Image

സിബി മാത്യൂസിനെതിരെ മുഖ്യമന്ത്രിക്കും വനിതാകമ്മിഷനും സൂര്യനെല്ലി പെണ്‍കുട്ടിയുടെ പരാതി

Published on 09 July, 2017
സിബി മാത്യൂസിനെതിരെ മുഖ്യമന്ത്രിക്കും വനിതാകമ്മിഷനും സൂര്യനെല്ലി പെണ്‍കുട്ടിയുടെ പരാതി
ആത്മകഥയിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മുന്‍ ഡി.ജി.പി. സിബി മാത്യൂസിനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി മുഖ്യമന്ത്രിക്കും വനിതാകമ്മിഷനും പരാതി നല്‍കി. 'നിര്‍ഭയം' എന്ന പേരില്‍ പുറത്തിറങ്ങിയ അനുഭവക്കുറിപ്പിലെ ഒരധ്യായത്തില്‍ സൂര്യനെല്ലിക്കേസുമായി ബന്ധപ്പെട്ട്‌ സിബി മാത്യൂസ്‌ നടത്തിയ പരാമര്‍ശങ്ങളാണ്‌ പരാതിക്ക്‌ അടിസ്ഥാനം.

 പരാതി ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ ഡയറക്ടര്‍ കെ.യു. കുര്യാക്കോസ്‌ മാധ്യമങ്ങളെ അറിയിച്ചു.

സൂര്യനെല്ലിക്കേസിന്റെ അന്വേഷണത്തിനിടെ പലപ്പോഴും കഥകളുണ്ടാക്കി വഴിമാറിപ്പോകാനാണ്‌ പെണ്‍കുട്ടി ശ്രമിച്ചതെന്നും ചില ചോദ്യങ്ങള്‍ക്ക്‌ കള്ളച്ചിരിയോടെയായിരുന്നു മറുപടിയെന്നും ഈ അധ്യായത്തില്‍ പറയുന്നുണ്ട്‌.

 എന്തൊക്കെയോ അവര്‍ മറച്ചു വെയ്‌ക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ്‌ നേതാവ്‌ പി.ജെ. കുര്യന്റെ പേര്‌ കേസിലേക്ക്‌ അനാവശ്യമായി വലിച്ചിഴയ്‌ക്കുകയായിരുന്നു. ആദ്യം കുര്യന്റെ പേര്‌ പറയാതിരുന്ന പെണ്‍കുട്ടി പിന്നീട്‌ എന്തുകൊണ്ട്‌ അതുപറഞ്ഞു -എന്നിങ്ങനെയാണ്‌ ആത്മകഥയിലെ പരാമര്‍ശങ്ങള്‍.

21 വര്‍ഷം മുമ്പുനടന്ന സംഭവത്തെ അതിജീവിച്ച തന്നെയും കുടുംബത്തെയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ്‌ തന്റെ പുസ്‌തകത്തിലൂടെ പൊതുസമൂഹത്തിനു മുന്നില്‍ അവഹേളിച്ചുവെന്ന്‌ പരാതിയില്‍ ആരോപിക്കുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിലാണ്‌ സിബി മാത്യൂസ്‌ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്‌.

 ഇത്‌ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്‌. ജോലിചെയ്യുന്ന സ്ഥാപനത്തില്‍ പോലും താന്‍ അപമാനിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും പരാതിയില്‍ പറയുന്നു.
നേരത്തെ തന്നെ നിര്‍ഭയയിലെ ഭാഗങ്ങള്‍ വിവാദമായിരുന്നു.

 സിബി മാത്യൂസിന്റെ ആത്മകഥ `നിര്‍ഭയ' പിന്‍വലിക്കണമെന്നും പീഡനത്തിനത്തെ അതിജീവിച്ച്‌ നിയമപോരാട്ടം നടത്തുന്ന പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുകയും സമരം ചെയ്‌ത വനിതാ പ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന വിവാദ അധ്യായം മാറ്റിയത്‌ ശേഷമേ തുടര്‍ന്ന്‌ വില്‍ക്കാവൂ എന്നും നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ വുമണ്‍ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക