Image

കോച്ചുകള്‍ ഉരുളാന്‍ തുടങ്ങുമ്പോള്‍ ഭ്രഷ്ടമാക്കപ്പെട്ട തച്ചനും പണിക്കാരും...

അനില്‍ പെണ്ണുക്കര Published on 15 June, 2017
കോച്ചുകള്‍ ഉരുളാന്‍ തുടങ്ങുമ്പോള്‍ ഭ്രഷ്ടമാക്കപ്പെട്ട തച്ചനും പണിക്കാരും...
ഒടുവില്‍ പ്രധാനമന്ത്രിക്കൊപ്പം മെട്രോമാന്‍ ഇ ശ്രീധരനും കൊച്ചി മെട്രോ ഉത്ഘാടനവേദിയില്‍ ഉണ്ടാകും .

വൈകിയെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അങ്ങനെ ഒരു തീരുമാനം കൂടി എടുത്തു മാതൃകയായി.ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വരെ പരിഗണിക്കുന്ന ഇ . ശ്രീധരന്‍ ഒരു സാധാരണക്കാരനല്ല .

ഭാരതം കണ്ട മികച്ച എഞ്ചിനീയറാണ് അദ്ദേഹം .ഒരു രാജ്യത്തിന്റെ വികസന ശില്പികളില്‍ ഒരാള്‍ .അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഓഫിസ് തിരിച്ചറിഞ്ഞില്ല എന്ന് പറയുന്ന ന്യായം ഒരാളുപോലും അംഗീകരിക്കില്ല .

കാരണം മെട്രോമാന്‍ എന്ന പേര് മലയാളികളുടെ മനസ്സില്‍ മാത്രമല്ല ഓരോ ഭാരതീയന്റെയും മനസ്സില്‍ പകല്‍പോലെ പതിഞ്ഞ പേരാണ് .നൂറോളം ചെറുതും വലുതുമായ പുരസ്‌കാരങ്ങള്‍ തേടിവന്ന അദ്ദേഹത്തിന് 2001ല്‍ ലഭിച്ച പദ്മശ്രീയും 2002 ലെ ടൈംസ് ഓഫ് ഇന്ത്യയുടെ മാന്‍ ഓഫ് ദി ഈയര്‍ പുരസ്‌കാരവും ,2003 ലെ ടൈം മാഗസിന്റെ വണ്‍ ഓഫ് ഏഷ്യാസ് ഹീറോ പുരസ്‌കാരവും, 2005 ലെ ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയാര്‍ ഡിലിയേജന്‍ ഡി ഓണര്‍ ശ്രേഷ്ട പദവിയും ,ഡല്‍ഹി ഐ ഐ ടി നല്‍കിയ ഡോക്ടര്‍ ഓഫ്‌സയന്‍സ് ആദരവും ,2008 ലെ പദ്മ വിഭൂഷണും ഒന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിഞ്ഞിരുന്നില്ല എന്ന് അരിയാഹാരം കഴിക്കുന്ന ഇന്‍ഡ്യാക്കാര്‍ക്കു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

മെട്രോയുടെ ഉത്ഘാടനത്തിനു കേരളത്തില്‍ നിന്നും അയച്ച ലിസ്റ്റില്‍ വേദിയില്‍ ഇരിക്കുന്നവരുടെ കൂട്ടത്തില്‍ ഇ ശ്രീധരന്റെ പേരുണ്ടായിരുന്നില്ല എന്നും ചിലര്‍ പറയുന്നുണ്ട്.രണ്ടായാലും അദ്ദേഹത്തോട് കാട്ടിയതു അനീതിയായി പ്പോയി.കേരളജനത ആഗ്രഹിച്ചിരുന്ന ഒരു സുവര്‍ണ്ണ നിമിഷത്തില്‍ ഒരു കല്ലുകടി.

മലയാളികളുടെ മുഴുവന്‍ അഭിമാനവും, കൊച്ചി മെട്രോയുടെ പ്രധാന സൂത്രധാരനുമായ ഇ. ശ്രീധരന്‍ ഉല്‍ഘാടന വേദിയില്‍ കയറിയാല്‍ സുരക്ഷാ പ്രശ്‌നമുണ്ടാവുമെന്നോ ? അലവലാതി രാഷ്ട്രീയക്കാര്‍ കയറുന്നതിലും എത്രയോ അന്തസ്സുണ്ട് നമ്മുടെ സ്വന്തം ശ്രീധരന്‍ സാര്‍ ആ വേദിയില്‍ നില്‍ക്കുമ്പോള്‍?
അത് മുഴുവന്‍ മലയാളികളുടേയും അഭിമാനപ്രശ്‌നമാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പിന്നെ ശ്രീധരനും മാത്രമേ വേദിയില്‍ കയറേണ്ടതുള്ളൂ. 

 ശ്രീധരന്‍ സാര്‍ സുരക്ഷയ്ക്കു ഭീഷണിയാണെങ്കില്‍ അദ്ദേഹം നിര്‍മ്മിച്ച മൊത്തം മെട്രോയും സുരക്ഷയ്ക്കു ഭീഷണിയാവേണ്ടതല്ലേയെന്നും ചോദ്യങ്ങള്‍ ഉയരുന്നു.എന്തിന്റെ പേരില്‍ ആണെങ്കിലും ആരാണ് ആ തീരുമാനം എടുത്തത് എങ്കിലും ശരിയല്ല. എന്നാല്‍ ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ പദ്ധതിക്ക് തുടക്കമിട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിളിക്കുക എന്നത് . മുഖ്യമന്ത്രി പിണറയി വിജയന്‍ കഴിഞ്ഞാല്‍ കഴിഞ്ഞാല്‍ അടുത്ത പ്രാധാന്യം നല്‍കേണ്ടത് അദ്ദേഹത്തിന് തന്നെ.

അതും നടന്നില്ല. രണ്ടു ദിവസമായി നടക്കുന്ന ഇരിപ്പിട ചര്‍ച്ചകളില്‍ ഇന്നെങ്കിലും മെട്രോയുടെ ശില്‍പ്പിക്കു ഉല്‍ഘാടന വേദിയില്‍ ഇരിക്കുവാന്‍ ഒരവസരം കൊടുത്തതില്‍ കേരളം മുഖ്യമന്ത്രി പിണറായി വിജയനോടും ,പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കടപ്പെട്ടിരിക്കും .
കോച്ചുകള്‍ ഉരുളാന്‍ തുടങ്ങുമ്പോള്‍ ഭ്രഷ്ടമാക്കപ്പെട്ട തച്ചനും പണിക്കാരും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക