Image

സ്‌പോണ്‍സര്‍ ഒരുക്കിയ നിയമക്കുരുക്കുകളില്‍ നിന്നും, നവയുഗത്തിന്റെ സഹായത്തോടെ രക്ഷപ്പെട്ട് ബിനീഷ് നാട്ടിലേയ്ക്ക് മടങ്ങി.

Published on 16 September, 2017
സ്‌പോണ്‍സര്‍ ഒരുക്കിയ നിയമക്കുരുക്കുകളില്‍ നിന്നും, നവയുഗത്തിന്റെ സഹായത്തോടെ രക്ഷപ്പെട്ട് ബിനീഷ് നാട്ടിലേയ്ക്ക് മടങ്ങി.
അല്‍ ഹസ്സ: ശമ്പളം കിട്ടാതെയും, നിയമക്കുരുക്കുകള്‍ മൂലവും ദുരിതത്തിലായ മലയാളി യുവാവിന് നവയുഗം സാംസ്‌കാരികവേദി അല്‍ ഹസ്സ മേഖല കമ്മിറ്റി ജീവകാരുണ്യവിഭാഗം തുണയായി. നവയുഗത്തിന്റെ സഹായത്തോടെ ആറു മാസം നീണ്ട നിയമപോരാട്ടങ്ങള്‍ വിജയിച്ച് കന്യാകുമാരി സ്വദേശിയായ ബിനീഷ് നാടണഞ്ഞു.

ഏറെ പ്രതീക്ഷകളോടെ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, അല്‍ ഹസ്സയില്‍ ഒരു ജ്യൂസ് കടയില്‍ ബിനീഷ് ജോലിയ്ക്ക് എത്തിയത്. എന്നാല്‍ വളരെ തിക്തമായ അനുഭവങ്ങളാണ് ജോലിസ്ഥലത്ത് അയാള്‍ക്ക് നേരിടേണ്ടി വന്നത്. ശരിയായ താമസസൗകര്യമോ, ഭക്ഷണമോ, മറ്റു മെഡിക്കല്‍ ആനുകൂല്യങ്ങളോ ലഭിയ്ക്കാതെ വളഞ്ഞ ബിനീഷിന് പലപ്പോഴും പന്ത്രണ്ടു മണിക്കൂറില്‍ കൂടുതല്‍ ആ കടയില്‍ ജോലി ചെയ്യേണ്ടി വന്നു.
എന്നാല്‍ ശമ്പളം രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ വല്ലപ്പോഴുമേ കിട്ടിയുള്ളൂ. സ്‌പോണ്‍സറോട്  ചോദിച്ചാല്‍ എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞ് അടുത്ത മാസം ഒരുമിച്ചു തരാമെന്നു പറയും. അഞ്ചു മാസത്തിലധികം ശമ്പളം കുടിശ്ശികയായപ്പോള്‍ ബിനീഷ് ശക്തമായി പ്രതികരിച്ചു. ശമ്പളം തന്നില്ലെങ്കില്‍ ജോലി ചെയ്യില്ലെന്ന് അയാള്‍ സ്‌പോണ്‍സറോട് തറപ്പിച്ചു പറഞ്ഞു. 

എന്നാല്‍ കടയുടെ ആവശ്യത്തിനായി പോയപ്പോള്‍, തന്റെ വാഹനം അപകടത്തില്‍പ്പെടുത്തി ബിനീഷ്  ഏഴായിരം റിയാലിന്റെ സാമ്പത്തികനഷ്ടം ഉണ്ടാക്കിയെന്നും, അതിനാല്‍ ആ പണം മുഴുവന്‍ പിടിയ്ക്കാതെ ശമ്പളം തരില്ല എന്ന പുതിയ ന്യായമാണ് സ്‌പോണ്‍സര്‍ പറഞ്ഞത്. പിന്നീട് ബിനീഷിന് ശമ്പളമേ കിട്ടാതെയായി.

ആകെ ദുരിതത്തിലായ ബിനീഷ് സഹായം തേടി പല സംഘടനകളെയും വ്യക്തികളെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈന്‍ കുന്നിക്കോടിനെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. ഹുസ്സൈന്‍ കുന്നിക്കോട്  നവയുഗം അല്‍ഹസ്സ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയെ ഈ കേസ് ഏല്‍പ്പിച്ചു. അബ്ദുള്‍ ലത്തീഫിന്റെയും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകന്‍ മണി മാര്‍ത്താണ്ഡത്തിന്റെയും സഹായത്തോടെ ബിനീഷ് ലേബര്‍ കോടതിയില്‍ സ്‌പോണ്‌സര്‍ക്കെതിരെ കേസ് കൊടുത്തു.
 
എന്നാല്‍ അതിനു പ്രതികാരമായി, തന്റെ ഓഫീസിലെ അയ്യായിരം രൂപയും പാസ്‌പ്പോര്‍ട്ടും ബിനീഷ് മോഷ്ടിച്ചു എന്നാരോപിച്ചു സ്‌പോണ്‍സര്‍ പോലീസില്‍ കള്ളക്കേസ് കൊടുത്തു. പോലീസ് ബിനീഷിനെ അറസ്റ്റ് ചെയ്‌തെങ്കിലും, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി ഇടപെട്ട് ജാമ്യത്തില്‍ ഇറക്കി.

വിവിധ കോടതികളിലായി നവയുഗത്തിന്റെ സഹായത്തോടെ ആറുമാസത്തോളം നീണ്ട നിയമയുദ്ധങ്ങള്‍ ബിനീഷ് നടത്തി. മോഷ്ടിച്ചതും, അപകടത്തില്‍ വന്ന നഷ്ടവും ഉള്‍പ്പെടെ  തനിയ്ക്ക് വിവിധ ഇനങ്ങളിലായി പതിനേഴായിരം റിയാല്‍ ബിനീഷ് തരാനുണ്ടെന്നായിരുന്നു കോടതിയില്‍ സ്‌പോണ്‍സറുടെ വാദം. ഇതിനെതിരെ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളിയും,  മണി മാര്‍ത്താണ്ഡവും കോടതികളില്‍  ബിനീഷിനായി  ശക്തമായി വാദിച്ചു

ഒടുവില്‍ അമീര്‍ കോര്‍ട്ടില്‍ കേസ് വാദം പൂര്‍ത്തിയായപ്പോള്‍, സത്യം മനസ്സിലാക്കിയ അമീര്‍ സ്‌പോണ്‍സറോട്, ബിനീഷിന്റെ കേസില്‍ കോടതിയ്ക്ക് പുറത്തു ഒത്തുതീര്‍പ്പ് ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. താന്‍ കേസില്‍ തോല്‍ക്കുമെന്ന് മനസ്സിലായ സ്‌പോണ്‍സര്‍ ഒത്തുതീര്‍പ്പിന് തയ്യാറായി. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഒടുവില്‍, ബിനീഷിന് ഫൈനല്‍ എക്‌സിറ്റും, വിമാനടിക്കറ്റും, ഒരു മാസത്തെ ശമ്പളവും നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു.

വേഗത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി, തന്നെ സഹായിച്ച നവയുഗത്തിന് നന്ദി പറഞ്ഞ്, ബിനീഷ് നാട്ടിലേയ്ക്ക് മടങ്ങി.



സ്‌പോണ്‍സര്‍ ഒരുക്കിയ നിയമക്കുരുക്കുകളില്‍ നിന്നും, നവയുഗത്തിന്റെ സഹായത്തോടെ രക്ഷപ്പെട്ട് ബിനീഷ് നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക