Image

നടിയുടെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ കാണിച്ചെന്ന്‌ വാര്‍ത്ത കൊടുത്ത കൗമുദിക്കു മറുപടിയുമായി ഫോറന്‍സിക്‌ ഡോക്ടര്‍

Published on 18 July, 2017
നടിയുടെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ കാണിച്ചെന്ന്‌ വാര്‍ത്ത കൊടുത്ത കൗമുദിക്കു മറുപടിയുമായി ഫോറന്‍സിക്‌ ഡോക്ടര്‍
കൊച്ചി: നടിയെ പള്‍സര്‍ സുനി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കാണിച്ചു എന്ന വാര്‍ത്ത കൊടുത്ത കൗമുദിക്കും പിന്നീട്‌ വാര്‍ത്തയാക്കിയവര്‍ക്കും മറുപടിയുമായി യുവ ഡോക്ടറുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ജിനേഷ്‌ പി.എസ്‌ ആണ്‌ മറുപടിയുമായി രംഗത്തെത്തിയത്‌.

കൊച്ചിയില്‍ യുവനടിയെ പള്‍സര്‍ സുനിയുടെ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നതായണ്‌ കൗമുദി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ കൊച്ചിയിലെ പ്രമുഖ കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളെ ഫോറന്‍സിക്‌ പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ കാണിച്ചതായി കേരളകൗമുദി റിപ്പോര്‍ട്ടര്‍ എം.എം സുബൈറാണ്‌ വാര്‍ത്ത നല്‍കിയത്‌.

 പിന്നീട്‌ മറ്റു ചില മാധ്യമങ്ങളും വാര്‍ത്ത നല്‍കുകയായിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു സംഭവം ഒരിക്കലും നടക്കില്ല എന്നാണ്‌ ഡോക്ടര്‍ ജിനേഷ്‌ പറയുന്നത്‌. ഫോറന്‍സിക്‌ ഡോക്ടര്‍ക്ക്‌ ചില ചുമതലകള്‍ ഉണ്ട്‌ പോസ്റ്റ്‌ മോര്‍ട്ടം പരിശോധനകള്‍ നടത്തുക, അതിന്റെ റിപ്പോര്‍ട്ട്‌ കോടതിക്കും അന്വേഷ ഉദ്യോഗസ്ഥനും അയക്കുക, കോടതിയില്‍ മൊഴി നല്‍കുക, പോസ്റ്റ്‌ മോര്‍ട്ടം ചെയ്യുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരിക്കുന്നതും ഡോക്ടര്‍ക്ക്‌ ആവശ്യമെന്ന്‌ തോന്നുന്നതുമായ സാംപിളുകള്‍ കൂടുതല്‍ പരിശോധനക്കായി ശേഖരിച്ചയക്കുക, പോസ്റ്റ്‌ മോര്‍ട്ടം പരിശോധന അല്ലാതയുള്ള മെഡിക്കോലീഗല്‍ ജോലികള്‍ ചെയ്യുക, അവയുടെ സര്‍ട്ടിഫിക്കറ്റുകളും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതിയെയും അറിയിക്കുക എന്നിവയാണത്‌

ഇതിന്‌ പുറമേ ഏറ്റവും പ്രാധാനപ്പെട്ട മറ്റൊരു ചുമതലയുണ്ട്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അധ്യയനം ആണത്‌. രണ്ടാം വര്‍ഷ എംബിബിഎസ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം പഠിപ്പിച്ചുകൊടുക്കേണ്ട ചുമതല വിഭാഗത്തിനാണ്‌. 

ഇതിന്‌ പുറമേ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍, ഇരയായ ആളുടെ വൈദ്യപരിശോധന, പരിശോധനക്കാവശ്യമായ സാമ്പിളുകള്‍ എങ്ങനെ ശേഖരിക്കണം, കുറ്റാരോപിതനായ ആളുടെ വൈദ്യപരിശോധന, ആവശ്യമായ സാംപിള്‍ ശേഖരണം, പോക്‌സോ, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനങ്ങളെ കുറിച്ചുംഎന്നിവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടത്‌ ഫൊറന്‍സിക്‌ മെഡിസിന്‍ വിഭാഗത്തിന്റെ കടമയാണ്‌.

താന്‍ ഫൊറന്‍സിക്‌ മെഡിസിന്‍ വിഭാഗത്തില്‍ എത്തിപ്പെട്ടിട്ട്‌ ആറ്‌ വര്‍ഷം കഴിഞ്ഞു. ഇന്നേവരെ ഈ കുറ്റകൃത്യങ്ങളുടെ വീഡിയോ ഉപയോഗിച്ചെടുക്കുന്ന ഒരു ക്ലാസ്‌ താന്‍ കേട്ടിട്ടില്ല, കണ്ടിട്ടില്ല. കൃത്യങ്ങളുടെ ചിത്രങ്ങള്‍ പോലും പ്രദര്‍ശിപ്പിക്കില്ല. മെഡിക്കല്‍ സംബന്ധമായ ചിത്രങ്ങള്‍ മാത്രമേ കാണിക്കുകയുള്ളൂ. അതും പുസ്‌തകങ്ങളില്‍ ഉള്ളത്‌ മാത്രം.

 ഉദാഹരണമായി ജനനേന്ദ്രിയത്തിലെ പരിക്കുകള്‍ എന്തൊക്കെ, എങ്ങിനെ അവിടെ നിന്നും അന്വേഷണത്തിനാവശ്യമായ സാമ്പിളുകള്‍ ശേഖരിക്കണം എന്നൊക്കെ ചിത്രങ്ങളില്‍ കാണിച്ചേക്കാം, അത്ര മാത്രം. ആ ഭാഗത്തിന്റെ ചിത്രങ്ങള്‍ മാത്രം. ജിനേഷ്‌ പറയുന്നു

ഈ വാര്‍ത്തയില്‍ പറയുന്നത്‌ ഇപ്പോള്‍ അന്വേഷണം നടക്കുന്ന കേസിലെ നടിയുടെ പീഡന ദൃശ്യങ്ങള്‍ രണ്ടാം വര്‍ഷ ഫൊറന്‍സിക്‌ ക്ലാസില്‍ കാണിച്ചു, പഠിപ്പിച്ചു എന്നാണ്‌. തന്റെ അറിവില്‍, അനുഭവത്തില്‍ ഒരു ശതമാനം പോലും സാധ്യതയുള്ള കാര്യമല്ലിത്‌.

ഇനി ഈ വാര്‍ത്തയില്‍ പറയുന്നത്‌ മുഖവിലക്കെടുക്കയാണെങ്കില്‍ ഈ അറസ്റ്റിനും മറ്റും മുന്‍പ്‌, ചിലപ്പോള്‍ പൊലീസിന്‌ ആ ദൃശ്യങ്ങള്‍ ലഭിക്കുന്നതിന്‌ മുന്‍പ്‌ ഈ വീഡിയോ ഉപയോഗിച്ച്‌ ക്ലാസ്‌ എടുത്തു എന്നത്‌ വലിയ ഒരു ചോദ്യമാണ്‌. അങ്ങിനെയെങ്കില്‍ അവിടെ രണ്ട്‌ കുറ്റകൃത്യങ്ങള്‍ എങ്കിലും നടന്നിട്ടുണ്ട്‌. ഒന്ന്‌ തെളിവുകള്‍ മറച്ചുവെച്ചു; രണ്ട്‌ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത അധാര്‍മ്മിക പ്രവര്‍ത്തി അവിടെ നടന്നു. 

അല്ലെങ്കില്‍ പൊലീസില്‍ നിന്നും ഈ ദൃശ്യങ്ങള്‍ ചോര്‍ന്നു എന്നാണ്‌.ഇവയില്‍ ഏതാണ്‌ സംഭവിച്ചതെങ്കിലും, അഥവാ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആ അധ്യാപകനെ നിയമത്തിന്‌ മുന്‍പില്‍ കൊണ്ടുവരണം, തക്കതായ ശിക്ഷ നല്‍കണം.

ഇനി അങ്ങനെ അല്ലെങ്കില്‍ ഒരു ലേഖകന്റെ വെറും ഒരു തോന്നലാണെങ്കില്‍. പതിവ്‌ പോലെ പ്രമുഖ ആശുപത്രിയും എപ്പോളും വിവാദങ്ങളിലൂടെ അപമാനിക്കപ്പെടുന്ന ഫൊറന്‍സിക്‌ മെഡിസിനും ആണെങ്കില്‍; നടപടി വേണം. തെറ്റായ വാര്‍ത്ത എഴുതിയ ഒരാള്‍ക്കെതിരെ, കൂടാതെ പത്രത്തിനെതിരായ നടപടി ഉണ്ടാവണം.

ലാബുകളുടെയോ മരുന്ന്‌ കമ്പിനികളുടെയോ ഒരു രൂപ പോലും കട്ട്‌ വാങ്ങാത്ത വിഭാഗമാണിതെന്ന അഭിമാനം പോലും ഉള്ള പലരുമുണ്ട്‌ ഈ വിഭാഗത്തില്‍. അര്‍ദ്ധസത്യങ്ങളുടെയും അസത്യങ്ങളുടെയും പേരില്‍ പലപ്പോഴും മാനക്കേടിന്റെ കയ്‌പുനീര്‍ കുടിച്ചിട്ടുള്ള വിഭാഗമാണിത്‌. ഇനിയും പാടില്ല. വിഭാഗത്തിലെ ഒരാള്‍ തെറ്റുചെയ്‌തെങ്കില്‍ അയാളും ഇല്ലെങ്കില്‍ തെറ്റായ വാര്‍ത്ത കൊടുത്ത പത്രവും ശിക്ഷിക്കപ്പെടണമെന്നും ജിനേഷിന്റെ പോസ്റ്റില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക