Image

അനശ്വര പ്രണയ കൂടീരത്തിനും അസഹിഷ്ണുതയുടെ അവകാശവാദം (ശ്രീകുമാര്‍)

ശ്രീകുമാര്‍ Published on 19 October, 2017
അനശ്വര പ്രണയ കൂടീരത്തിനും അസഹിഷ്ണുതയുടെ അവകാശവാദം  (ശ്രീകുമാര്‍)
അനശ്വര പ്രണയത്തിന്റെ സ്മാരക സൗധവും ലോകാത്ഭുതങ്ങളിലൊന്നും ആഗോള വിനോദ സഞ്ചാരികളുടെ നിത്യ വിസ്മയവുമായ താജ് മഹല്‍ ഒരു അവകാശ തര്‍ക്കത്തിലാണിപ്പോള്‍. യമുനാ നദിക്കരയിലെ ഈ വെണ്ണക്കല്‍ ശില്‍പ്പത്തിന്റെ മേല്‍ കണ്ണുവച്ചിരിക്കുന്നത് കടുത്ത മതഭ്രാന്തിന്റെ വക്താക്കളായ സംഘപരിവാര ശക്തികളാണ്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ത്യയെ ഹൈന്ദവവല്‍ക്കരിക്കുന്ന പ്രക്രിയയുടെ മറ്റൊരു ഉദാഹരണമാണ് താജ് മഹലിന്‍മേലുള്ള അവകാശ വിവാദം. താജ് മഹല്‍ നേരത്തേ 'തേജോമഹാലയ' എന്ന ശിവക്ഷേത്രമായിരുന്നെന്നും പിന്നീട് ഷാജഹാന്‍ ആ ക്ഷേത്രം തകര്‍ത്ത് താജ് മഹല്‍ സ്ഥാപിക്കുകയായിരുന്നെന്നും ബി.ജെ.പി രാജ്യസഭാംഗം വിനയ് കത്യാര്‍ അഭിപ്രായപ്പെട്ടതോടെ വിവാദത്തിന് തിരികൊളുത്തപ്പെട്ടു.

താജ് മഹലുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ആരോപണങ്ങളുയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നും താജ് മഹല്‍ ഒഴിവാക്കുകയുമുണ്ടായി. ഉത്തര്‍പ്രദേശിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രതിപാദിക്കുന്ന ബ്രോഷറില്‍ നിന്നാണ് താജ് മഹലിന്റെ പേര് ഒഴിവാക്കിയത്. അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുരോഹിതനായ ഗോരഖ്പുരിലെ ക്ഷേത്രത്തിന്റെ പേര് വരെ പ്രസ്തുത ബ്രോഷറില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

യോഗി ആദിത്യനാഥ് നേരത്തേ താജ് മഹലിനെതിരേ വിവാദ പരാമര്‍ശം നടത്തിയെങ്കിലും ഇന്ത്യന്‍ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും കൊണ്ടാണ് താജ് മഹല്‍ നിര്‍മിച്ചതെന്ന് പിന്നീട് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. മുഗള്‍ ഭരണാധികാരി ഷാജഹാന്‍ നിര്‍മ്മിച്ച താജ്മ ഹല്‍ ഇന്ത്യന്‍ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നില്ല. അതിനാലാണ് താജ് മഹലിന്റെ ചിത്രങ്ങള്‍ക്ക് പകരം ഭഗവദ് ഗീതയുടെയും രാമായണത്തിന്റെയും പതിപ്പുകള്‍ വിദേശികള്‍ക്ക് സര്‍ക്കാര്‍ പ്രതിനിധികള്‍ നല്‍കുന്നതെന്നും ആദിത്യനാഥ് അടുത്തിടെ പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.

 എന്നാല്‍ താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നാണ് ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ അസഹിഷ്ണതയുടെ വിളംബരമായ കമന്റ്. ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് താജ് മഹലിനെ നീക്കം ചെയ്തത് കുറെയാളുകളെ വിഷമിപ്പിച്ചിട്ടുണ്ട്. താജ് മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്ന് ഈ ജനപ്രതിനിധി ഉളുപ്പില്ലാതെ ചോദിക്കുന്നു. സ്വന്തം പിതാവിനെ തടവിലാക്കിയ ആളാണ് താജ് മഹലിന്റെ നിര്‍മാതാവായ ഷാജഹാന്‍. ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാന്‍ ശ്രമിച്ചയാളാണ് അദ്ദേഹം. ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം നമ്മള്‍ മാറ്റുമെന്നും സംഗീത് സോം മുന്നറിയിപ്പ് നല്‍കുന്നു.

'കാലത്തിന്റെ കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളി' എന്നാണ് വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോര്‍ താജ് മഹലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്‌നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച താജ് മഹല്‍ വിവാദത്തില്‍ പെടുമ്പോഴും അതിന്റെ വാസ്തു ശില്‍പ ഭംഗിക്ക് ഒട്ടും മങ്ങലേല്‍ക്കുന്നില്ല. അതിന്റെ പ്രണയ സാക്ഷ്യത്തിന് തിളക്കമേറുകയും ചെയ്യുന്നു. പേര്‍ഷ്യന്‍, ഒട്ടോമന്‍, ഇന്ത്യന്‍, ഇസ്ലാമിക് എന്നീ വാസ്തു വിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തു വിദ്യയുടെ മകുടോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് വര്‍ഷം എടുത്തുവത്രേ.

 ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്‌കോയുടെ പട്ടികയില്‍ 1983ല്‍ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലില്‍ പണിത സൗധമാണ് ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേര്‍ന്ന ഒരു സമുച്ചയമാണ് താജ്  മഹല്‍. ഇതിന്റെ പണി ഏകദേശം 1632 ല്‍ തുടങ്ങി 1653 ല്‍ തീര്‍ന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്നാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് പ്രധാന ശില്പി.

ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹല്‍ 1631ല്‍ തന്റെ 14-ാത്തെ കുട്ടിയായ ഗൗഹറ ബേഗത്തിന് ജന്മം നല്‍കുന്നതിനിടയില്‍ മരിച്ചു. ഷാജഹാന് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു അത്. പക്ഷേ പ്രിയ ഭാര്യയുടെ മരണം മൂലം അദ്ദേഹം അതീവ ദുഖിതനായി. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ്  മഹല്‍ പണിയുവാനുള്ള പ്രേരണ. താജ് മഹലിന്റെ പണികള്‍ മുംതാസിന്റെ മരണത്തിനു ശേഷം ഉടന്‍ തന്നെ തുടങ്ങുകയുണ്ടായി. 1648 ല്‍ ഒരു അടിസ്ഥാന ശവകുടീരം പണിതീര്‍ന്നു. പിന്നീട് ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പിന്നീടുള്ള അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് പണിതീര്‍ന്നത്.

എന്തായാലും ഈ മനോഹര സൗധം രാജ്യത്തിന്റെ സമ്പത്താണെന്നും അതിനെ ഒരു പ്രത്യേക മതവിഭാഗവുമായോ ജാതിയുമായോ ബന്ധപ്പെടുത്തുന്നത് ഭാരതം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്ണുതയ്ക്ക് കളങ്കമേല്‍പ്പിക്കും എന്നതില്‍ തര്‍ക്കമില്ല. ലോകത്തെ വിസ്മയിപ്പിക്കുന്ന വാസ്തു ശില്‍പമാണ് താജ് മഹല്‍. തന്റെ സ്‌നേഹഭാജനത്തിനായി നിര്‍മ്മിച്ച ഇതുപോലൊരു സ്മാരകം ലോകത്ത് മറ്റൊരിടത്തും കാണില്ല. ലോകാത്ഭുതങ്ങളിലൊന്നായി താജ് മഹല്‍ മാറിയത് അതുകൊണ്ട് തന്നെയാണ്. താജ് മഹല്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് ഭാരതത്തിന്റെ ചരിത്രമാണ്. എന്നാല്‍, നാം എവിടെ നിന്നാണ് അതിനെ വീക്ഷിക്കുന്നത് എന്നത് പരമ പ്രധാനമാണെന്ന് മതത്തെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ മനസിലാക്കിയില്ലെങ്കില്‍ മതേതര മനസുകള്‍ക്ക് ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വരും. 




അനശ്വര പ്രണയ കൂടീരത്തിനും അസഹിഷ്ണുതയുടെ അവകാശവാദം  (ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക