Image

കൂര്‍പ്പിള്ളില്‍ ഗീവര്‍ഗ്ഗീസ്‌ കശീശാ കോറെപ്പിസ്‌കോപ്പ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 06 March, 2012
കൂര്‍പ്പിള്ളില്‍ ഗീവര്‍ഗ്ഗീസ്‌ കശീശാ കോറെപ്പിസ്‌കോപ്പ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ടു
സുറിയാനി സഭയുടെ അമേരിയ്‌ക്കയിലെ മലങ്കര ഭദ്രാസനത്തില്‍ സീനിയര്‍ വൈദിക ഗണത്തില്‍പ്പെട്ട റവ.ഗീവര്‍ഗ്ഗീസ്‌ കൂര്‍പ്പിള്ളില്‍ (80) കശീശ്ശയെ പരി. പാത്രിയര്‍ക്കീസ്‌ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ സാഖാ പ്രഥമന്‍ ബാവായുടെ അനുഗ്രഹപ്രകാരം 2012 ജനുവരി 28 ശനിയാഴ്‌ച അറ്റ്‌ലാന്റാ സെന്റ്‌ ഇഗ്‌നേഷ്യസ്‌ ഏലിയാസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വച്ച്‌, ആര്‍ച്ച്‌ ബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ്‌, കോര്‍ എപ്പി സ്‌കോപ്പാസ്ഥാനത്തേയ്‌ക്കുയര്‍ത്തി. 1981 ല്‍ ന്യൂയോര്‍ക്കില്‍ വച്ച്‌ പരി. പാത്രിയര്‍ക്കീസ്‌ ബാവായാല്‍ ശെമ്മാശ്ശനായും പിന്നീട്‌ കാലം ചെയ്‌ത മോര്‍ ബസേലിയോസ്‌ പൌലൂസ്‌ രണ്ടാമന്‍ കാതോലിയ്‌ക്കയില്‍ നിന്ന്‌ കോതമംഗലത്തു വച്ചു വൈദികനായും പട്ടമേറ്റു.

റവ. ഫാ. ഗീവര്‍ഗ്ഗീസ്‌ അമേരിയ്‌ക്കയിലെ ആദ്യ ദേവാലയമായ സ്റ്റാറ്റന്‍ ഐലണ്ട്‌ (ന്യൂയോര്‍ക്ക്‌) മോര്‍ ഗ്രീഗോറിയോസ്‌ സുറിയാനിപ്പള്ളിയുടെ വികാരിയായി ദീര്‍ഘകാലം സേവനമനുഷ്ടിച്ചതിനു ശേഷം കേരളത്തിലേയ്‌ക്ക്‌ മടങ്ങിയെങ്കിലും പിന്നീട്‌ തിരികെയെത്തി അറ്റ്‌ലാന്റായില്‍ പ്രിയ മകളുടെ കുടുംബത്തോടൊപ്പം താമസിച്ചു സഭാ ശുശ്രൂഷ നിര്‍വഹിച്ചു വരികയായിരുന്നു. ഈ സ്ഥാനാരോഹണ ശുശ്രൂഷയില്‍ വെരി. റവ . വര്‍ക്കി മുണ്ടയ്‌ക്കല്‍ കോറെപ്പിസ്‌കോപ്പാ, റവ. ഫാ . ജോയി ജോണ്‍ , റവ. ഫാ.മത്തായി പുതുക്കുന്നത്ത്‌ , റവ.ഡീ. ഷോണ്‍ ഷാജി എന്നിവരും ധാരാളം വിശ്വാസികളും സംബന്ധിയ്‌ക്കുകയുണ്ടായി.

വെരി. റവ. ഗീവര്‍ഗ്ഗീസ്‌ കൂര്‍പ്പിള്ളില്‍ കോറെപ്പിസ്‌കോപ്പായുടെ സമര്‍പ്പണ സമ്പൂര്‍ണമായ ദീര്‍ഘകാല സഭാസേവനത്തെ പരിഗണിച്ചാണ്‌ അദ്ദേഹത്തിനു വിവാഹിതരായ വൈദികര്‍ക്കു ആകമാന സുറിയാനി സഭ കൊടുക്കുന്ന ഏറ്റവും ഉയര്‍ന്ന ഈ പദവി പരി. പാത്രിയര്‍ക്കീസ്‌ നല്‍കിയത്‌. പരേതയായ എല്‍സി ഗീവര്‍ഗ്ഗീസ്‌ ആയിരുന്നു അദ്ദേഹത്തിന്റെ സഹധര്‍മ്മിണി. ജൂലി, മെറീനാ എന്നിവര്‍ മക്കളും . റവ.ഫാ.മത്തായി പുതുക്കുന്നത്ത്‌, ശ്രീ. മാത്യു എന്നിവര്‍ ജാമാതാക്കളുമാണ്‌ .
കൂര്‍പ്പിള്ളില്‍ ഗീവര്‍ഗ്ഗീസ്‌ കശീശാ കോറെപ്പിസ്‌കോപ്പ സ്ഥാനത്തേക്കുയര്‍ത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക