Image

ഫിസിയോതെറാപ്പിക്കിടെ എന്‍ഡോസള്‍ഫാന്‍ രോഗിയായ കുട്ടിയുടെ എല്ലൊടിഞ്ഞു; അന്വേഷണത്തിന്‌ കളക്ടറുടെ ഉത്തരവ്‌

Published on 12 July, 2017
ഫിസിയോതെറാപ്പിക്കിടെ എന്‍ഡോസള്‍ഫാന്‍ രോഗിയായ കുട്ടിയുടെ എല്ലൊടിഞ്ഞു; അന്വേഷണത്തിന്‌ കളക്ടറുടെ ഉത്തരവ്‌


കാസര്‍ഗോഡ്‌ : എന്‍ഡോസള്‍ഫാന്‍ ബാധിതനായ കുട്ടിയുടെ കയ്യും കാലുംഫിസിയോതെറാപ്പിക്കിടെ  ഒടിഞ്ഞതായുള്ള പരാതിയില്‍ കളക്ടര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. കാസര്‍ഗോഡ്‌ ജനറല്‍ ആശുപത്രിയിലാണ്‌ സംഭവം. ആദൂര്‍ ബണ്ണാത്തംപടിയിലെ അബൂബക്കറിന്റെയും റുഖിയയുടെയും മകന്‍ അബ്ദുല്‍ റാഷിക്കിന്റെ (12) കയ്യും കാലുമാണ്‌ ഒടിഞ്ഞത്‌.

കയ്യിലെ പൊട്ടല്‍ ഗുരുതരമായതിനാല്‍ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരിക്കുയാണ്‌. കുട്ടിയുടെ വലതുതുടയെല്ലിലും ഇടതുകൈമുട്ടിന്റെ മുകളില്‍ രണ്ടിടത്തുമാണ്‌ പൊട്ടല്‍. കയ്യെല്ലുകള്‍ പൂര്‍ണമായും പൊട്ടി അടര്‍ന്ന അവസ്ഥയിലാണ്‌. സംഭവത്തെ കുറിച്ചു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ.പി.ദിനേശ്‌കുമാര്‍ അന്വേഷിക്കുമെന്ന്‌ എന്‍ഡോസള്‍ഫാന്‍ സെല്‍ ഡപ്യൂട്ടി കലക്ടര്‍ സി.ബിജു അറിയിച്ചു.

സെറിബ്രല്‍ പാല്‍സി മൂലം കിടപ്പിലായ അബ്ദുല്‍ റാഷിക്കിനു സംസാരശേഷിയുമില്ല. കഴിഞ്ഞ ഒന്‍പതിനു രാവിലെ മുട്ടിനു നീരുവന്നതിനെ തുടര്‍ന്നാണു കുട്ടിയെ മാതാവ്‌ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്‌. ശിശുരോഗ വിദഗ്‌ധന്‍ പരിശോധിച്ചു ഫിസിയോതെറപ്പി ഡോക്ടറെ കാണിക്കാന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നു ഫിസിയോതെറപ്പി ചെയ്യാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. 

ഫിസിയോതെറപ്പി ചെയ്‌ത ശേഷം വീട്ടില്‍ എത്തിയിട്ടും കടുത്ത വേദനയെ തുടര്‍ന്ന്‌ വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന്‌ കാലിനു നീരുള്ളതിനാല്‍ എക്‌സ്‌റേ എടുക്കാന്‍ ആവശ്യപ്പെടുകയും കാലിനു ബാന്‍ഡേജ്‌ ഇടുകയുമായിരുന്നു. ഇന്നലെ വീണ്ടും ആശുപത്രിയിലെത്തി ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ വലതു കാലിനും ഇടതുകയ്യിലും നീരുവച്ചതിനാല്‍ എക്‌സ്‌റേ എടുത്തപ്പോളാണ്‌ പൊട്ടല്‍ കണ്ടെത്തിയത്‌.

ദുര്‍ബലമായ എല്ലായതിനാല്‍ തടവുമ്പോള്‍ ഉണ്ടായ അശ്രദ്ധയാണ്‌ പൊട്ടലിനു കാരണമെന്നാണ്‌ കുട്ടിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക