Image

ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പെരുന്നാളിന് തുടക്കമായി

Published on 11 October, 2017
ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പെരുന്നാളിന് തുടക്കമായി
ഡാളസ് സെന്റ് ഇഗ്നേഷ്യസ് ജാക്കോബൈറ്റ് സിറിയക്ക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ, ഓര്‍മ്മപെരുന്നാളും, 40-ാം വാര്‍ഷീകാഘോഷവും, ഒക്ടോബര്‍ 8(ഞായര്‍) വി.കുര്‍ബ്ബാനാനന്തരം, വികാരി റവ.ഫാ.ഡോ.രാജന്‍ മാത്യു, റവ.ഫാ.മാത്യു മണലേല്‍ചിറ എന്നിവരുടെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തിയതോടെ തുടക്കം കുറിച്ചു.

ഒക്ടോബര്‍ 13(വെള്ളി) സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് 6.45 PMന്, വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തില്‍ വാര്‍ഷീകാഘോഷത്തോടനുബന്ധിച്ച്, നടത്തപ്പെടുന്ന കലാപരിപാടികളുടെ റീഹേഴ്‌സല്‍ പൂര്‍ത്തിയായി വരുന്നതായി, ഭക്ത സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക്, ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബര്‍ 14(ശനി) വൈകീട്ട് 6.15 ന് അഭിവന്ദ്യ മെത്രാപോലീത്താക്ക് സ്വീകരണവും, തുടര്‍ന്ന് സന്ധ്യാപാര്‍ത്ഥനക്കുശേഷം വെരി.റവ.ജോണ്‍വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ വചന പ്രഘോഷണവും നടത്തും. 15-ാം തീയതി(ഞായര്‍) രാവിലെ 9 മണിക്ക് അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍, മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമായി ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ, ഭക്തിനിര്‍ഭരമായ പ്രദിക്ഷണവും നടത്തപ്പെടും.
40-ാം വാര്‍ഷീകത്തോടനുബന്ധിച്ച് ഈ വര്‍ഷം ഇടവകയുടെ ആഭിമുഖ്യത്തില്‍, ഇടുക്കി, ഹൈറേഞ്ച് മേഖലയില്‍പ്പെട്ട, നിര്‍ധനരും ഭവനരഹിതരുമായ നാലു പേര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുന്നതിനായുള്ള 'ഭവന നിര്‍മ്മാണ പദ്ധതി' യുടെ ഔപചാരിക ഉദ്ഘാടന കര്‍മ്മം അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമനസുകൊണ്ട് നിര്‍വഹിക്കും.

ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്, ശ്രീ.അബ്രാഹാം കോര, അല്കസ് തോമസ്, ബോബി പോള്‍, കുരിയാക്കോസ് ജോണ്‍ എന്നിവരുടെ കുടുംബാംഗങ്ങളാണ്. ഞായറാഴ്ച ഉച്ചക്ക് നടക്കുന്ന സ്‌നേഹവിരുന്നോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പെരുന്നാളിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക