Image

ദിലീപിന്‌ ജാമ്യം കിട്ടാന്‍ 'ജഡ്‌ജിയമ്മാവന്‌' നേര്‍ച്ച, സഹോദരന്‍ അനൂപ്‌ ചെറുവള്ളില്‍ ക്ഷേത്രത്തില്‍

Published on 19 July, 2017
ദിലീപിന്‌ ജാമ്യം കിട്ടാന്‍ 'ജഡ്‌ജിയമ്മാവന്‌' നേര്‍ച്ച, സഹോദരന്‍ അനൂപ്‌ ചെറുവള്ളില്‍ ക്ഷേത്രത്തില്‍

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്‌ച പരിഗണിക്കാനിരിക്കെ സഹോദരന്‍ അനൂപും കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയുമായി കോട്ടയത്ത്‌. പൊന്‍കുന്നത്തിനടുത്ത്‌ ചെറുവള്ളില്‍ ജഡ്‌ജിയമ്മാവന്‍ കോവിലിലാണ്‌ സഹോദരന്‌ ജാമ്യം കിട്ടുന്നതിനായി വഴിപാടുകളുമായി അനൂപ്‌ എത്തിയത്‌. 

ചൊവ്വാഴ്‌ച വൈകിട്ടോടെയാണ്‌ അനൂപും കുടുംബാംഗങ്ങളും കൂട്ടുകാരും ചെറുവള്ളില്‍ ദേവീ ക്ഷേത്രത്തിലും ജഡ്‌ജിയമ്മാവന്‍ കോവിലിലും എത്തിയത്‌.ജഡ്‌ജിയമ്മാവന്റെ പ്രീതി നേടാനായി അട വഴിപാട്‌ നടത്തിയ ശേഷം മറ്റ്‌ പൂജകള്‍ നടത്തി രാത്രി പത്ത്‌ കഴിഞ്ഞാണ്‌ അനൂപും സംഘവും മടങ്ങിയത്‌. ജാമ്യം കിട്ടിയ ഉടനെ ദിലീപും ഇവിടേക്കെത്തുമെന്ന്‌ അനൂപ്‌ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചതായി മനോരമാ ന്യൂസ്‌ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കോടതി വ്യവഹാരങ്ങളില്‍ കഴിയുന്നവര്‍ ഇവിടെയെത്തി ജഡ്‌ജിയമ്മാവന്‌ വഴിപാട്‌ നടത്തിയാല്‍ അനുകൂല ഫലം കിട്ടുമെന്നാണ്‌ വിശ്വാസം.

കേസില്‍ പെട്ടിരിക്കുന്ന ഭക്തരുടെ മാനവും മനശാന്തിയും തിരികെ നല്‍കി അവരെ രക്ഷിക്കുന്ന പ്രതിഷ്‌ഠയെന്നാണ്‌ ജഡ്‌ജിയമ്മാവനെ വിശ്വാസികള്‍ വിശേഷിപ്പിക്കുന്നത്‌. പ്രശ്‌നം എത്ര സങ്കീര്‍ണമാണെങ്കിലും ജഡ്‌ജിയമ്മാവനെ ഉപാസിച്ചാല്‍ പരിഹാരമെന്നാണ്‌ ഇവിടെയെത്തുന്നവരുടെ വിശ്വാസം. ദുര്‍മരണം നടന്ന ജഡ്‌ജിയുടെ മോക്ഷം ലഭിക്കാത്ത ആത്മാവിനെയാണ്‌ ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നതെന്നാണ്‌ ക്ഷേത്രം അധികൃതരുടെ പക്ഷം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക