Image

ഡി സിനിമാസിലെ കയ്യേറ്റ ഭൂമി അളന്ന്‌ തിട്ടപ്പെടുത്തും; ദിലീപ്‌ അടക്കം ഏഴുപേര്‍ക്ക്‌ നോട്ടീസ്‌

Published on 18 July, 2017
ഡി സിനിമാസിലെ കയ്യേറ്റ ഭൂമി അളന്ന്‌ തിട്ടപ്പെടുത്തും; ദിലീപ്‌ അടക്കം ഏഴുപേര്‍ക്ക്‌ നോട്ടീസ്‌
പുറമ്പോക്ക്‌ ഭൂമി കയ്യേറി നിര്‍മ്മിച്ചെന്ന്‌ കണ്ടെത്തിയ ദിലീപിന്റെ ഡി സിനിമാസിലെ കയ്യേറ്റ ഭൂമി സര്‍ക്കാര്‍ അളന്ന്‌ തിട്ടപ്പെടുത്തും. ഈ മാസം 27നായിരിക്കും റവന്യുവകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഭൂമി അളക്കാന്‍ എത്തുക. ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ്‌ അടക്കം ഏഴുപേര്‍ക്ക്‌ തൃശൂര്‍ ജില്ലാ സര്‍വെ സൂപ്രണ്ട്‌ ഇക്കാര്യം വ്യക്തമാക്കി നോട്ടീസ്‌ അയച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും ദിലീപിനോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.


ദിലീപിന്റെ ഉടമസ്ഥതയിലുളള ചാലക്കുടിയിലെ മള്‍ട്ടിപ്ലക്‌സ്‌ തിയ്യേറ്റര്‍ ഡി സിനിമാസ്‌ പുറമ്പോക്ക്‌ ഭൂമി കയ്യേറിയെന്ന്‌ ജില്ലാ കളക്ടര്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട്‌ റവന്യൂമന്ത്രിക്ക്‌ നല്‍കി. കൂടുതല്‍ പരിശോധനകള്‍ക്ക്‌ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രിയും വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ ഭൂമി കയ്യേറി ദിലീപ്‌ തിയ്യേറ്റര്‍ നിര്‍മ്മിച്ചെന്നായിരുന്നു ആരോപണം. ഇത്‌ പരിശോധിക്കാന്‍ റവന്യൂ വകുപ്പ്‌ ജില്ലാകളക്ടര്‍ എ കൗശികിനെ ചുമതലപ്പെടുത്തിയിരുന്നു. 1956 മുതലുളള രേഖകള്‍ പരിശോധിച്ചാണ്‌ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്ന്‌ തിയ്യേറ്റര്‍ നിര്‍മ്മിച്ചതെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. 

സംസ്ഥാന രൂപീകരണത്തിനു മുന്‍പ്‌ തിരു കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്‌ ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005 ല്‍ എട്ട്‌ ആധാരങ്ങളുണ്ടാക്കി ദിലീപ്‌ കൈവശപ്പെടുത്തിയെന്നാണ്‌ പരാതി.ഈ ഭൂമിയില്‍ 35 സെന്റ്‌ ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക