Image

വിമാനക്കമ്പനി ജീവനക്കാരോട്‌ അപമര്യാദ: തെലുങ്കുദേശം എംപി ദിവാകര്‍ റെഡ്ഡിക്ക്‌ ആറ്‌ വിമാനക്കമ്പനികളുടെ വിലക്ക്

Published on 16 June, 2017
വിമാനക്കമ്പനി ജീവനക്കാരോട്‌ അപമര്യാദ:  തെലുങ്കുദേശം എംപി ദിവാകര്‍ റെഡ്ഡിക്ക്‌ ആറ്‌ വിമാനക്കമ്പനികളുടെ വിലക്ക്


വിശാഖപട്ടണം : വിമാനക്കമ്പനി ജീവനക്കാരോട്‌ അപമര്യാദയായി പെരുമാറിയ തെലുങ്കുദേശം പാര്‍ട്ടി എംപി ദിവാകര്‍ റെഡ്ഡിക്ക്‌ ആറ്‌ വിമാനക്കമ്പനികള്‍ വിലക്ക്‌ ഏര്‍പ്പെടുത്തി. നേരത്തെ വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ, എയര്‍ ഇന്ത്യാ കമ്പനികള്‍ക്ക്‌ പുറമെ സ്‌പെയ്‌സ്‌ ജെറ്റ്‌, ഗോഎയര്‍, ജെറ്റ്‌ എയര്‍വെയ്‌സ്‌, വിസ്‌താര എന്നീ കമ്പനികള്‍കൂടിയാണ്‌ റെഡ്ഡിക്ക്‌ വിലക്കേര്‍പ്പെടുത്തിയത്‌.

വിശാഖപട്ടണം വിമാനത്താവളത്തില്‍ ഇന്‍ഡിഗോയുടെ രാവിലെ 8.10 നുള്ള വിമാനത്തില്‍ പോകാനായി കൗണ്ടറിലെത്തിയ ദിവാകര്‍ റെഡ്ഡിയോട്‌ ബോര്‍ഡിങ്‌ കഴിഞ്ഞതായി ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന്‌ ദേഷ്യപ്പെട്ട്‌ അദ്ദേഹം ജീവനക്കാരനെ പിടിച്ചുതള്ളുകയായിരുന്നു. കൗണ്ടറിലെ പ്രിന്ററും നിലത്തെറിഞ്ഞു തകര്‍ത്തു. ഇതേ തുടര്‍ന്ന്‌ ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ഇയാള്‍ക്ക്‌ കഴിഞ്ഞ ദിവസംതന്നെ യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു.

വ്യോമയാന മന്ത്രി അശോക്‌ ഗജപതി രാജുവിന്റെ തെലുഗുദേശം പാര്‍ട്ടിയിലെ അംഗമാണ്‌ റെഡ്ഡി. കഴിഞ്ഞവര്‍ഷം, എത്തുന്നതിനുമുമ്പ്‌ വിമാനം പുറപ്പെട്ടതിന്റെപേരില്‍ വിജയവാഡയിലെ ഗന്നവാരം എയര്‍പോര്‍ട്ടില്‍ എയര്‍ഇന്ത്യ ഓഫീസ്‌ റെഡ്ഡി തകര്‍ത്തിരുന്നു.

ഈ വര്‍ഷം ആദ്യം ശിവസേന എം പി രവീന്ദ്ര ഗെയ്‌ക്ക്‌വാദ്‌ എയര്‍ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ചതിനെത്തുടര്‍ന്ന്‌ ഏതാനുംനാള്‍ യാത്രാവിലക്ക്‌ നേരിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക