Image

കല കുവൈറ്റ് 'നോട്ട് ഇന്‍ മൈ നെയിം' കാന്പയിന്‍ ആറിന്

Published on 01 July, 2017
കല കുവൈറ്റ് 'നോട്ട് ഇന്‍ മൈ നെയിം' കാന്പയിന്‍ ആറിന്
   കുവൈത്ത്‌സിറ്റി: ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന സംഘപരിവാര്‍ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കല കുവൈറ്റിന്റെ നേതൃത്വത്തില്‍ 'നോട്ട് ഇന്‍ മൈ നെയിം' കാന്പയിന്‍ സംഘടിപ്പിക്കുന്നു. ജൂലൈ ആറിന് (വ്യാഴം) വൈകുന്നേരം ഏഴിന് അബാസിയ പ്രവാസി ഓഡിറ്റോറിയത്തിലാണ് പരിപാടി. 

ഗോ സംരക്ഷണത്തിന്റെ പേരിലും മറ്റും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ഗീയ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരായുള്ള പ്രതിഷേധത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊതുപ്രവര്‍ത്തകരും കലാസാംസ്‌കാരിക പ്രവര്‍ത്തകരും സാധാരണക്കാരും വിദ്യാര്‍ഥികളും യുവജനങ്ങളും മാധ്യമപ്രവര്‍ത്തകരും പങ്കുചേര്‍ന്നു. അന്താരാഷ്ട്ര തലത്തിലും പ്രതിഷേധങ്ങളും ഉയര്‍ന്നു വരികയാണ്. 

ഗോസംരക്ഷണത്തിന്റെ മറവില്‍ ദളിത് വിഭാഗത്തിനെതിരെയും സംഘപരിവാറിന്റെ ആക്രമണം ശക്തിപ്പെട്ടിട്ടുണ്ട്. ഇത്തരം അനീതികള്‍ക്കെതിരെ പ്രവാസി സമൂഹത്തിന്റെ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും മതനിരപേക്ഷത കാത്ത് സൂക്ഷിക്കുന്ന എല്ലാവരും മനുഷ്യനായി ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള ബഹുജന കൂട്ടായ്മയില്‍ പങ്ക് ചേരണമെന്നും കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ.സജി, ആക്ടിംഗ് പ്രസിഡന്റ് കെ.വി.നിസാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക