Image

സംവിധാനം ഐ വി ശശി (അനില്‍ കെ.പെണ്ണുക്കര )

അനില്‍ കെ.പെണ്ണുക്കര Published on 24 October, 2017
സംവിധാനം ഐ വി ശശി (അനില്‍ കെ.പെണ്ണുക്കര )
സംവിധാനം ഐ വി ശശി എന്ന് വെള്ളിത്തിരയില്‍ കാണുമ്പോള്‍ കാണികള്‍ ആവേശത്തോടെ കയ്യടിക്കുന്നു ഒരു കാലം മലയാള സിനിമയ്ക്കുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനം  താര രാജാക്കന്മാര്‍ കയ്യടക്കിയപ്പോള്‍ സംവിധായകന്‍ ഒരു വിളിപ്പാടകലെ ആയി. എങ്കിലും ഐ വി ശശി എന്ന സംവിധായകന്‍ വലിച്ചിട്ട് ഇരുന്ന കസേര ഇപ്പോഴും അതേപോലെ തന്നെ കിടക്കാട്ടുന്നു. പകരക്കാരില്ലാതെ.

ഹിറ്റ് മേക്കര്‍ എന്ന വിശേഷണം പല സംവിധായകര്‍ക്കും ചാര്‍ത്താം, എന്നാല്‍ സൂപ്പര്‍ ഹിറ്റ് മേക്കര്‍ എന്നോ മാസ്റ്റര്‍ ഡയറക്ടറെന്നോ മാസ്റ്റര്‍ ടെക്‌നീഷ്യനെന്നോ ഒക്കെയുള്ള വിശേഷണമാണ് ഐ.വി ശശി എന്ന പേരിന് ചേരുക ആര്‍ക്കാണ് അറിയാത്തത്. ഒരു താരത്തെ കേന്ദ്രീകരിച്ച് സിനിമയെടുക്കുക എന്ന രീതിയില്‍നിന്നു മാറി ഒന്നിലധികം താരങ്ങളെ നിരത്തി മള്‍ട്ടിസ്റ്റാര്‍സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഐ വി ശശി തീയേറ്ററുകളിലെത്തിച്ചു. നടന്മാരെ സിനിമയില്‍ വിന്യസിക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ കണിശതയും ശ്രദ്ധേയമായിരുന്നു. ഒരു വര്‍ഷം പത്തിലേറെ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകന്‍. അതിലേറെയും സൂപ്പര്‍ ഹിറ്റുകള്‍.

താരങ്ങളുടെ പകിട്ടിലായിരുന്നില്ല ഐ വി ശശിയുടെ സിനിമകള്‍ പ്രദര്‍ശനവിജയം നേടിയത്. സിനിമയുടെ പേരിനൊപ്പം വരുന്ന വലുപ്പം സംവിധായകന്റെ പേരിന് പോസ്റ്ററില്‍ വന്നത് വെറുതെയല്ല. ഐവി ശശി എന്ന സംവിധായകനെ കണ്ടാണ് പലരും സിനിമയ്ക്ക് കയറിയത്.മലയാള സിനിമയില്‍ സൂപ്പര്‍താരങ്ങളെ നിര്‍മിച്ചെടുത്ത ഒരു കമ്പനി ആയിരുന്നു ഐ വി ശശിയുടേത്. ആള്‍ക്കൂട്ടത്തെ വച്ച് സിനിമ എടുക്കാന്‍ ധൈര്യപ്പെടുമ്പോഴും ആ ആള്‍ക്കൂട്ടത്തില്‍ തനിയെ ഒരു കസേരയിലിരിക്കുന്ന ഐവിശശിയില്‍ അതിന്റെ കടിഞ്ഞാണ്‍ ഭദ്രമായിരുന്നു. സഹാനുഭൂതി പിടിച്ചുപറ്റുന്ന പ്രമേയങ്ങളിലും സ്ഥിരപ്രണയ പരിസരങ്ങളിലും ഒരു കുട്ടിയുടെ സാന്നിധ്യവുമായി ചുറ്റിത്തിരിഞ്ഞ സിനിമയ്ക്ക് ഐവിശശി എന്ന നാലക്ഷരം പുതുവഴി തുറക്കുകയായിരുന്നു.

ആള്‍ക്കൂട്ടം നിറഞ്ഞ അദ്ദേഹത്തിന്റെ ഫ്രെയിമുകള്‍ കണ്ട് ആളുകള്‍ തിയേറ്ററുകളിലേക്ക് ഒഴുകി. തലമുറകള്‍ക്കിപ്പുറവും പൗരുഷത്തിന്റെ പ്രതീകമായി കണക്കാക്കുന്ന അങ്ങാടിയിലെ ജയനും ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനും മമ്മൂട്ടിയെന്ന നടന്റെ മെഗാസ്റ്റാര്‍ പദവിയിലേക്ക് നയിച്ച ഇന്‍സ്‌പെക്ടര്‍ ബല്‍റാമും ആവനാഴിയും ഒക്കെ ഐ വി ശശി ഐക്ഷനും കട്ടും പറഞ്ഞ സിനിമകളായിരുന്നു. അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ വിപ്ലവം സൃഷ്ടിക്കാനും അദ്ദേഹത്തിനായി. അന്നുവരെ പരിചിതമായിരുന്ന മലയാള നായികാസങ്കല്‍പങ്ങളെ പൊളിച്ചെഴുതുന്നതായിരുന്നു സീമ കേന്ദ്രകാഥാപാത്രത്തെ അവതരിപ്പിച്ച ആ ചിത്രം. പിന്നീട സീമ ഐ വി ശശിയുടെ പ്രിയതമയായത് ചരിത്രം.

ജോണ്‍ പോളിന്റെ ഇണ, അതിരാത്രം, ലോഹിതദാസിന്റെ മൃഗയ, രഞ്ജിത്തിന്റെ നീലഗിരി, ദേവാസുരം, ഡെന്നീസ് ജോസഫും രഘുനാഥ് പാലേരിയും ഒന്നിച്ച അര്‍ത്ഥന, ബാബു ജനാര്‍ദ്ദനന്റെ വര്‍ണപ്പകിട്ട്, ശ്രീകുമാരന്‍ തമ്പിയുടെ അക്ഷരത്തെറ്റ്, അനുഭൂതി തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ഐ.വി. ശശിയുടെ തൊപ്പിയിലെ തൂവലുകളായുണ്ട്. സിനിമയുടെ ചരിത്രത്തില്‍ വകയിരുത്താവുന്ന എന്തെങ്കിലുമില്ലാത്ത ഒരു സിനിമയും ഐ.വി. ശശി ചെയ്തിട്ടില്ല. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും നീണ്ട നിരതന്നെ ആ സിനിമകളില്‍ നിന്നുണ്ടായി. കമല്‍ഹാസനും ശ്രീദേവിയുമൊക്കെ ഇന്ത്യന്‍ സിനിമയിലെ സുവര്‍ണതാരങ്ങളായി. ബോളിവുഡിലെ ഏറ്റവും വലിയ മലയാളി സാന്നിധ്യവുമായ പ്രിയദര്‍ശന്‍ ഐ.വി. ശശി സ്‌കൂളില്‍ പഠിച്ചിറങ്ങിയതാണ്. കോഴിക്കോടിന്റെ സ്വന്തം സംവിധായകരായ ഷാജൂണ്‍ കാര്യാലും ജോമോനും ആ നിരയിലുണ്ട്. കമലഹാസനെയും രജനികാന്തിനെയും ഒരുമിച്ച് അലാവുദ്ദീനും അത്ഭുതവിളക്കിലൂടെ മലയാളത്തിലേക്ക് കൊണ്ടുവന്നു. കമലഹാസനെ വെച്ചെടുത്ത ഗുരു (1980) തമിഴില്‍ 365 ദിവസം നിര്‍ത്താതെ പ്രദര്‍ശിപ്പിച്ചതോടെയാണ് കമല്‍ തമിഴ്മണ്ണില്‍ വേരുറപ്പിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ആ പ്രസ്ഥാനത്തില്‍ മൂന്നുപതിറ്റാണ്ട് പിന്നിട്ടിട്ടും കത്തിനില്‍ക്കുന്നു. രണ്ടുപതിറ്റാണ്ട് നായികയായിനിന്ന സഹയാത്രിക സീമ ഇന്നും വെള്ളിത്തിരയില്‍ സാന്നിധ്യമറിയിക്കുന്നു. അങ്ങനെ താരങ്ങള്‍ക്കു സുവര്‍ണ്ണ സിംഹാസനം ഒരുക്കിയ ഹിറ്റ് മേക്കര്‍ വിടപറയുമ്പോള്‍ അദ്ദേഹം തലയില്‍ വച്ച ആതൊപ്പി മലയാളി അദ്ദേഹത്തിന് മാത്രമായി നല്കിയതാണെന്ന് എന്നതില്‍ ആര്‍ക്കാണ് സംശയം.


സംവിധാനം ഐ വി ശശി (അനില്‍ കെ.പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക