Image

യഥോ ധര്‍മ്മ.. (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 16 June, 2017
യഥോ ധര്‍മ്മ.. (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
ആര്‍ഷഭാരതമെന്നര്‍ത്ഥവ്യാപ്തിക്കുമേല്‍
ഈര്‍ഷ്യയെന്തേ,നിനക്കിന്നു സോദരാ?
ദോഷൈകദൃക്കായിടാനെളുപ്പം ചിലര്‍
ക്കെന്നുറപ്പിക്കുന്നുരയ്ക്കുന്ന വാക്കുകള്‍.

ചേര്‍ന്നുപാര്‍ക്കാം; നമുക്കടരാടിടാതെയീ
യിടനെഞ്ചു തുടികൊണ്ടിടുന്നപോലീവിധം;
ശ്രുതിചേര്‍ന്നൊരേശബ്ദമായിടാനറിവിന്റെ
യാകാശമകമേ തെളിച്ചുയര്‍ത്താം സ്വയം.

ചതിപൂണ്ട ചിന്തയാലിതരസ്വപ്നങ്ങള്‍ക്കു,
മൃതിയേകിടാന്‍ മടിക്കാതെയായ് പലരുമീ,
നിറമറ്റലോകംവിധിക്കു;ന്നുണര്‍ന്നുകൊള്‍
കിതര ഹൃദയാകാശമിരുളാതിരിക്കുവാന്‍.

സൂര്യസമാനമായിവിടെ യുവചിന്തകള്‍
ക്കര്‍ത്ഥമുണ്ടാകട്ടെ;യാര്‍ദ്രമായ്,ത്തീരട്ടെ!
നിസ്വാര്‍ത്ഥചിന്തോദയങ്ങളായ് പരിണമി
ച്ചപരര്‍ക്കുണര്‍വ്വേകിടാം: വരികയീക്ഷണം.

ക്ഷമിക്കാന്‍പഠിക്കാമൊരിക്കലിഹ മാനവര്‍
പാരില്‍പ്പകര്‍ന്നതാം സവിശേഷമാം നയം;
നെഞ്ചോടുചേര്‍ത്തുകൊണ്ടാകട്ടെ മേലിലും
തുലനംനടത്തേണ്ടതെന്നതെന്‍ കവിമതം.

വേദേതിഹാസ വാതായനങ്ങള്‍ പുതിയ
കാഴ്ചകള്‍പ്പകരുന്നതറിയാത്ത ജീവിതം;
വ്യര്‍ത്ഥമെന്നറികനാ,മുപരിയി,ന്നുള്‍ത്തടം
ശക്തമാക്കാന്‍ ഗ്രഹിക്കാം: മഹിതഭാരതം!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക