Image

നല്ല കടം കഥ

ആഷ എസ്‌ പണിക്കര്‍ Published on 15 August, 2017
നല്ല കടം കഥ


ബിസിനസ്‌ നടത്തി പാപ്പരായ ചെറുപ്പക്കാരെ നാം ഒരുപാട്‌ കണ്ടിട്ടുണ്ട്‌. കടവും ബാധ്യതകളുമായി ജന്‍മം തുലച്ചവരും ഒരുപാടുണ്ട്‌. അങ്ങനെയുള്ള രണ്ട്‌ ചെറുപ്പക്കാരാണ്‌ ഗിരിയും ക്‌ളീറ്റസും. ഇവരാണ്‌ ചിത്രത്തിലെ നായകന്‍മാര്‍. പ,ഴയ സിനിമകളില്‍ കാണുന്ന തൊഴില്‍ രഹിത നായകന്‍മാരല്ല ഇവര്‍. അവരുടെ തൊഴില്‍ മേഖലയില്‍ വന്ന നിരവധി പ്രശ്‌നങ്ങള്‍ കാരണം കടക്കെണിയില്‍ അകപ്പെട്ടു പോയതാണ്‌ ഇരുവരും.

 അതില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി ഇരുവരും നടത്തുന്ന ശ്രമങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന നൂലാമാലകളുമാണ്‌ ചിത്രത്തില്‍ പറയുന്നത്‌. ഇരുവരും അവരുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി ഇറങ്ങി തിരിക്കുകയും പിന്നീട്‌ ഒരേ ലക്ഷ്യത്തിനായി ഒരുമിക്കുകയും ചെയ്യുന്നതാണ്‌ കഥ.

വളരെ രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ്‌ ചിത്രം കടന്നു പോകുന്നത്‌. വളരെ ലളിതമായ നര്‍മമാണ്‌ ചിത്രത്തിലുടനീളമുള്ളത്‌. അത്‌ സാന്ദര്‍ഭികമായി ചിത്രീകരിക്കുന്നതില്‍ സംവിധായകന്‍ മികവു പുലര്‍ത്തിയിട്ടുണ്ട്‌. ഗിരിയും ക്‌ളീറ്റസുമായെത്തിയ ജോജുവും വിനയ്‌ ഫോര്‍ട്ടും ശരിക്കും കലക്കി.  

സ്വാഭാവികാഭിനയത്തിലൂടെ ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. നമ്മുടെയെല്ലാം ജീവിതത്തില്‍ കണ്ടു മുട്ടുന്ന വ്യക്തികള്‍ തന്നെയാണ്‌ ഇരുവരുമെന്ന്‌ പലപ്പോഴും തോന്നിപ്പോകും. രണ്ടു പേരും ചേര്‍ന്നുള്ള രംഗങ്ങളും മനോഹരമായി. ഒഴുക്കുള്ള അഭിനയശൈലിയാണ്‌ രണ്ടു പേരുടേയും. അതിഭാവുകത്വത്തിന്‌ സിനിമയില്‍ ഒരിടത്തും സ്ഥാനമില്ല. സ്റ്റണ്ടും ബഹളങ്ങളും ഒഴിവാക്കിയതും നന്നായി.

തമ്പിയണ്ണന്‍ ജോസ്‌മോന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച മറിമായം ഫെയിം മണികണ്‌ഠന്‍ അങ്കമാലി ഡയറീസ്‌ ഫെയിം സിനോജ്‌ വര്‍ഗീസ്‌ എന്നിവരുടെയും പ്രകടനങ്ങള്‍ വളരെ മികച്ചതായി. കഥാപാത്രങ്ങളുടെ രൂപഭാവങ്ങള്‍ തികച്ചുംഭംഗിയായി അവതരിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. രണ്‍ജി പണിക്കര്‍ സ്രിന്റ സൈജു കുറുപ്പ്‌ റോഷന്‍ മാത്യു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോടു നീതി പുലര്‍ത്തി.

സെന്തില്‍ രാജ്‌ എന്ന നവാഗത സംവിധായകന്‌ ലളിതമായ ഒരു നല്ല ചിത്രം ഒരുക്കിയതില്‍ സന്തോഷിക്കാം. ഫിലിപ്പ്‌ സിജിയുടേതാണ്‌ കഥ. തിരക്കുകള്‍ക്കിടയില്‍ കണ്ട്‌ രസിക്കാന്‍ കഴിയുന്ന നല്ലൊരു കൊച്ചു ചിത്രമാണ്‌ കടംകഥ.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക