Image

ഗൗരി വധം: സന്തോഷവും പരിഹാസവുമായി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള സംഘപരിവാര്‍ അനുഭാവികള്‍

Published on 06 September, 2017
ഗൗരി വധം: സന്തോഷവും പരിഹാസവുമായി  മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള സംഘപരിവാര്‍ അനുഭാവികള്‍


ന്യൂദല്‍ഹി: തീവ്ര ഹിന്ദുത്വ വാദത്തിന്റെ വിമര്‍ശകയായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ്‌ വെടിയേറ്റു മരിച്ച സംഭവത്തില്‍ ആഹ്ലാദവുമായി സംഘപരിവാര്‍ അനുഭാവികള്‍. ബിജെപിയുടേയും ആര്‍എസ്‌എസ്‌ അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടേയും ശക്തയായ വിമര്‍ശകയായിരുന്ന  ഗൗരി ലങ്കേഷിനെ വെടിവച്ച്‌ കൊന്നതില്‍ ആഹ്ലാദിച്ചവരില്‍ സീ ന്യൂസിലെ ജാഗ്രതി ശുക്ല അടക്കമുള്ള മാധ്യമപ്രവര്‍ത്തകരുമുണ്ട്‌. സോഷ്യല്‍മീഡിയയിലൂടെയാണ്‌ ആഹ്ലാദ പ്രകടനങ്ങളും പരിഹാസ, അധിക്ഷേപ പരാമര്‍ശങ്ങളും.

ഇത്‌ സന്തോഷിക്കേണ്ട സമയമാണെന്നും ഹിന്ദുരാഷ്ട്രം വിജയിക്കട്ടെ എന്നുമായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരും അനുകൂലികളുമായവരുടെ കമന്റുകളില്‍ പലതും. മാര്‍ക്‌സിസ്റ്റ്‌ ശൂര്‍പ്പണകയെന്നും ഗൗരി ലങ്കേഷിനെ ഇവര്‍ വിശേഷിപ്പിക്കുന്നു. നിങ്ങളുടെ പ്രവൃത്തി നിങ്ങളെ വേട്ടയാടിയെന്നും ദയാരഹിതമായി ഗൗരി ലങ്കേഷ്‌ കൊല്ലപ്പെട്ടു എന്നുമാണ്‌ സീ ന്യൂസിലെ ജാഗ്രതി ശുക്ല പറഞ്ഞത്‌. 

ഇന്നലെ വൈകീട്ടായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേശ്‌ ബംഗളൂരുവിലെ വീട്ടില്‍വെച്ച്‌ വെടിയേറ്റ്‌ മരിച്ചത്‌. വീടിന്‌ മുന്നില്‍ കാറിറങ്ങിയ ലങ്കേഷ്‌ ഗേറ്റ്‌ തുറക്കുന്നതിനിടെയാണ്‌ ആക്രമണം ഉണ്ടായത്‌. സ്ഥലത്ത്‌ വച്ചു തന്നെ ഇവര്‍ മരണപ്പെടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക