Image

വധ ഭീഷണി; ഗിരീഷ്‌ കര്‍ണാട്‌ അടക്കം 18 എഴുത്തുകാര്‍ക്കും ആക്‌റ്റിവിസ്റ്റുകള്‍ക്കും പൊലീസ്‌ സുരക്ഷ

Published on 10 September, 2017
വധ ഭീഷണി; ഗിരീഷ്‌ കര്‍ണാട്‌ അടക്കം 18  എഴുത്തുകാര്‍ക്കും ആക്‌റ്റിവിസ്റ്റുകള്‍ക്കും പൊലീസ്‌ സുരക്ഷ

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നാലെ ഭീഷണി നേരിടുന്ന കര്‍ണാടകയിലെ എഴുത്തുകാര്‍ക്കും യുക്തിവാദികള്‍ക്കും പുരോഗമനചിന്താഗതിക്കാര്‍ക്കും സുരക്ഷയൊരുക്കുന്നു. എഴുത്തുകാരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെ 18 പേര്‍ക്ക്‌ പൊലീസ്‌ സംരക്ഷണം നല്‍കാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌. രഹസ്യാന്വേഷണ എജന്‍സിയുടെ റിപ്പോര്‍ട്ട്‌ പ്രകാരമാണ്‌ ഇവര്‍ക്ക്‌ സംരക്ഷണം ഏര്‍പ്പെടുത്തുന്നത്‌.

നടകകൃത്തും സംവിധായകനും നടനുമായ ഗിരീഷ്‌ കര്‍ണാട്‌, എഴുത്തുകാരന്‍ കെ എസ്‌ ഭഗവാന്‍, നിടുമാമിഡി മഠത്തിലെ വീരഭദ്ര ചെന്നമല്ല സ്വാമി, കും വീരഭദ്രപ്പ, ബരഗുര്‍ രാമചന്ദ്രപ്പ, പാട്ടില്‍ പുട്ടപ്പ, ചെന്നവീര കന്‍വി എന്നിവര്‍ ഉള്‍പ്പെടെ 18 പേര്‍ക്കാണ്‌ സംരക്ഷണമൊരുക്കുന്നതെന്നു ദേശീയ മാധ്യമങ്ങളായ ദി ഹിന്ദു, ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശപ്രകാരമാണ്‌ ഭീഷണിയുള്ള എഴുത്തുകാരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും ലിസ്റ്റ്‌ തയ്യാറാക്കാന്‍ പൊലീസ്‌ തീരുമാനിച്ചത്‌. 

ഗൗരി ലങ്കേഷിന്റെ വധത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌ കഴിഞ്ഞ ദിവസം രംഗത്തു വന്നതിനു പിന്നാലെയാണ്‌ ഭീഷണി നേരിടുന്ന മറ്റുള്ളവര്‍ക്ക്‌ സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക