Image

കെ.ആര്‍.നാരായണനെതിരേ ജാതി അധിക്ഷേപമെന്ന്‌ പരാതി; മഞ്‌ജു വാര്യര്‍ ചിത്രം 'ഉദാഹരണം സുജാത' വിവാദത്തില്‍

Published on 15 October, 2017
 കെ.ആര്‍.നാരായണനെതിരേ ജാതി അധിക്ഷേപമെന്ന്‌ പരാതി; മഞ്‌ജു വാര്യര്‍ ചിത്രം 'ഉദാഹരണം സുജാത' വിവാദത്തില്‍


മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണനെ ജാതിപരമായി അധിക്ഷേപിച്ചെന്ന്‌ ചൂണ്ടിക്കാട്ടി മഞ്‌ജു വാര്യര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച 'ഉദാഹരണം സുജാത' എന്ന ചിത്രത്തിനെതിരേ പരാതി. ഫാന്റം പ്രവീണ്‍ എന്ന നവാഗത സംവിധായകന്റെ ഇപ്പോള്‍ തീയേറ്ററുകളില്‍ തുടരുന്ന ചിത്രത്തിനെതിരെ കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ്‌ ആണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. മുഖ്യമന്ത്രി, സാംസ്‌കാരികവകുപ്പ്‌ മന്ത്രി, പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ എന്നിവര്‍ക്കാണ്‌ പരാതി.

ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച ജോര്‍ജ്ജ്‌ പോള്‍ എന്ന കഥാപാത്രം മഞ്‌ജു വാര്യരുടെ സുജാത കൃഷ്‌ണനോട്‌ പറയുന്ന സംഭാഷണം ചൂണ്ടിക്കാട്ടിയാണ്‌ പരാതി. മാതാപിതാക്കളുടെ ജോലി തന്നെ മക്കളും ചെയ്യേണ്ടിവന്നാല്‍ കെ.ആര്‍.നാരായണന്‌ തെങ്ങുകയറ്റക്കാരന്‍ ആകേണ്ടിവരുമായിരുന്നെന്നാണ്‌ നെടുമുടിയുടെ കഥാപാത്രം ചിത്രത്തില്‍ പറയുന്നത്‌. 

 മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം അത്തരത്തില്‍ മീന്‍പിടുത്തക്കാരനാകേണ്ടയാളാണെന്നും ചിത്രത്തില്‍ പരാമര്‍ശമുണ്ട്‌.

എന്നാല്‍ കെ.ആര്‍.നാരായണന്റെ പിതാവ്‌ നാട്ടുവൈദ്യനായിരുന്നുവെന്നും അബ്ദുള്‍ കലാമിന്റെ പിതാവ്‌ മീന്‍പിടുത്ത ബോട്ടുകള്‍ വാടകയ്‌ക്ക്‌ നല്‍കുന്ന ആളായിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സിനിമയിലെ പരാമര്‍ശങ്ങള്‍ ഈ വ്യക്തിത്വങ്ങളെ ബോധപൂര്‍വ്വം അധിക്ഷേപിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയതാണെന്നാണ്‌ ആക്ഷേപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക