Image

ആരാധനാ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതാണ് സുപ്രീംകോടതി വിധി

Published on 10 July, 2017
ആരാധനാ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതാണ് സുപ്രീംകോടതി  വിധി
കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ ഒരു പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം നല്‍കിയതു പോലെയാണ് സുപ്രീംകോടതി വിധിയെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അങ്ങനെ വെറുതെ കോടതി ഒരു പൂന്തോട്ടം കൊടുക്കില്ലെന്നും അതിന് പിന്നില്‍ പ്രത്യേക കാരണങ്ങളുണ്ടെന്നും മെത്രാപ്പൊലീത്ത പരിഹസിച്ചു. 

ആരാധനാ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നും 1934 ലെ സഭാ ഭരണഘടന മാത്രമേ നിലനില്‍ക്കുവെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. മണര്‍കാട് പള്ളിയില്‍ ചേര്‍ന്ന വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനത്തിനായി നേരത്തെ പള്ളികളും സെമിത്തേരിയും സ്വത്തുക്കളും വിട്ടുകൊടുത്തു. എന്നാല്‍ ഇനി ഒരിഞ്ച് പോലും വിട്ടുകൊടുക്കാന്‍ സഭ തയ്യാറല്ല എന്നും മെത്രാപ്പൊലീത്ത പറഞ്ഞു. എന്ത് വില കൊടുത്തും പള്ളികളും സ്വത്തുക്കളും സംരക്ഷിക്കുകതന്നെ ചെയ്യും. അന്ത്യോഖ്യാ സിംഹാസനത്തില്‍ ഉറച്ചുനിന്ന് പ്രതിസന്ധികളെ നേരിടാന്‍ മണര്‍കാട് പള്ളിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

അതേസമയം, കേസില്‍ സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്നും പള്ളിയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറയാന്‍ ഒരു വ്യവസ്ഥിതിക്കും സാധിക്കില്ലെന്നും മുതിര്‍ന്ന മെത്രാപ്പൊലീത്ത തോമസ് മാര്‍ തിമോത്തിയോസ് പറഞ്ഞു. 

പള്ളികള്‍ പണിതുയര്‍ത്തിയത് അന്തോഖ്യാ സിംഹാസനത്തിന് കീഴില്‍ ആരാധനയ്ക്കാണെന്നും സഭാവിശ്വാസം ഭരണഘടനയ്ക്ക് കീഴില്‍ ബലികഴിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മീയകാര്യങ്ങളില്‍ അവസാനവാക്ക് ലോകത്തിന്റേതല്ല ദൈവത്തിന്റേതാണ്. രക്തവും പണവും ചെലവഴിച്ച് സ്ഥാപിച്ച പള്ളികളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ഒരു വ്യവസ്ഥിതിക്കും പറയാനാകില്ല. സുപ്രീംകോടതി വിധിയില്‍ ഭയപ്പെടാനൊന്നുമില്ലെന്നും ചില നിയമപ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള ആലോചനകള്‍ നടന്നുവരികയാണെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. 

1934ലെ ഏതെങ്കിലും ഭരണഘടനയുടെ പേരില്‍ വിശ്വാസവും പാരമ്പര്യവും ബലികഴിക്കാനാവില്ല. യാക്കോബായ സഭ രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റാണ്. കേരളത്തിനു വെളിയിലുള്ള പള്ളികള്‍ ട്രസ്റ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് ഇതൊന്നും ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയില്ല. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഉടമ്പടിയുള്ളപ്പോള്‍ രജിസ്റ്റര്‍ ചെയ്യാത്ത ഭരണഘടന പിന്തുടരണമെന്നത് വിരോധാഭാസമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.

ഇന്ത്യന്‍ ഭരണഘടനയ്ക്കുമുകളില്‍ ആരുടെയെങ്കിലും അധികാരത്തിന് കീഴില്‍ പോകാനുള്ള ബാധ്യത യാക്കോബായ സഭക്കില്ല. നിലവിലുള്ള അധികാര അവകാശങ്ങളും സ്വത്തുക്കളും സംരക്ഷിക്കാനുള്ള ഉറപ്പ് സഭയ്ക്കുണ്ട്. 1995ലെ സുപ്രീംകോടതി വിധിയില്‍ സഭ തീര്‍ന്നുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ അതിനുശേഷം വിദേശരാജ്യങ്ങളിലുള്‍പ്പെടെ പല പുതിയ ഇടവകകളും പള്ളികളും യാക്കോബായ സഭ സ്ഥാപിച്ചു. പ്രതിസന്ധികളെ സാധ്യതകളായി കരുതി സഭ മുന്നേറും, സഭാ നേതൃത്വം അറിയിച്ചു. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക