Image

ജുനൈദിന്റെ കൊലപാതകം; പ്രധാനപ്രതി അറസ്റ്റില്‍

Published on 09 July, 2017
ജുനൈദിന്റെ കൊലപാതകം; പ്രധാനപ്രതി അറസ്റ്റില്‍

ഡല്‍ഹിയില്‍ നിന്ന്‌ ഹരിയാനയിലേക്ക്‌ മടങ്ങവേ ബീഫ്‌ കയ്യിലുണ്ടെന്ന്‌ ആരോപിച്ച്‌ പതിനാറുകാരനായ ജുനൈദിനെ ട്രെയിനില്‍ വെച്ച്‌ കുത്തികൊന്ന കേസിലെ പ്രധാന പ്രതിയെ അറസ്റ്റ്‌ ചെയ്‌തു. ഇയാളുടെ പേര്‌ പൊലീസ്‌ പുറത്തു വിട്ടിട്ടില്ല. നിയമപരമായ തടസ്സമുള്ളതുകൊണ്ടാണ്‌ പേര്‌ പുറത്തുവിടാത്തതെന്നാണ്‌ ഫരീദാബാദ്‌ പൊലീസിന്റെ ഭാഷ്യം. നേരത്തെ നാല്‌ പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

നേരത്തെ അറസ്റ്റ്‌ ചെയ്യപ്പെട്ട നാല്‌ പേരില്‍ മൂന്ന്‌ പേര്‍ 20 വയസ്സോളം പ്രായമായവരാണ്‌. ഒരാള്‍ ഡല്‍ഹി ജയില്‍ ബോര്‍ഡ്‌ വകുപ്പില്‍ ഉദ്യോഗസ്ഥനായ അമ്പത്‌ വയസ്സുകാരനാണ്‌. ഇവരെല്ലാം ഖാംബി ഗ്രാമത്തില്‍ നിന്നുള്ളവരാണ്‌. മറ്റുള്ളവരെ ആക്രമണത്തിലേക്ക്‌ പ്രേരിപ്പിച്ചത്‌ ഇവരാണെന്ന്‌ പൊലീസ്‌ പറയുന്നു. എന്നാല്‍ ആരാണ്‌ ജുനൈദിനെയും സഹോദരങ്ങളെയും ചവിട്ടിയതെന്ന്‌ വ്യക്തമാക്കിയിട്ടില്ല.

അറസ്റ്റ്‌ ചെയ്‌ത നാല്‌ പേര്‍ക്ക്‌ നേരെയും കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്‌. ഈ നാല്‌ പേരുടെയും പേര്‌ പൊലീസ്‌ വെളിപ്പെടുത്തിയിരുന്നു.ബീഫ്‌ കയ്യിലുണ്ടെന്ന്‌ ആരോപിച്ച്‌ പതിനാറുകാരനായ ജുനൈദിനെ ട്രെയിനില്‍ വെച്ച്‌ കുത്തിക്കൊല്ലുകയായിരുന്നു. 

 പെരുന്നാളിന്‌ മുമ്പായി ഡല്‍ഹി ജുമാ മസ്‌ജിദ്‌ സന്ദര്‍ശിച്ച്‌ മടങ്ങുമ്പോഴാണ്‌ ട്രെയിനില്‍ വെച്ച്‌ സഹയാത്രികരുടെ വിദ്വേഷത്തിന്‌ ജുനൈദ്‌ ഇരയായത്‌. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്‌ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന ജുനൈദിനെയും ഹാഷിം, ഷാക്കിര്‍ എന്നിവരെയും ജനക്കൂട്ടം തന്നെ ആക്രമിക്കുകയായിരുന്നു. 'ബീഫ്‌ തീനി'കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക