Image

ടൊറന്റോ ക്‌നാനായ കാത്തലിക് പള്ളിയില്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി

Published on 15 October, 2017
ടൊറന്റോ ക്‌നാനായ കാത്തലിക് പള്ളിയില്‍ തിരുനാള്‍ ഭക്തിസാന്ദ്രമായി
ടൊറന്റോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ ടൊറന്റോയുടെ സ്വര്‍ഗീയ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ പ്രധാന തിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. മിസ്സിസാഗായിലുള്ള സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ചാണ് തിരുനാള്‍ നടത്തപ്പെട്ടത്. ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളി വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയില്‍ മിസ്സിസാഗാ എക്‌സാര്‍ക്കേറ്റിന്റെ പ്രഥമ വൈദീകന്‍ ഫാ. ഡാരീസ് മൂലയില്‍ തിരുനാള്‍ സന്ദേശം നല്‍കി. വികാരി ഫാ. പത്രോസ് ചമ്പക്കര സഹകാര്‍മികനായിരുന്നു.

വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു ലദീഞ്ഞും ആഘോഷമായ പ്രദക്ഷിണവും നടത്തുകയുണ്ടായി. ചെണ്ടമേളങ്ങളുടേയും, മുത്തുക്കുടകളുടേയും അകമ്പടിയോടെ നടത്തപ്പെട്ട പ്രദക്ഷിണം ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തി. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, തിരുനാള്‍ ഏല്‍പിക്കലും നടന്നു. അടുത്തവര്‍ഷത്തെ തിരുനാള്‍ മാത്യു & ആലീസ് കുടിയിരിപ്പില്‍ ഏറ്റെടുത്തു. മിഷനിലെ ഒരു അഭ്യുദയകാംക്ഷി സംഭാവന ചെയ്ത രുദ്രക്ഷ കൊന്തമാല ജനകീയ ലേലത്തിലൂടെ 6700 ഡോളര്‍വരെ വിളിച്ച് വിപിന്‍ & പ്രിന്‍സി ചാമക്കാല സ്വന്തമാക്കി.

മിഷന്‍ ഡയറക്ടര്‍ ഫാ. പത്രോസ് ചമ്പക്കര, മുന്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. റോയി & മേഴ്‌സി പുത്തന്‍കുളമായിരുന്നു പ്രസുദേന്തി. മിഷന്റെ ചരിത്രത്തില്‍ ആദ്യമായി തിരുനാള്‍ ഏറ്റെടുത്ത ഈ കുടുംബത്തെ ഇടവക ജനം ഒന്നുചേര്‍ന്നു നന്ദി അര്‍പ്പിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മധ്യസ്ഥതയാല്‍ വരുന്ന മൂന്നു വര്‍ഷത്തേക്കുള്ള പ്രസുദേന്തിമാരെ ലഭിച്ചതില്‍ ദൈവജനം ഒന്നുചേര്‍ന്നു ദൈവത്തിനു നന്ദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക