Image

വാഷിംഗ്ടണ്‍ ഡി.സി.യില്‍ വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണം

ജീമോന്‍ റാന്നി Published on 10 July, 2017
വാഷിംഗ്ടണ്‍ ഡി.സി.യില്‍ വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണം
വാഷിംഗ്ടണ്‍ ഡി.സി.: മികവുറ്റ വാര്‍ത്താചിത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം തേടിയ അകാലത്തില്‍ അന്തരിച്ച പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് വിക്ടര്‍ ജോര്‍ജ്ജിന്റെ സ്മരണകളുമായി മലയാളികള്‍ വീണ്ടുമൊരിക്കല്‍ കൂടി വാഷിംഗ്ടണ്‍ ഡിസിയില്‍ ഒത്തു ചേര്‍ന്നു.
ഇതു മൂന്നാം തവണയാണ് രാജ്യതലസ്ഥാനത്ത് വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണം സംഘടിപ്പിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫിലാഡല്‍ഫിയായിലായിരുന്നു അനുസ്മരണം നടന്നത്.

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള വെള്ളിയാനി മലയിലെ ഉരുള്‍പ്പൊട്ടലിന്റെ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നതിനിടയിലാണ് 16 വര്‍ഷം മുമ്പുള്ള ഒരു ജൂലൈ 9ന് വിക്ടറിന്റെ ജീവന്‍ നഷ്ടപ്പെട്ടത്.
വാര്‍ത്താ ഏജന്‍സിയായ പ്രസ്ട്രസ്റ്റ് ഓഫ് ഇന്‍ഡ്യയുടെ മുന്‍ ഡല്‍ഹി ലേഖകന്‍ വിള കൃഷ്ണകുമാര്‍ വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണപ്രഭാഷണം നടത്തി.

'ഏകാന്തതയോടുകൂടി നീണ്ടുനില്‍ക്കുന്ന മൗനമാണ് വിക്ടര്‍ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നതെന്നും ഓരോ വിക്ടര്‍ ചിത്രവും നാമറിയാതെ നമ്മോടു ഇടപെടുന്നതും സംസാരിയ്ക്കുന്നതും കാണാമെന്നും' കൃഷ്ണകുമാര്‍ പറഞ്ഞു.

വൈരുദ്ധ്യങ്ങളെ ഒപ്പിയെടുക്കുന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. മനോരമയില്‍ പ്രസിദ്ധീകരിച്ച 'സത്യം എപ്പോഴും നഗ്നമാണ്' എന്ന ചിത്രത്തെ പരാമര്‍ശിച്ച് കൃഷ്ണകുമാര്‍ പറഞ്ഞു.
ദൂരദര്‍ശന്‍ മുന്‍ സ്‌പോര്‍ട്‌സ് കമന്റേറ്ററും മാധ്യമപ്രവര്‍ത്തകനുമായ ഗീവര്‍ഗീസ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു.

മാധ്യമ പ്രവര്‍ത്തകരായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ വിക്ടറുമായുള്ള അനുഭവങ്ങള്‍ ഇരുവരും പങ്കുവെച്ചു.

വിക്ടറിന്റെ പ്രശസ്ത ചിത്രങ്ങളുടെ പ്രദര്‍ശനവും അതെക്കുറിച്ചുള്ള ചര്‍ച്ചകളും ഒത്തുചേരലില്‍ നടന്നു.

വാര്‍ത്താ ചിത്രങ്ങളെടുക്കുന്നതില്‍ വിക്ടറിന്റേത് വേറിട്ട ഒരു ശൈലിയായിരുന്നു. ചിത്രങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ദൃശ്യങ്ങളുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി എന്ത് ത്യാഗത്തിനും സാഹസികതയ്ക്കും വിക്ടര്‍ തയ്യാറായിരുന്നു. പങ്കെടുത്തവര്‍ അനുസ്മരിച്ചു.

വാഷിംഗ്ടണ്‍ ഡി.സി.യില്‍ വിക്ടര്‍ ജോര്‍ജ്ജ് അനുസ്മരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക