Image

പതിനൊന്നില്‍ നിന്നും ഒന്നിലേക്ക് .. പനിച്ചത് വെറുതെ ആയി..

Published on 19 October, 2017
പതിനൊന്നില്‍ നിന്നും ഒന്നിലേക്ക് .. പനിച്ചത് വെറുതെ ആയി..
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഒന്നാം പ്രതിയാകുന്നതോടെ നിര്‍ണ്ണായക വഴിത്തിരിവിലേക്ക് .
കൊച്ചിയില്‍ പൊലീസ് സേഫ് ഹൗസില്‍ ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗമെടുത്ത് തീരുമാനം ദിലീപ് ഈ കേസില്‍ പൂര്‍ണ്ണമായും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിന് അടിവരയിടുന്ന രീതിയിയിലേക്കു പോലീസ് എത്തിച്ചേരുന്നു.

മഞ്ജുവാര്യരുമായി ലോഹ്യമുണ്ടെന്നു പ്രതിഭാഗം ആരോപണം ഉന്നയിക്കുന്ന എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നടന്‍ ഒന്നാം പ്രതി ആകുവാന്‍ പോകുന്നത് .നടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്തിയ സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) രണ്ടാം പ്രതിയാകും.

ഗൂഢാലോചന എന്നതു കുറ്റകൃത്യത്തില്‍ പങ്കെടുത്തതിനു തുല്യമാണെന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ദിലീപിനെ കേസില്‍ ഒന്നാം പ്രതിയാക്കാനുള്ള നീക്കം. നിലവില്‍ സുനില്‍കുമാര്‍ ഒന്നാംപ്രതിയും ദിലീപ് പതിനൊന്നാം പ്രതിയുമാണ് .

കൃത്യം നടത്തിയതു ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ദിലീപ് പറഞ്ഞതനുസരിച്ചു ക്വട്ടേഷന്‍ ഏറ്റെടുത്തയാളാണു സുനില്‍ കുമാര്‍. കുറ്റകൃത്യത്തില്‍ നേരിട്ട് ഏര്‍പ്പെട്ടവര്‍ക്കു നടിയോട് മുന്‍ വൈരാഗ്യമുണ്ടെന്നു കണ്ടെത്താനായിട്ടില്ല. എട്ടു വകുപ്പുകള്‍ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണു താരത്തിനെതിരായ കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നാണു വിവരങ്ങള്‍.

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ക്കെതിരെ നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ ഇതിന് അനുബന്ധമായാണ് കുറ്റപത്രം നല്‍കുക. നടിയുടെ അശ്ളീലദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന സുനിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കിയാണ് തുടരന്വേഷണം നടത്തി ദിലീപിനെ പ്രതിയാക്കിയത്. ഗൂഢാലോചനക്കുറ്റത്തിന് പുറമേ കൂട്ട മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തിയാകും കുറ്റപത്രം നല്‍കുക.

ഗായിക റിമി ടോമിയടക്കം 21 പേരുടെ രഹസ്യമൊഴികളും സാക്ഷിമൊഴികളും കുറ്റസമ്മത മൊഴികളും ഫോറന്‍സിക് പരിശോധനാ ഫലവും ഫോണ്‍ കോള്‍ രേഖ, ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയത്. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണും മെമ്മറികാര്‍ഡും ഇനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവ കണ്ടെത്താന്‍ തുടരന്വേഷണത്തിന് പൊലീസ് കോടതിയില്‍ അനുമതി തേടും. ഇതോടൊപ്പം കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന ആവശ്യം സര്‍ക്കാരിനോട് ഉന്നയിക്കുന്നുണ്ട്.

ഫെബ്രുവരി 17 നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി നടി ആക്രമിക്കപ്പെട്ടത്. മഞ്ജു വാര്യരുമൊത്തുള്ള വിവാഹജീവിതം തകര്‍ത്തതിലുള്ള പക നിമിത്തമാണ് നടിക്കെതിരെ ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നും ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് നല്‍കിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

നടി അക്രമിക്കപെട്ട സംഭവത്തില്‍ ആഴ്ചകളോളം നീണ്ടു നിന്ന അകാംഷകള്‍ക്ക് വിരാമാമമിട്ടു നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ കേരളജനതയ്ക്ക് ഒപ്പം ഞെട്ടിയത് അതുവരെ ആ നടന് വേണ്ടി അയാളുടെ മാസ്മരിക അഭിനയചാതുരിയില്‍ വീണു പോയത് കൊണ്ട് മാത്രം അയാള്‍ക്ക് വേണ്ടി വാദിച്ച സഹപ്രവര്‍ത്തകര്‍ കൂടിയാണ്.

ഇതൊരു തുടക്കം മാത്രം. ഈ കേസില്‍ ഇനിയും കുടുങ്ങാന്‍ ഉള്ളവര്‍ പുറത്തുനില്‍ക്കുന്നു എന്നാണു കേരളസമൂഹം ഒന്നടങ്കം വിശ്വസിക്കുന്നത്. വരും ദിവസങ്ങള്‍ ആ കാഴ്ച്ചയിലെക്കാകും നമ്മള്‍ കണ്ണും കാതും കൂര്‍പ്പിക്കുക. കേരള പോലിസിനെ, മാധ്യമങ്ങളെ ദിലീപ് വട്ടം കറക്കി . പക്ഷെ ദിലീപിനേക്കാള്‍ വലിയ അടവുകള്‍ പയറ്റിതെളിഞ്ഞവര്‍ ആണ് കേരള പോലിസ് എന്ന സത്യം വിസ്മരിച്ചു. മിമിക്രിയില്‍ തുടങ്ങി മലയാള സിനിമയുടെ ഗതി നിര്‍ണ്ണയിക്കുന്നിടം വരെ എത്തിനിന്നപ്പോള്‍ ഇനിയൊരു പതനം സ്വപ്നങ്ങളില്‍ പോലും ദിലീപ് കണ്ടുകാണില്ല.

ദിലീപ് ഒന്നാം പ്രതിയായി വിചാരണയ്ക്ക് വരുന്നതോടു കൂടി കാര്യങ്ങള്‍ പൊലീസിന് അനുകൂലമായി വരുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉള്ളത്. ഒരു പെണ്‍കുട്ടിയുടെ അഭിമാനത്തിനു ഒന്നരകോടിയുടെ കോട്ടേഷന്‍ നല്‍കിയ ദിലീപിന് തെറ്റിയത് എവിടെയെന്നു ഇനിയുള്ള ജീവിതത്തില്‍ എങ്കിലും ഒന്ന് ചിന്തിച്ചു നോക്കണം . ഒന്നരകോടിയല്ല ഒരു പെണ്ണിന്റെ മാനത്തിനു വില. ഒന്നിനും കൊള്ളാത്ത ചില ഗുണ്ടകളെ വിട്ടു ഇല്ലാതാക്കാന്‍ കഴിയുന്നതും അല്ല ഒരു പെണ്ണിന്റെ ആത്മാഭിമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക