Image

പ്രസിഡന്റ്‌ ബറാക്‌ ഒബാമയെ വധിക്കുമെന്ന്‌ ഇ-മെയില്‍ സന്ദേശമയച്ചയാളെ അറസ്റ്റു ചെയ്‌തു

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 07 March, 2012
പ്രസിഡന്റ്‌ ബറാക്‌ ഒബാമയെ വധിക്കുമെന്ന്‌ ഇ-മെയില്‍ സന്ദേശമയച്ചയാളെ അറസ്റ്റു ചെയ്‌തു
സാരറ്റോഗ സ്‌പ്രിംഗ്‌സ്‌ (ന്യൂയോര്‍ക്ക്‌): അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയെ വധിക്കുമെന്ന്‌ ഇ-മെയില്‍ സന്ദേശമയച്ച ബ്രന്റ്‌ ഡിക്കിന്‍സണ്‍ എന്ന മുപ്പത്തിമൂന്നുകാരനെ സാരറ്റോഗ പോലീസ്‌ അറസ്റ്റു ചെയ്‌തു. ഒബാമയെ മാത്രമല്ല, സാരറ്റോഗയിലെ ഒരു സ്‌കൂളിലെ കുട്ടികളേയും വധിക്കുമെന്ന്‌ ഇയാള്‍ ഭീഷണി സന്ദേശമയച്ചു എന്ന്‌ സാരറ്റോഗ കൗണ്ടി ഡിസ്‌ട്രിക്‌റ്റ്‌ അറ്റോര്‍ണി ജയിംസ്‌ മര്‍ഫി പറഞ്ഞു.

ഫെബ്രുവരി പതിനേഴിനാണ്‌ സ്‌കിഡ്‌മോര്‍ കോളേജിലെ പബ്ലിക്‌ ലൈബ്രറി കംപ്യൂട്ടര്‍ വഴി ഭീഷണി സന്ദേശം വൈറ്റ്‌ ഹൗസിന്റെ വെബ്‌സൈറ്റിലെ മെസ്സേജ്‌ ബോര്‍ഡിലേക്ക്‌ അയച്ചത്‌. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം സന്ദേശത്തിന്റെ ഉറവിടം മനസ്സിലാക്കുകയും സാരറ്റോഗ പോലീസിനെ വിവരമറിയിക്കുകയും ചെയ്‌തു. സാരറ്റോഗ മേപ്പിള്‍ അവന്യൂവിലെ ഗേറ്റ്‌വേ മോട്ടലിലെ ഒന്‍പതാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്ന പ്രതിയെ വെള്ളിയാഴ്‌ച രാത്രി പോലീസ്‌ അറസ്റ്റു ചെയ്യുകയും സിറ്റി കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌ത്‌ സാരറ്റോഗ കൗണ്ടി ജയിലിലേക്കയക്കുകയും ചെയ്‌തു. 50,000 ഡോളറാണ്‌ ജാമ്യത്തുക.

ഇന്ന്‌ (മാര്‍ച്ച്‌ 6) പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ജഡ്‌ജിയുടെ ചോദ്യങ്ങള്‍ക്ക്‌ നിസ്സംഗതനായി നിന്ന പ്രതിയുടെ മാനസിക നില പരിശോധിക്കുവാന്‍ രണ്ട്‌ മാനസിക രോഗവിദഗ്‌ദ്ധരെക്കൊണ്ട്‌ പരിശോധിപ്പിച്ച്‌ വെവ്വേറെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുവാന്‍ ജഡ്‌ജി ഉത്തരവിട്ടു. മാര്‍ച്ച്‌ 27-ന്‌ വീണ്ടും പ്രതിയെ കോടതിയില്‍ ഹാജരാക്കും.

സാരറ്റോഗ ഹൈസ്‌കൂള്‍ 1996 ബാച്ചിലെ വിദ്യാര്‍ത്ഥിയാണ്‌ അറസ്റ്റിലായ ബ്രന്റ്‌ ഡിക്കിന്‍സണ്‍ എന്ന്‌ സ്‌കൂള്‍ അധികൃതരും പോലീസും പറഞ്ഞു. സ്‌കിഡ്‌മോര്‍ കോളേജ്‌ സെന്റര്‍ ലൈബ്രറി കംപ്യൂട്ടറില്‍ നിന്ന്‌ ഫെബ്രുവരി 17-നാണ്‌ ആദ്യത്തെ ഇ-മെയില്‍ വൈറ്റ്‌ ഹൗസ്‌ കമന്റ്‌ ബോര്‍ഡിലേക്ക്‌ അയച്ചത്‌. രണ്ടാമത്തെ ഇ-മെയില്‍ സാരറ്റോഗ പബ്ലിക്‌ ലൈബ്രറിയില്‍ നിന്ന്‌ വെള്ളിയാഴ്‌ചയാണ്‌ അയച്ചിരിക്കുന്നതെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാമത്തെ ഇ-മെയിലില്‍ ഒരു സ്‌കൂളില്‍ കടന്ന്‌ കുട്ടികളെ ബന്ദികളാക്കി വധിക്കുമെന്നായിരുന്നു സന്ദേശം. ആ ഇ-മെയില്‍ അയച്ച ഉടനെയായിരുന്നു ലൈബ്രറിയില്‍ നിന്നുതന്നെ പ്രതിയെ പിടികൂടിയത്‌.

`ഇങ്ങനെയുള്ള കാര്യങ്ങള്‍ അതിന്റെ ഗൗരവത്തോടെ തന്നെ ഞങ്ങള്‍ കാണുമെന്നും, നടപടി ഉടനെ എടുക്കുമെന്നും' അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവും സാരറ്റോഗ പോലീസും സംയുക്തമായാണ്‌ കേസന്വേഷണം നടത്തുന്നത്‌.
പ്രസിഡന്റ്‌ ബറാക്‌ ഒബാമയെ വധിക്കുമെന്ന്‌ ഇ-മെയില്‍ സന്ദേശമയച്ചയാളെ അറസ്റ്റു ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക