Image

ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാന്‍ വൈകുമെന്ന് എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

Published on 26 July, 2017
ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാന്‍ വൈകുമെന്ന് എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

എഡിന്‍ബറോ: ജൂണ്‍ ഇരുപതിന് എഡിന്‍ബറോയിലെ ഡാന്‍ ബാന്‍ ബീച്ചിനു സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎംഐ സഭാംഗം ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാന്‍ ഇനിയും സമയം എടുക്കുമെന്ന് എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ അഞ്ജു രഞ്ജന്‍ ജോസ് കെ. മാണി എംപിയെ അറിയിച്ചു.

ലഭ്യമായ മൃതദേഹ സാന്പിളുകളും മറ്റും പോലീസ് ശേഖരിച്ചു എന്നും അന്വേഷണം ശരിയായ രീതിയിലാണ് നീങ്ങുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോണ്‍സുലേറ്റിനെ അറിയിച്ചു. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച മൃതദേഹം വിട്ടു കിട്ടുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി എന്ന നിലയില്‍ അറിയിച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയായില്ല എങ്കിലും ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടു നല്‍കും എന്നായിരുന്നു കരുതിയിരുന്നത്.

എന്നാല്‍ ഒരു മാസത്തിലേറെ ആയിട്ടും മൃതദേഹം വിട്ടു നല്‍കാത്തതിനാല്‍ സിഎംഐ സഭ നേതൃത്വം ജോസ് കെ മാണി എംപിയെ ബന്ധപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എംപി കോണ്‍സുലേറ്റിനെ ബന്ധപ്പെടുകയായിരുന്നു. തിരോധാനമുണ്ടായ നാള്‍ മുതല്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സൂഷമ സ്വരാജുമായി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടു കത്ത് നല്‍കിയിരുന്നു. എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സലറുമായി നിരന്തരം ബന്ധപ്പെട്ടു വരുകയായിരുന്നു. ഇതുസംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ ആരാഞ്ഞു കൊണ്ട് എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലറുമായി ബന്ധപ്പെട്ടപ്പോള്‍ ഇന്നലെ ഇ മെയിലില്‍ ലഭിച്ച മറുപടിയിലാണ് ഈ വിവരം കോണ്‍സുലാര്‍ ജോസ് കെ മാണി എം പി യെ അറിയിച്ചത്.

റിപ്പോര്‍ട്ട്:ഷൈമോന്‍ തോട്ടുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക