Image

കുറഞ്ഞ ശമ്പളം 20,000 രൂപ: നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു

Published on 20 July, 2017
കുറഞ്ഞ ശമ്പളം 20,000 രൂപ: നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: നഴ്‌സുമാര്‍ 22 ദിവസമായി നടത്തിവന്ന സമരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കാന്‍ ധാരണയായതിന്റെ അടിസ്ഥാനത്തിലാണിത്. സമരം പിന്‍വലിക്കുന്നതായി നഴ്‌സുമാരുടെ സംഘടനകളായ യു.എന്‍.എ, ഐ.എന്‍.എ എന്നിവ അറിയിച്ചു.

50 കിടക്കകളില്‍ കൂടുതലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളത്തിന്റെ കാര്യത്തില്‍ സെക്രട്ടറിതല സമിതി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൊഴില്‍ വകുപ്പ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, നിയമ സെക്രട്ടറി, ലേബര്‍ കമ്മീഷണര്‍ എന്നിവരായിരിക്കും സെക്രട്ടറിതല സമിതിയിലെ അംഗങ്ങള്‍. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ട്രെയിനികളുടെ സ്‌റ്റൈപ്പന്‍ഡ് കാലാനുസൃതമായി വര്‍ധിപ്പിക്കും. ട്രെയിനിങ് കാലവധിയും സ്‌റ്റൈപ്പന്‍ഡ് വര്‍ധനവും സമിതിയുടെ നിര്‍ദ്ദേശത്തിന് അനുസരിച്ചായിരിക്കും.

സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയതായും ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക