Image

നടിയെ പീഡിപ്പിക്കല്‍: അറസ്റ്റ് 100 ശതമാനം തെളിവുകള്‍ കിട്ടിയശേഷമെന്ന് പോലീസ്‌

Published on 05 July, 2017
നടിയെ പീഡിപ്പിക്കല്‍: അറസ്റ്റ് 100 ശതമാനം തെളിവുകള്‍ കിട്ടിയശേഷമെന്ന് പോലീസ്‌
കൊച്ചി: നടി ക്രൂരമായ അതിക്രമത്തിന് വിധേയമായ കേസില്‍ പ്രമുഖരുടെ അറസ്റ്റ് 100 ശതമാനം തെളിവുകള്‍ കിട്ടിയ ശേഷമേ ഉണ്ടാവൂ എന്ന് പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കി. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ പുതിയ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുള്ളത്. വിവിധ സി.ഐ മാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ വീതിച്ച് നല്‍കിയിട്ടുണ്ട്. ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനായി പോലീസ് പുതിയ ചോദ്യാവലി തയാറാക്കുന്നുണ്ട്. കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉതകുന്ന ചോദ്യങ്ങളായിരിക്കും ഇവയത്രേ. കേസിന്റെ അന്വേഷണ ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപാണ് ചോദ്യാവലി തയ്യാറാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. സി.ബി.ഐ പരിശീലനം ലഭിച്ചിട്ടുള്ള മിടുക്കനായ അന്വേഷണ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ദിനേന്ദ്ര കശ്യപിന്റെ ഇടപെടല്‍ യഥാര്‍ത്ഥ പ്രതികളെ കുടുക്കാന്‍ പര്യാപ്തമാവുമെന്നാണ് കരുതുന്നത്.

ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഇന്ന് അറസ്റ്റ് ചെയ്യുകയും, കോടതി പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തത് നിര്‍ണായകമാണ്. അഞ്ച് ദിവസത്തേയ്ക്കാണ് കോടതി സുനിയെ വിട്ടു നല്‍കിയത്. നടിയെ ആക്രമിച്ചതിന് പിന്നാലെ സുനി താമസിച്ച കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കണമെന്ന് പോലീസ് നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. പള്‍സര്‍ സുനി ജയിലില്‍ വച്ച് ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ കണ്ടെത്തിയതോടെ കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്തിമ വിവരങ്ങള്‍ പോലീസിന് കിട്ടിയിരുന്നു. സുനി ജയിലില്‍ വച്ച് തുടര്‍ച്ചയായി നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ഫോണില്‍ വിളിക്കുമായിരുന്നു എന്ന സഹതടവുകാരന്‍ ജിന്‍സന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. പോലീസിന് ലഭിച്ച ദൃശ്യത്തില്‍ ജിന്‍സനെയും വ്യക്തമായി കാണാമെന്നാണ് സൂചന. ജിന്‍സന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ജയിലില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഹൈടെക് സെല്ലിലെ വിദഗ്ധരും ചേര്‍ന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് പരിശോധിച്ചത്. ഇതോടെ കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ ശക്തമായ മറ്റൊരു തെളിവുകൂടി പോലീസിന് ലഭിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നടന്‍ ദിലീപ്, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരെ വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിത്. ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് തള്ളിക്കളഞ്ഞു. അതോടൊപ്പം തന്നെ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും ഇദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എസ്.പി അറിയിച്ചു. ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. കേസിന്റെ നിലവിലെ സ്ഥിതിഗതികള്‍ വിശദമായി യോഗം വിശകലനം ചെയ്തു. സംഭവത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചന കൃത്യമായി തെളിയിച്ചശേഷം അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടന്നാല്‍ മതിയെന്നായിരുന്നു യോഗത്തിലെ പ്രധാന നിര്‍ദ്ദേശം. 

ഇതിനിടെ, കേസില്‍ നടി കാവ്യ, അമ്മ ശ്യാമള എന്നിവരുടെ പങ്കിനെക്കുറിച്ച് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും ഇരുവരെയും ചോദ്യം ചെയ്തേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നു. ദിലീപും നാദിര്‍ഷയും കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന സൂചനകളും ശക്തമായി. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരുമെന്നും പമുഖ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. കേസില്‍ യുവനടി മൈഥിലിക്ക് ബന്ധമുണ്ടെന്നും കേട്ടു. എന്നാല്‍ താന്‍ മുന്‍കൂര്‍ ജാമ്യം തേടാനുള്ള നടപടികളിലാണെന്ന റിപ്പോര്‍ട്ട് ദിലീപ് നിഷേധിച്ചു. ദിലീപിനോടും നാദിര്‍ഷയോടും ജില്ലവിട്ട് പോകരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കയതായാണ് വിവരം. കേസില്‍ രണ്ടു ദിവസത്തിനകം നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ വന്‍ സ്രാവുകള്‍ ഉണ്ടെന്ന് ഇന്നലെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ പള്‍സര്‍ സുനി പറഞ്ഞു. വമ്പന്‍ സ്രാവുകളുടെ പേരുകള്‍ രണ്ട് ദിവസത്തിനകം വെളിപ്പെടുത്തും എന്നാണ് ഇന്ന് പള്‍സര്‍ സുനിയുടെ കമന്റ്. ഇതോടെ, എല്ലാ കണ്ണുകളും ഇപ്പോഴും ദിലീപിലേക്ക് തന്നെയായി. എന്നാല്‍ പരിപൂര്‍ണമായ ആത്മവിശ്വാസമാണ് ദിലീപ് പ്രകടിപ്പിക്കുന്നത്. ദിലീപിനെ കേസുമായി ബന്ധിപ്പിക്കാവുന്ന വിവരങ്ങള്‍ ഇതുവരെ പോലീസിന് ലഭിച്ചിട്ടുമില്ല. മിമിക്രി താരവും സിനിമ നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചതും ഇന്നത്തെ ബ്രേക്കിങ് ന്യൂസായി. നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴിയെടുക്കാനാണ് ധര്‍മനെ വിളിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡി.വൈ.എസ്.പി വിളിച്ചിട്ടാണ് പോലീസ് ക്ലബ്ബില്‍ എത്തിയത് എന്നാണ് ധര്‍മജന്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിനെയും അന്വേഷണസംഘം വിളിപ്പിച്ചു.   മൊഴിയെടുക്കാനാണ് അനൂപിനെ വിളിപ്പിച്ചതെന്ന് സൂചന. ആലുവ പോലീസ് ക്ലബിലാണ് അനൂപ് എത്തിയത്. നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ പോലീസ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യുന്നത്. 

കൊച്ചിയില്‍ അമ്മയുടെ ജനറല്‍ ബോഡിയോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുലിവാലു പിടിച്ച നടന്‍ ഇന്നസെന്റ് നിവര്‍ത്തിയില്ലാതെ ഇപ്പോള്‍ മാപ്പപേക്ഷയുമായി രംഗത്തു വന്നിരിക്കുകയാണ്.  വാര്‍ത്താ സമ്മേളനത്തില്‍ നടന്മാരായ മുകേഷും ഗണേഷ് കുമാറും നടത്തിയ പെരുമാറ്റം മോശമായി പോയെന്ന് സംഘടനയുടേ അധ്യക്ഷന്‍ ഇന്നസെന്റ് പറഞ്ഞു. താരങ്ങളുടെ പെരുമാറ്റം കണ്ട് താന്‍ അന്തം വിട്ടു പോയത്രേ. ''ആവേശം കൊണ്ടാണ് അവര്‍ ബഹളം വെച്ചത്. എന്നാലും ഇരുവരുടെയും പെരുമാറ്റം എന്റെ പ്രതിച്ഛായയും മോശമാക്കി. വാര്‍ത്താ സമ്മേളനത്തിനിടെ മാദ്ധ്യമപ്രവര്‍ത്തകരെ കൂകിവിളിച്ച താരങ്ങളുടെ പെരുമാറ്റം വളരെ മോശമായിപ്പോയി. അതിന് ഞാന്‍ മാപ്പു ചോദിക്കുന്നു. അമ്മയുടെ പ്രസിഡന്റ് സ്ഥാനം നിലവില്‍ രാജി വയ്ക്കില്ല, ചില കടമകള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ട്...'' തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംസാരത്തിനിടെ ഇന്നസെന്റിന്റെ ഭാഗത്തുനിന്ന് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും കടന്നുവന്നു. നടി ആക്രമിക്കപ്പെട്ട കാര്യം ചര്‍ച്ച ചെയ്തിട്ട് എന്ത് കാര്യം എന്നാണ് ഇന്നസെന്റ് ചോദിച്ചത്. അതില്‍ മാത്രം ഒതുങ്ങുന്നില്ല കാര്യങ്ങള്‍. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള ചോദ്യത്തിന് ഇന്നസെന്റ് നല്‍കിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. നടി മോശക്കാരിയാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്നിരിക്കും എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്. ഇരയായ നടിയെ വീണ്ടും അപമാനിക്കുന്ന രീതിയില്‍ ഫേസ് ബുക്കിലും ചാനലുകളിലും അഭിപ്രയ പ്രകടനങ്ങള്‍ നടത്തിയ നടന്‍മാരായ സലീംകുമാര്‍, ദിലീപ്, അജു വര്‍ഗീസ്, ഫിലിം ചേംപറിന്റെ ഭാരവാഹി സജി നന്ദ്യാട്ട് തുടങ്ങിയവര്‍ നേരത്തെ മാപ്പു ചോദിച്ചവരുടെ പട്ടികയില്‍ പെടുന്നു.

ഇന്നസെന്റിന്റെ വാദങ്ങളെ ഖണ്ഡിക്കുകയാണിപ്പോള്‍ വനിതാ സംഘടന. ചലച്ചിത്ര മേഖലയില്‍ ലൈംഗിക പീഡനം നടക്കുന്നില്ലെന്ന വാദം തെറ്റെന്ന് വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. സമൂഹത്തിലുള്ള മേല്‍ കീഴ് അധികാര ബന്ധങ്ങള്‍ അതേപടി അവിടെയും ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്നും അവസരങ്ങള്‍ ചോദിച്ചു കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നുണ്ടെന്നും സംഘടന ഫേസ്ബുക്കില്‍ കുറിച്ചു. ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടില്‍ അമ്മ പ്രസിഡന്റ്  ഇന്നസെന്റ്  നടത്തിയ പ്രസ്താവനയോട് പ്രതികരണമായാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് വ്യക്തമാക്കിയത്. അതിനാല്‍ ഇന്നസെന്റിന്റെ അഭിപ്രായത്തോട് വിയോജിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്. 

സഹപ്രവര്‍ത്തകരായ ചിലര്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാര്‍വ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാര്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ്  പ്രതീക്ഷയെന്നും  വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവര്‍ ജാഗ്രത പുലത്തണമെന്നും കുറിപ്പ് ആവശ്യപ്പെടുന്നു.

നടിയെ പീഡിപ്പിക്കല്‍: അറസ്റ്റ് 100 ശതമാനം തെളിവുകള്‍ കിട്ടിയശേഷമെന്ന് പോലീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക