Image

ആശങ്കയുടെ വക്കില്‍ പ്രവാസിക്ക് വറുതിയുടെ ഓണവും ബക്രീദും. (ജയന്‍ കൊടുങ്ങല്ലൂര്‍)

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 28 August, 2017
ആശങ്കയുടെ വക്കില്‍ പ്രവാസിക്ക് വറുതിയുടെ ഓണവും ബക്രീദും. (ജയന്‍ കൊടുങ്ങല്ലൂര്‍)
പ്രവാസം എന്ന വാക്കിന് അല്ലെങ്കില്‍ പ്രവാസി എന്ന വാക്കിനു ഞാന്‍ കാണുന്ന അര്‍ത്ഥം പ്രയാസങ്ങളെ പ്രതിരോധിക്കാന്‍ പ്രയാണം നടത്തുന്നവന്‍ എന്നാണ്. പ്രവാസം ഒരു പ്രയാണം തന്നെയാണ്. ഒരു ഒളിച്ചോട്ടം. കഷ്ടതകളെയും കഷ്ടപ്പാടുകളെയും ഗൃഹാതുരത്വത്തിന്റെ ബലിത്തറയില്‍ കുഴിച്ചു മൂടി, ചുണ്ടില്‍ ഒരു പുഞ്ചിരി ഫിറ്റ് ചെയ്തു ജീവിതം വെട്ടിപ്പിടിക്കുന്നവനാണ് പ്രവാസി! പ്രിയപ്പെട്ടവരുടെ കല്യാണത്തിനും പാലുകാച്ചലിനും സമ്മാനങ്ങളും കാശും അയച്ചു കൊടുത്തു ഫോണിലൂടെ ബിസി വിത്ത് വര്‍ക്ക് എന്ന ഒറ്റ വാക്കില്‍ ആശംസകളും നെടുവീര്‍പ്പലുകളും ഒതുക്കുന്നവനാണ് പ്രവാസി.

കനലായി എരിയുന്ന സൂര്യനോട് പടവെട്ടുമ്പോഴും ഒരു മഴ പെയ്‌തെങ്കില്‍ എന്ന് അറിയാതെ ആഗ്രഹിക്കുന്നവന്‍. മരുപ്പച്ചകള്‍ അഥവാ സമാധാനം തേടി തളരാതെ യാത്ര ചെയ്തു കൊണ്ടെയിരിക്കുന്ന പഥികന്‍. ചൂടില്‍ ശരീരത്തിലെ ചോര വറ്റിപ്പോകുന്നത് അറിഞ്ഞിട്ടും പൊരിവെയിലില്‍ കവറോളും ഇട്ടിറങ്ങുന്ന ഓരോ പ്രവാസിയും പോരാളികളാണ്. ചെസ്സ് ബോര്‍ഡില്‍ തന്റെ പിന്നില്‍ നില്‍ക്കുന്ന രാജാവും മന്ത്രിയും അടങ്ങുന്ന രാജ്യം സംരക്ഷിക്കാന്‍ ജീവന്‍ കൊടുക്കുന്ന ചാവേര്‍. നരച്ചും കൊഴിഞ്ഞും കഷണ്ടി സമ്മാനിക്കുന്ന തലയും വെയില് കൊണ്ട് വരണ്ട മുഖവും ദിനദിനം നഷ്ടപ്പെടുന്ന പ്രത്യുല്പാദന ശേഷിയുമായി ജീവിതം നേടുകയാണ് പ്രവാസികള്‍. പച്ചപ്പ് നഷ്ടമാകാത്ത ജന്മനാട്ടില്‍ സ്വപ്നം വിതക്കുന്നവര്‍.

ഓരോ പ്രവാസിയും ഈശ്വരനാണ്. അവന്‍ വിതക്കും, അവനെ ആശ്രയിക്കുന്നവര്‍ കൊയ്യും. അവനു നന്ദിവാക്കുകളും പ്രാര്‍ത്ഥനകളും ഉണ്ടാകും. ഒടുവില്‍ ഒരു നാള്‍ എല്ലാം ഉപേക്ഷിച്ചു നരച്ച മുടിയും തെളിച്ചം നശിച്ച മുഖവുമായി അവനും നാട്ടിലെത്തും. നാടിനെ കാണാന്‍. കുടുംബത്തെ കാണാന്‍. അന്ന് കാണുന്നവരൊക്കെ അവന്റെ ചങ്ക് തകര്‍ക്കുന്ന രണ്ടു ചോദ്യങ്ങള്‍ അവനു സമ്മാനിക്കും; എന്നാ വന്നെ? എന്നാ പോകുന്നത് ? വീണ്ടും കുറെ നാള്‍ കഴിയുമ്പോള്‍ ഉത്തരക്കൊലായില്‍ ചാരിക്കിടക്കുന്ന അവനോടു വീണ്ടുമവര്‍ ചോദിക്കും. കുറേക്കാലം അറബി നാട്ടില്‍ കിടന്നതല്ലേ, എന്തുണ്ടാക്കി എന്ന്? അവിടെയാണ് അവനിലെ ഈശ്വരന്‍ അവന്റെ ഉള്ളിലേക്ക് തന്നെ ചുരുങ്ങുന്നത്. അപ്പോഴും അവന്‍ ചിരിക്കുന്നുണ്ടാകും. അയച്ച കാശിന്റെ കണക്കു സൂക്ഷിക്കാന്‍ മറന്നു പോയ, ആഴിയിലും അളന്നു കളയാന്‍ മറന്നു പോയ വിഡ്ഢിയായ തന്നോട് തന്നെ പുച്ഛിച്ച് അവന്‍ ചിരിക്കും. ഈ ചിരിയിലാണ് അവന്‍ സന്തോഷിക്കുന്നത് ദുഖിക്കുന്നത് അതിനിടയില്‍ കടന്നുപോകുന്ന ആഘോഷങ്ങള്‍ ഓണം വിഷു, പെരുന്നാള്‍ അങ്ങനെ ഒരുപാട് ആഘോഷങ്ങള്‍ പ്രവാസി കഷ്ട്ടപാട് പറഞ്ഞ് ബോറടിപ്പിക്കാന്‍ തുനിയുന്നില്ല അല്ലെങ്കില്‍ തന്നെ ആര്‍ക്കാ ഇത് കേല്‍ക്കാന്‍ താല്പര്യം നമുക്ക് വിഷയത്തിലേക്ക് വരാം

പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പ്രവാസം ജോലി പ്രശനം സ്വദേശി വല്‍ക്കരണത്താല്‍, സാമ്പത്തിക പ്രതിസന്ധിയാല്‍ ജോലി നഷ്ട്ടപെട്ടവര്‍, ശംബളം ലഭിക്കാത്തവര്‍ കുടുംബങ്ങള്‍ക്ക് ചുമത്തിയ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ എന്നിവമൂലം വലിയൊരു ഒഴിഞ്ഞു പോക്കും സാമ്പത്തിക ബാധ്യത പേറി നില്‍ക്കുന്ന പ്രവാസിയുടെ ആഘോഷത്തിലേക്ക് വീണ്ടുമൊരു ബക്രീദും ഓണവും കടന്നുവന്നിരിക്കുകയാണ് എത്രെയൊക്കെ ബാധ്യതഉണ്ടായാലും ആഘോഷങ്ങളില്‍ പങ്കാളിയായി ഓണവും ബക്രീദും മലയാളികള്‍ കൊണ്ടാടുക തന്നെ ചെയ്യും ഓണം ബക്രീദ് ആഘോഷിക്കുന്നതിനായി നിരവധി ആളുകള്‍ പിറന്ന മണ്ണില്‍ എത്തികഴിഞ്ഞു, പതിവ് പോലെ വിമാനകമ്പനികള്‍ ഈ അവസരം പ്രവാസികളെ ചൂക്ഷണം ചെയ്യുകയാണ്.

മുപ്പത്തയ്യായിരം രൂപ മുതല്‍ ഒരു ലക്ഷം വരെയാണു വിവിധ കമ്പനികളുടെ നിരക്ക്. അതായത്  കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ആറിരട്ടിവരെ കൂട്ടിയെന്നു സാരം. സാധാരണ സീസണില്‍ 15,000 വരെയായിരുന്നു റിയാദിലേക്കുള്ള നിരക്കെങ്കില്‍ ഇപ്പോഴത് 50,000 മുതല്‍ 85,000 വരെയായി. കുവൈത്തിലേക്കു പറക്കണമെങ്കില്‍ 30,000 മുതല്‍ 88,000 വരെയും ബഹ്‌റനിലെത്താന്‍ 75,000 വരെയും കൊടുക്കണം. 5000 മുതല്‍ 10,000 രൂപ വരെയായിരുന്ന ദുബായ് ടിക്കറ്റ് നിരക്ക് എത്തിനില്‍ക്കുന്നത് നാല്‍പ്പതിനായിരത്തിലാണ്. ഏറ്റവും കൂടുതല്‍ നിരക്കീടാക്കുന്നത് എയിര്‍ ഇന്ത്യയിലും. അബുദാബിക്കു പോകാന്‍ 30,000 മതല്‍ അറുപതിനായിരം വരെയാകുമ്പോള്‍ ഷാര്‍ജയിലെത്തുന്നതിനു നാല്‍പതിനായിരമാകും. ജിദ്ദ യാത്രയാണ് ഏറ്റവും കഠിനം. എത്തിഹാദ് വിമാനത്തില്‍ ഒരു ലക്ഷമാണ് ടിക്കറ്റ് നിരക്ക്. ഗള്‍ഫ് നാടുകളിലിപ്പോള്‍ അവധിക്കാലമാണ്. അവധിയും ആഘോഷിച്ച് ഓണവും കൂടി മലയാളികള്‍ മടങ്ങുന്ന സമയമാണ് വിമാനക്കമ്പനികളുടെ ചാകരക്കാലം. അത് പരമാവധി മുതലാക്കുകയാണ് വര്‍ദ്ധനവിന്റെ ലക്ഷ്യം. കുടുംബം പോറ്റുന്നതിനുള്ള യാത്രയില്‍ പ്രവാസി കടം മേടിച്ചും കുടുംബത്തെ കാണാന്‍ എത്തുമ്പോള്‍ സാമ്പത്തികഭാരം അവനെ വിടാതെ പിന്തുടരുന്നത് ഒരു പുഞ്ചിരിയില്‍ മറ്റുള്ളവരുടെ ഇടയില്‍ പടര്‍ത്തി എല്ലാവര്ക്കും വേണ്ടി അവന്‍ സ്വയം ഉരുകി തീരുകയാണ് ഇതൊക്കെയാണെങ്കിലും ഓണം മലയാളിക്ക് അവന്റെ ഹൃദയത്തോട് ചേര്‍ന്നതാണ്

നാട്ടില്‍ പോകാന്‍ കഴിയാത്തവരായ ബഹുഭുരിപക്ഷം വരുന്ന ലോക പ്രവാസികള്‍ എന്നും ഐതീഹ്യങ്ങളുടെ ചിറകിലേറി മാവേലി മന്നനെ വരവേല്‍കാന്‍ ഒരുങ്ങുമ്പോള്‍ ഓണവട്ടത്തിന്റെ തിരക്കിലാണ്.ഓരോ പ്രവാസിയും ആഘോഷങ്ങള്‍ എന്തെന്ന്! അറിയാത്തെ വലിയൊരു വിഭാഗം പ്രവാസികള്‍ മണലാരണ്യത്തില്‍ ജീവിതം തളക്കപെട്ടവരെ ഹോമിക്കപെട്ടവരെ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ് നാട്ടിലേതുപോലെയോ അതിനേക്കാള്‍ കേമമായോ ഓണം ആഘോഷിക്കുന്നവരാണ് പ്രവാസികള്‍. ഓണത്തെ വരവേല്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍  ഒരുങ്ങിക്കഴിഞ്ഞു. ആറു നാട്ടില്‍ നൂറു ഭാഷ എന്നു പറഞ്ഞപോലെ പ്രാദേശിക കൂട്ടായ്മകള്‍ മുതല്‍, മുഖ്യധാര രാഷ്ട്രിയ സംഘടനകള്‍ ഗ്ലോബല്‍ കൂട്ടായ്മകള്‍ വരെയുള്ള വലിയ അസോസിയേഷനുകള്‍ വരെ വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ഓണത്തിന് ശേഷവും നാലഞ്ചു മാസത്തോളം ഗള്‍ഫ് നാടുകളില്‍ വിവിധസ്ഥലങ്ങളില്‍ മലയാളികള്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. കാരണം പ്രവാസികളെ സംബന്ധിച്ചിടത്തോളം ആഴ്ചയില്‍ ഒരുദിവസം മാത്രമേ അവര്‍ക്ക് ഒന്നിച്ച് ഒത്തുകൂടാന്‍ അവസരം കിട്ടാറുള്ളൂ. അത് വെള്ളിയാഴ്ചകള്‍ ആയിരിക്കും. അഥവാ ഓണം ആഴ്ചയിലെ മറ്റുദിവസങ്ങളില്‍ ആയാലും പ്രവാസികള്‍ അത് അവരുടെ സൗകര്യാര്‍ത്ഥം മാറ്റാറുണ്ട്. ഇതിലൂടെ ഓണത്തിന്റെ പെരുമ ഓണം കഴിഞ്ഞാലും പ്രവാസി മലയാളികളുടെ മനസില്‍നിന്ന് മായുന്നില്ല.ഓണം മാത്രമല്ല ഈദ് അടക്കമുള്ള എല്ലാ ആഘോഷങ്ങളും ഇതുപോലെയാണ് ആഘോഷിക്കുന്നത് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഈദ് ഓണം തൊട്ടടുത്ത് വരുന്ന ദിവസങ്ങളായതുകൊണ്ട് ഗള്‍ഫില്‍ എല്ലാവര്ക്കും ഈദ് അവധി കിട്ടുന്നതും ഓണവും ഈദും ഒന്നിച്ചു ആഘോഷിക്കുന്നതിന് സാധിക്കുന്നതില്‍ പ്രവാസികള്‍ ഏറെ സന്തോഷത്തിലാണ്

ഒണവിപണി പൊടിപൊടിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പ്രത്യേകിച്ച് ദുബായ് ,സൗദി എന്നിവിടങ്ങളില്‍. മലയാളികളുടെ സൂപ്പര്‍ മാര്‍ക്കറ്റിലെല്ലാം തന്നെ കേരളത്തിലേത്‌പോലെ ഉപഭോക്താക്കള്‍ക്ക് വേണ്ടി നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്. പ്രവാസലോകത്തിന്റെ ഓണാഘോഷത്തിന് കൊഴുപ്പേകാന്‍ സ്‌റ്റേജ് ആര്‍ട്ടിസ്റ്റുകളും പുതുമയുള്ള കലാപരിപാടികളുമായി കടല്‍കടന്നെത്താറുണ്ട്.ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്ന എല്ലായിടങ്ങളിലും ജാതി മത ഭേദമന്യേ ആളുകള്‍ ഒത്തുകൂടും. ആട്ടവും, പാട്ടും, മാവേലിയും, പുലിക്കളിയും ഒക്കെയായി അടുത്ത വര്‍ഷത്തെ ഓണം വരെ മറക്കാനാവാത്ത ഓര്‍മകളും സമ്മാനിച്ചാണ് അവര്‍ പിരിയുക. ഈ വര്‍ഷത്തെ ഓണാഘോഷം കൊഴുപ്പിക്കാന്‍ സംഘടനകളും, അസ്സോസ്സിയേഷനുകളും പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് എറെ ഉത്സാഹത്തില്‍. സാധാരണ കുട്ടികള്‍ക്ക് പഠിക്കാനും, ഹോംവര്‍ക്ക് ചെയ്യാനും വരെ സമയം തികയാതിരിക്കുമ്പോള്‍, ഇല്ലാത്ത സമയം കഷ്ടപ്പെട്ട് ഉണ്ടാക്കി കുട്ടികള്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നു.

പ്രവാസ ജീവിതത്തിന്റെ സാമ്പത്തിക ഭദ്രതയുടെ തുലനാവസ്ഥയ്ക്കായ് ജോലിക്ക് പോകുന്നവരാണ് സ്ത്രീകളിലധികവും. അതിനാല്‍ തന്നെ അവധി ദിവസത്തിന്റെ ആലസ്യമുപേക്ഷിച്ചാണ് സ്ത്രീകളിലധികവും ഓണാഘോഷത്തില്‍ പങ്കാളികളാകുന്നത്. മാവേലി മാന്നന്റെ പേരും പെരുമയും  അറബി നാടുകളില്‍ പോലും കൊട്ടിഘോഷിക്കാന്‍ മലയാളികളുടെ കൂട്ടായ്മകള്‍ കാണിക്കുന്ന ആവേശം എല്ലാ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും പൂര്‍വാധികം ശക്തമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് 2017 ലെ ഓണം നമ്മുടെ മുന്നിലെത്തിനില്‍ക്കുന്ന സമയത്ത് കാണാന്‍ കഴിയുന്നത്.

മലയാളികളുടെ ഇത്തരം കൂട്ടായ്മകള്‍ക്കും അവയുടെ പ്രവര്‍ത്തനങ്ങളള്‍ക്കും ഓണം വിഷു, ഈദ്  തുടങ്ങിയ ആഘോഷ പരിപാടികള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവരും രാജ്യകാരും നല്‍കിവരുന്ന പ്രോത്സാഹനങ്ങളും, സഹായങ്ങളും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. വലിയൊരു തിരിചുപോക്കിന്റെ അവസ്ഥയിലും ജോലിസംബന്ധമായ പ്രശനങ്ങള്‍ക്ക് നടവിലും എല്ലാം മറന്ന് ഒന്നായി ആഘോഷത്തിന്റെ മൂടിലേക്ക് കടന്നടുക്കുന്ന എല്ലാ  മലയാളി പ്രവാസികള്‍ക്കും എല്ലാഅര്‍ത്ഥത്തിലും ഈ വര്‍ഷത്തെ, 2017  ലെ ഓണവും ബക്രിദും ആഘോഷത്തിന്റെ മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കാട്ടെ എന്ന് ആശംസിക്കുന്നു.ഏല്ലാവര്‍ക്കും നല്ലൊരു ഓണം ബക്രീദ് ആശംസ നേരുന്നു

ആശങ്കയുടെ വക്കില്‍ പ്രവാസിക്ക് വറുതിയുടെ ഓണവും ബക്രീദും. (ജയന്‍ കൊടുങ്ങല്ലൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക