Image

വരൂ, നമുക്കീ നഗരം പണിയാം! (കവിത: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 06 September, 2017
വരൂ, നമുക്കീ നഗരം പണിയാം! (കവിത: ജയന്‍ വര്‍ഗീസ്)
(ഹൂസ്റ്റണില്‍ നാശം വിതച്ച 'ഹാര്‍വി' ചുഴലിക്കാറ്റിന് ശേഷം)



ശാരികേ , പോരിക!
നിന്റെ ചുണ്ടിലെ,
ഒലിവിലയുടെ ചെറു ശാഖയില്‍,
ഇനിയും സ്വപ്‌നങ്ങള്‍!

പ്രളയ ജലം ഒഴിഞ്ഞു പോകുന്നു,
കരയുടെ കന്യകാത്വം,
കണ്‍ തെളിയുന്നു!
പെട്ടകത്തിന്റെ കവാടങ്ങള്‍ തുറന്ന്, 
നമുക്ക് പുറത്തിറങ്ങാം.
ചക്രവാളത്തില്‍ തല നീട്ടുന്ന
ചുവന്ന സൂര്യനെ സാക്ഷി നിര്‍ത്തി,
വരൂ, നമുക്കീ നഗരം പണിയാം!

ഭോഗാലസ്യത്തിന്റെ വിയര്‍പ്പു കണങ്ങള്‍
ഉപ്പുരസം ചേര്‍ത്ത മണ്ണില്‍,
നിയമ സംരക്ഷണത്തിന്റെ 
ഭ്രാന്തന്‍ തെരുവോരങ്ങളില്‍,
ലെസ്ബിയാനുകള്‍
ചവിട്ടിക്കുഴച്ച മണ്ണില്‍,
നമുക്കീ നഗരം പുതുക്കിപ്പണിയാം!

സൗത്തമേരിക്കന്‍ പെണ്ണുങ്ങളുടെ
ശരീര ചന്തത്തിലിഴഞ്ഞ,
കൊളംബസ്സിന്റെ
കൊളോണിയല്‍ വിഷ ബീജങ്ങള്‍,
അമേരിഗാനോ റാസ്പൂജിയുടെ
അനന്ത ത്യാഗത്തിന്മേല്‍,
അനാസാനത്തെ ആണിയടിച്ചു 
കൊണ്ടാര്‍ത്തു ചിരിക്കുന്‌പോള്‍,

അധിനിവേശ അധാര്‍മ്മികതയില്‍
പൊട്ടി മുളച്ച
പ്രകൃതി വിരുദ്ധ രതിയുടെ
മൃഗ തൃഷ്ണകളെ,
അധികാരത്തില്‍ കണ്ണുവച്ച ഭരണ കൂടങ്ങള്‍
ലൈംഗിക സ്വാതന്ത്ര്യമെന്ന്
പാടിപ്പുകഴ്ത്തുന്‌പോള്‍,
വീണ്ടും നമുക്കീ നഗരം പണിയാം.

സാമൂഹ്യ തന്പുരാക്കന്‍മ്മാര്‍
തള്ളിക്കളഞ്ഞ കല്ലുകള്‍
മൂലക്കല്ലുകളാക്കി വച്ച്,
സ്‌നേഹവും, സൗഹൃദവും
ചേര്‍ത്തു ചാലിച്ച ചാന്തില്‍ ഒട്ടിച്ചു വച്ച്
നമുക്ക് പണിയാം,
നമ്മുടെ പുതിയ നഗരം!

ശാരികേ,
പെട്ടകത്തിന്റെ കിളി വാതില്‍ തുറന്ന്
നിന്നെ ഞാന്‍ കാണുന്നു!
ഇളം ചുണ്ടില്‍ നീ പേറുന്ന
ഒലിവിലക്കൊന്പിലെ
ഒരായിരം സ്വപ്നങ്ങളോടെ!?

Join WhatsApp News
വിദ്യാധരൻ 2017-09-06 10:45:18
സ്വവർഗ്ഗ എതിർവർഗ്ഗ രതി മാറ്റി ജനം
ഒന്നായി മാറിയ കാഴ്‌ചയിൽ ഞാൻ
അത്ഭൂതപരതന്ത്രനായി മാറി ക്ഷണം
മുൻവിധിയില്ലാതെ നാം ഒത്തു ചേർന്നാൽ
നഗരങ്ങൾ പണിയാം കൊടും കെടുതിയിലും
കണ്ടില്ല കെ കെ കെ, നാസികളെ
വർഗ്ഗവാദികളാം വെള്ളക്കാരെ, കണ്ടതോ 
മുസല്‍മാന്‍മ്മാര്‍, ജൂദന്മാർ ഹൈന്ദവരും
കൈകോർത്ത് ക്രൈസ്തവരോടത്തു നിന്ന്
മഹാമാരിയിൽപെട്ടോരെ രക്ഷിക്കും കാഴ്ചയത്രേ
ദൈവവും മനുഷ്യനുമൊന്നായ അരുമയാം നിമിഷം   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക