Image

തൊണ്ടിമുതലും ദൃക്‌സാക്ഷിയും: വീണ്ടുമൊരു കിടിലന്‍ പടം

ആശാ എസ്. പണിക്കര്‍ Published on 03 July, 2017
  തൊണ്ടിമുതലും ദൃക്‌സാക്ഷിയും: വീണ്ടുമൊരു കിടിലന്‍ പടം
ദിലീഷ് പോത്തന്റെ സിനിമയ്ക്ക് ഒരു ലാളിത്യമുണ്ട്. തികച്ചും റിയലിസ്റ്റിക്കായ ചിത്രമായിരിക്കും അത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ തന്നെ ലളിതസുന്ദരമായ ഒരു പ്രമേയം എങ്ങനെ മനോഹരമായി കോര്‍ത്തിണക്കാം എന്ന് തെളിയിച്ച സംവിധായകനാണ് അദ്ദേഹം. അതുകൊണ്ടു തന്നെയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം കാണാന്‍ പോയത്. ഒട്ടും നിരാശപ്പെടുത്തിയില്ല, എന്നു മാത്രമല്ല, അവിസ്മരണീയമായ ഒരു കാഴ്ചാനുഭവമാക്കി ദിലീഷ് ഈ ചിത്രത്തെ മാറ്റിയിരിക്കുന്നതായി മനസിലാക്കാനും കഴിയും.

;ചിത്രത്തിന്റെ ടൈറ്റിലില്‍ തന്നെയുണ്ട് കഥയുടെ രൂപം. ഒരു മോഷണവും തൊണ്ടിമുതലും ആ സംഭവത്തിന്റെ ദൃക്‌സാക്ഷിയുമാണ് കഥയിലെ പ്രമേയം. ഈ ത്രഡിനെയാണ് അതിസുന്ദരമായി ദിലീഷ് പോത്തന്‍ വികസിപ്പിച്ചിട്ടുള്ളത്. മോഷണം തെളിയിക്കാന്‍ പോലീസുകാരും പരാതിക്കാരും പെടാപ്പാടു പെടുന്നിടത്താണ് സിനിമയുടെ രസം മുഴുവന്‍.

ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ടു സഞ്ചരിക്കുന്നത്. ഒരു പോലീസ് സ്റ്റേഷനാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. കഥാപാത്രങ്ങള്‍ തികച്ചും സ്വാഭാവികതയുള്ളവര്‍ തന്നെ. നായകസ്ഥാനത്തു വരുന്ന രണ്ടു പേര്‍ ഫഹദും സുരാജും. റണ്ടു പേരും തകര്‍ത്തഭിനയിച്ച സിനിമയാണിത് എന്നു നിസംശയം പറയാം. പുതുമുഖ നായികനിമിഷ, വെട്ടുകിളി പ്രകാശ്, അലന്‍സിയര്‍ എന്നിവരും കൈയ്യടി നേടുന്നു. സിനിമയില്‍ യഥാര്‍ത്ഥ പോലീസുകാരും അഭിനയിക്കുന്നുണ്ട്. വളച്ചുകെട്ടില്ലാത്ത നര്‍മം നിറഞ്ഞ സംഭാഷണങ്ങള്‍ ചിത്രത്തിന്റെ പ്‌ളസ് പോയിന്റാണ്. ഗ്രാമീണ തനിമയുള്ള നായിക. നിയമം, അതിന്റെ വളച്ചൊടിക്കല്‍, പോലീസുകാരുടെ നിസഹായത, പരാതികളെ വഴിതിരിച്ചുവിടുന്ന ചില പോലീസുകാര്‍ക്കുള്ള മറുപടി ഇതെല്ലാമായി ചിത്രത്തെ വിശേഷിപ്പിക്കാം.

സജീവ് പാഴൂര്‍ കഥയും തിരക്കഥയും എഴുതിയചിത്രം ദിലീഷ് പോത്തനെക്കൊണ്ടു സംവിധാനം ചെയ്യിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടും നന്നായി എന്ന് സിനിമ കണ്ടിറങ്ങുമ്പോള്‍ മനസിലാകും. ഉപകഥാപാത്രങ്ങള്‍ പോലും വളരെ ശക്തമാണ് ഈ സിനിമയില്‍. ഉര്‍വശി തിയേറ്ററിന്റെ ബാനറില്‍ എത്തിയ ചിത്രത്തില്‍ രാജീവ് രവിയാണ് ഛായാഗ്രഹണം. ഗ്രാമീണഭംഗിയുടെ വശ്യത ഓരോ ഫ്രെയിമിലും പകര്‍ത്താന്‍ അദ്ദേഹതത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ആദ്യഗാന ചിത്രീകരണം വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഏതായാലും വളരെ ആസ്വദിച്ചും ആഹ്‌ളാദിച്ചും കാണാന്‍ കഴിയുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

  തൊണ്ടിമുതലും ദൃക്‌സാക്ഷിയും: വീണ്ടുമൊരു കിടിലന്‍ പടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക