Image

നേഴ്‌സുമാരുടെ സമരത്തിന് കാനായുടെ പിന്തുണ

ജോസ് കല്ലിടുക്കില്‍, ചിക്കാഗോ Published on 04 July, 2017
നേഴ്‌സുമാരുടെ സമരത്തിന് കാനായുടെ പിന്തുണ
പരിമിതമായ സൗകര്യങ്ങളോടു കൂടിയെങ്കിലും ജീവിയ്ക്കുന്നതിനായി വേണ്ടിയ ശമ്പളം ലഭിയ്ക്കുന്നതിനായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജൂലൈ 1 ശനിയാഴ്ച പ്രസിഡന്റ് സാലു കാലായിലിന്റെ അദ്ധ്യക്ഷതയില്‍ ചിക്കാഗോയില്‍ ചേര്‍ന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ നേഴ്‌സിംഗ് സമരത്തിന് അനുകൂലമായി സെക്രട്ടറി ലൂക്കോസ് പാറേട്ട് അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേന പാസ്സാക്കി.

കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെയും ഇതര തൊഴിലില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവരുടെയും ശമ്പളവും സേവന വ്യവസ്ഥയും തികച്ചും അപഹാസ്യകരമാണെന്ന് പ്രമേയത്തില്‍ സെക്രട്ടറി ലൂക്കോസ് പാറേട്ട് വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ താഴെക്കിടയിലുള്ള തൊഴിലാളിയുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിട്ടുള്ളത് പ്രതിമാസം 17000 രൂപയായിട്ടാണ്. ഇതര അലവന്‍സുകളും ഉദാരമായ ആനുകൂല്യങ്ങളും വേറെയും. നിശ്ചിത വിദ്യാഭ്യാസമോ, വേണ്ടത്ര അനുഭവമോ ഇല്ലാത്ത ഹോം നേഴ്‌സിന് സൗജന്യ ഭക്ഷണത്തിനും, താമസസൗകര്യത്തിനും പുറമേ 12000 ലധികം രൂപ പ്രതിമാസ ശമ്പളം ലഭിയ്ക്കുമ്പോള്‍, 16 വര്‍ഷത്തിലധികം വിദ്യാഭ്യാസവും, ഒരു വര്‍ഷത്തിലധികം തൊഴിലില്‍ പരിശീലനവും ലഭിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് ലഭിയ്ക്കുന്ന ശമ്പളം പ്രതിമാസം തുച്ഛമായ 10000 രൂപയോ അതില്‍ കുറവോ ആണെന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ഇവരില്‍ പലരും ആഴ്ചയില്‍ 72 മണിക്കൂര്‍ വരെ മതിയായ വിശ്രമം പോലും കൂടാതെ നിരവധി രോഗികളെ പരിചരിയ്ക്കുവാന്‍ നിര്‍ബന്ധിതരാകുന്നുണ്ടന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

ഭൂമിയിലെ മാലാഖമാര്‍ എന്ന് വിശേഷിയ്ക്കപ്പെടുന്ന നേഴ്‌സുമാരുടെ കാരുണ്യസ്പര്‍ശം നാമെല്ലാവരും അനുഭവിച്ചിട്ടുണ്ടെന്ന് പ്രമേയം സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റത്തിലും, സമര്‍ദ്ധമായ മലയാളി സമൂഹത്തിന്റെ ഇവിടുത്തെ ജീവിത സാഹചര്യത്തിലും നേഴ്‌സുമാരുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് പ്രമേയം വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് മാന്യമായൊരു ശമ്പള വര്‍ദ്ധനവ് നല്‍കി നേഴ്‌സുമാരുടെ സമരം അവസാനിപ്പിയ്ക്കാന്‍ സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് യോഗം കേരള സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ നേഴ്‌സിംഗ് സഹോദരങ്ങളുടെ അതിജീവനത്തിനായുള്ള ഈ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശക്തിപകരുവാന്‍ അമേരിക്കയിലെ വിവിധ സാമൂഹ്യ, സാംസ്‌കാരിക തൊഴിലധിഷ്ഠിത സംഘടനകള്‍ മുന്നോട്ട് വരണമെന്ന് കാനാ അഭ്യര്‍ത്ഥിച്ചു.

ജോസ് കല്ലിടുക്കില്‍, ചിക്കാഗോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക