‍ക്കുകയാണ്, ഈ ഭൂമിയെ സ്‌നേപൂര്‍ണ്ണമാക്കാന്‍ എനിക്ക് കിട്ടിയ അവസരങ്ങള്‍ ഞാന്‍ നഷ്ടപ്പെടുത്തിയല്ലോ എന്ന്. നമ്മുടെ സംസ്കാരത്തിനും, അതുണ്ടാക്കിയ ചേരിതിരിവുകള്‍ക്കും, ഉച്ഛനീചത്വങ്ങള്‍ക്കും എല്ലാം ഈ സ്‌നേഹനഷ്ടത്തിന് ഉത്തരവാദിത്വമുണ്ട്, ഞാന്‍ എന്ന വ്യക്തിയ്ക്കും.

""അപ്പച്ചാ! ഇതിന്റെ പാസ്‌വേര്‍ഡ് എന്താ ?""ടാബ്‌ല്റ്റു'' മായി, ഏഴുവയസ്സുകാരന്‍ കൊച്ചു മകന്റെ വരവാണ്. ഏതോ പുതിയ കളി ""ഡൗണ്‍ ലോഡ്'' ചെയ്യാനുള്ള പുറപ്പാടാണ്. ""അത് രഹസ്യമാണ്. പറയാനാവില്ലാ'' എന്ന അപ്പച്ചന്റെ മറുപടിയ്ക്കു മുമ്പില്‍, വെറുമൊരു സത്യം മാത്രം ഓര്‍മ്മപെടുത്തി, അപ്പച്ചനെ തോല്പിച്ചു കളഞ്ഞു. ""അപ്പച്ചാ! ഐയാം യുവര്‍ ഗ്രാന്‍ഡ് സണ്‍'' അതോടെ എല്ലാ രഹസ്യങ്ങളും അവന്റെ കാല്‍ച്ചുവട്ടില്‍ വയ്ക്കാന്‍ തോന്നിപ്പോയി. സ്‌നേഹത്തിനും വാത്സല്യത്തിനും മുമ്പില്‍ രഹസ്യങ്ങള്‍ അപ്രസക്തങ്ങളാണ്. വരാവുന്ന ചെറിയ ധനനഷ്ടമോര്‍ത്ത് മുള്ളുവേലികെട്ടുകള്‍ നിര്‍മ്മിച്ചാല്‍, ആ ഇളം മനസ്സിന്റെ സ്‌നേഹബന്ധത്തിലുള്ള വിശ്വാസത്തേയും പ്രതീക്ഷകളേയും തകര്‍ക്കുകയായിരിക്കും ചെയ്യുന്നത്. സ്‌നേഹത്തിനപ്പുറം മറ്റൊന്നില്ല. ഈ ജീവിതം തന്നെ, സ്‌നേഹം കൊടുത്തും വാങ്ങിച്ചും സന്തോഷിയ്ക്കാനുള്ളതാണ്, സന്തോഷത്താല്‍ നിറച്ച് ദുഃഖത്തെ അകറ്റണം. അതിന് തടസ്സമായേക്കാവുന്ന നമ്മുടെ പഴയ ധാരണകളും, അന്യോന്യമുള്ള ഭയങ്ങളും വെറുപ്പുകളും ദൂരെക്കളയാന്‍ സന്നദ്ധമാകണം. പള്ളിയില്‍ ""വിശുദ്ധസംസര്‍ഗ്ഗത്തിനായി മുട്ടുമടക്കുമ്പോള്‍പോലും, അകലങ്ങള്‍ സൃഷ്ടിയ്ക്കുന്നതു കാണാം. വ്യക്തിവൈരങ്ങള്‍ മാത്രമല്ല, ""ലിംഗവ്യത്യാസം,'' ഭയമായി, അകലമായി, സൂക്ഷിയ്ക്കുകയാണ്, ഈ 21-ാം നൂറ്റാണ്ടിലും സംസ്കാരസമ്പന്നമായ അമേരിക്കയിലും മലയാളികള്‍ പലരും, സ്വാമി വിവേകാനന്ദന്‍ ചൂണ്ടികാട്ടിയ ഭ്രാന്താലയത്തിലെ അന്തേവാസികളായി തുടരുകയാണ്. ലജ്ജാകരമായ ഈ പ്രവണത മനുഷ്യത്വത്തിന് നിരക്കുന്നതല്ല. ആണ്‍-പെണ്‍ ബന്ധങ്ങളില്‍ ""ലൈംഗീകത'' മാത്രമായി കാണരുത്. "സൗഹൃദം' മനുഷ്യത്വത്തിന്റെ പ്രത്യേകതയാണ്. അവനവന്റെ ""സ്‌പേസ്'' അഥവാ ""ഇടം'', സ്വന്തമായി തന്നെ സൂക്ഷിയ്ക്കാം. പക്ഷേ അകലങ്ങള്‍ സൃഷ്ടിയ്ക്കരുത്. അടുത്ത അടുത്ത ഇരിപ്പിടങ്ങളില്‍ മണിക്കൂറുകള്‍ സഞ്ചരിച്ചാലും, പരിചയപ്പടുകയോ സ്വയം പരിചയപ്പെടുത്തുകയോ ചെയ്യാതെയും, ഒരു ""ഹലോ'' പോലും പറയാതെയും ഇരിയ്ക്കുന്നത് കാടത്തത്തിലും പിന്നിലാണ്.

ഫോണ്‍ മുഴങ്ങുന്നു. ഒന്നും രണ്ടും വയസ്സുള്ള കൊച്ചുമക്കള്‍ മറ്റൊരു ദിക്കില്‍ നിന്നും വിളിയ്ക്കുകയാണ്. അപ്പനോ അമ്മയോ വിളിച്ച് കൊടുത്തതാകാം. അവര്‍ അന്യോന്യം മത്സരിച്ച് കൊണ്ട് എന്തൊക്കെയോ പറയുന്നു. വാക്കുകളില്ലാത്ത ശബ്ദങ്ങളില്‍ നിന്ന്.....""അപ്പച്ചാ.....അപ്പച്ചാ.....'' എന്നൊക്കെ ഞാന്‍ വായിച്ചെടുക്കുകയാണ്. ആ ശബ്ദങ്ങളില്‍ വാക്കുകള്‍ തേടുന്നതോടൊപ്പം അവരേയും എനിക്ക് കാണാന്‍ കഴിയുന്നു. അവരുടെ മുഖത്ത് സ്‌നേഹത്തിന്റെ പ്രകാശം കത്തി നില്പുണ്ട്. ആ പിഞ്ചു ഹൃദയങ്ങളിലെ സ്‌നേഹാവേശത്തിന്റെ ഊരും ചുടും ഞാനനുഭവിയ്ക്കുന്നു. ടെലിഫോണിനുവേണ്ടി രണ്ടുപേരും മല്ലിടുന്നതിനിടയില്‍ ടെലഫോണ്‍ ബന്ധം നിലച്ചു പോകുന്നു. വാക്കുകള്‍ കൂടാതെയും സംസാരിക്കാം. മനസ്സും വികാരവും മാത്രം മതി, ശബ്ദങ്ങളുടെ പൊരുളു തിരിയ്ക്കാന്‍ ആ ശബ്ദങ്ങള്‍, ഈണത്തില്‍ ഒരു മഹാകാവ്യം ചൊല്ലികേട്ട പ്രതീതിയാണ് എന്നില്‍ ഉളവാക്കിയത്.

ജീവിതത്തിലെ, പഴയ ഏടുകളില്‍ തങ്ങി നിന്ന കുറ്റബോധത്തിന്റേയും ദുഃഖത്തിന്റേയും മുറിപ്പാടുകളില്‍ സാന്ത്വനത്തിന്റെ മയക്കു മരുന്നുമായി എത്തിയ എന്റെ നാലു കൊച്ചുമക്കളേയും ഞാന്‍ മനസ്സില്‍ നിറച്ചു. വാര്‍ദ്ധക്യത്തിന്റെ കെടുതികളിലും, ഉത്സാഹത്തോടും സന്തോഷത്തോടും ജീവിതത്തെ തുഴഞ്ഞ് മുന്നോട്ടു കൊണ്ടു പോകുവാന്‍, ഈശ്വരന്‍ തരുന്ന അത്ഭുതവിളക്കുകളാണ്, മാന്ത്രികചെപ്പുകളാണ് ''കൊച്ചുമക്കള്‍'' എന്ന് ഏതൊരു വല്യപ്പച്ചന്മാരും, വല്യമ്മച്ചിമാരും ഐക്യകണ്‌ഠ്യേന സമ്മതിയ്ക്കില്ലേ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക