Image

കലി കാലത്തില്‍ "സൂര്യന്‍' ഉദിക്കുമ്പോള്‍ (ലൗഡ് സ്പീക്കര്‍ 8: ജോര്‍ജ് തുമ്പയില്‍)

Published on 30 October, 2017
കലി കാലത്തില്‍ "സൂര്യന്‍' ഉദിക്കുമ്പോള്‍ (ലൗഡ് സ്പീക്കര്‍ 8: ജോര്‍ജ് തുമ്പയില്‍)
അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ ഒരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നു. അമേരിക്കയിലേക്ക് കുടിയേറുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണത്രേ. 654000 ഇന്ത്യക്കാര്‍ ഔദ്യോഗികമായി അമേരിക്കയില്‍ തങ്ങുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനൗദ്യോഗികമായിട്ടുള്ളത് എത്ര വരുമോ എന്തോ? ഇന്ത്യക്കാരുടെ എണ്ണം രണ്ടായിരമാണ്ടില്‍ ഒരു മില്യണ്‍ ആയിരുന്നത്, ഇപ്പോള്‍ 16 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 2.4 മില്യനായി വര്‍ദ്ധിച്ചിരിക്കുന്നു. ഇപ്പോഴും നിയമപരമായി അമേരിക്കയിലെത്താന്‍ കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതലാണത്രേ. എന്നാല്‍ രസിപ്പിക്കുന്ന ഒരു കണക്കുണ്ട്. മെക്‌സിക്കോയില്‍ നിന്നും വരുന്നുവരുടെ കാര്യത്തില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഒരു ശതമാനം കുറവുണ്ടായിട്ടുണ്ട്. മെക്‌സിക്കോയില്‍ നിന്നുള്ളവര്‍ക്ക് ഇതെന്ത് പറ്റിയെന്ന് ചോദിക്കാന്‍ വരട്ടെ. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു, പുതിയ മതില്‍ വരുന്നു, ട്രംപ് വന്നതോടെ കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍ കൊണ്ടു വന്നു. ഇതൊക്കെയും മെക്‌സിക്കോക്കാര്‍ക്ക് ഭീഷണിയായി. എന്നാല്‍ ഒരു ഭീഷണിക്കു മുന്നിലും തങ്ങള്‍ തല കുനിക്കില്ലെന്നാണ് രീതിയില്‍ രണ്ടും കല്‍പ്പിച്ചു തന്നെയാണ് ഇന്ത്യക്കാര്‍. കെട്ടിക്കിടക്കുന്ന ഇമിഗ്രേഷന്‍ അപേക്ഷകള്‍ ഇതു കാണിക്കുന്നു. ട്രംപ് എത്ര വലിയ കര്‍ശന നിയമങ്ങള്‍ കൊണ്ടു വന്നാലും അതിനെയൊക്കെ മറികടക്കാന്‍ എന്തു വില കൊടുത്തും തയ്യാറാണെന്ന രീതിയിലാണ് ഇന്ത്യന്‍ കുടിയേറ്റത്തിന്റെ തോത് വ്യക്തമാക്കുന്നത്. ഇതിനെതിരേ ഇനിയെന്ത് നിയമമാണോ ട്രംപ് കൊണ്ടു വരാനിരിക്കുന്നത്.

**** **** **** ***
ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ലോക ക്രിക്കറ്റ് വേദികളിലൊക്കെ തിളങ്ങിയപ്പോള്‍ അഭിമാനമായിരുന്നു. എന്നാല്‍ അദ്ദേഹം വിവാദത്തില്‍പ്പെടുകയും കോഴയില്‍ കുടുങ്ങുകയും ചെയ്തതോടെ പഴയ മതിപ്പൊക്കെ പോയി. വാതുവയ്പ്പില്‍ പെട്ടിട്ടില്ലെന്ന കോടതി വിധി വന്നതോടെ പഴയ പടക്കുതിരയായി ശ്രീശാന്ത് തിരിച്ചു വരുമെന്നാണ് കരുതിയത്. പക്ഷേ, ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സമ്മതിച്ചില്ല. എന്നാല്‍ പിന്നെ വേറെ എവിടെയെങ്കിലും പോയി മറ്റൊരു രാജ്യത്തിനു വേണ്ടി കളിക്കാമെന്നു ശ്രീശാന്ത് വിചാരിച്ചു. ആ പൂതി അങ്ങു മനസ്സില്‍ വച്ചേക്കാനാണ് ബിസിസിഐ പറയുന്നത്. ലോകത്തില്‍ ഒരു രാജ്യത്തിനു വേണ്ടിയും കളിക്കാന്‍ ബിസിസിഐ സമ്മതിക്കില്ലത്രേ. ശ്രീശാന്ത് പാവം മലയാളിയായതു കൊണ്ട് ചോദിക്കാനും പറയാനും ആരുമില്ലല്ലോ...

**** **** **** ***
അമേരിക്കയില്‍ പലേടത്തും നടക്കുന്ന വെടിവയ്പ്പുകള്‍ ലോകമാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായി വരുന്നു. ലാസ് വേഗാസില്‍ നടന്ന വെടിവെപ്പിനു ശേഷം രണ്ടിടത്തു കൂടി തോക്ക് പരസ്യമായി പ്രയോഗിച്ചു. ഇതോടെയാവണം, നാഷണല്‍ ഫയര്‍ ആംസ് എന്ന സംഘടന ഒരു സര്‍വ്വേ നടത്തിയിരിക്കുന്നു. ഇതില്‍ കണ്ടെത്തിയത് അമേരിക്കയില്‍ 30 ലക്ഷത്തോളം പേര്‍ എല്ലാ ദിവസവും വീടിനു പുറത്തിറങ്ങുന്നത് നിറ തോക്കുകളുമായാണെന്നാണ്. സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണ് പലരും തോക്ക് കൊണ്ടു നടക്കുന്നത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സാധനങ്ങള്‍ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനാണേ്രത തോക്ക് കൊണ്ടു നടക്കുന്നത്. ഇതില്‍ പലതിനും പെര്‍മിറ്റ് ഇല്ലെന്നത് പരസ്യമായ രഹസ്യമാണ്. ഇക്കാര്യത്തില്‍ കര്‍ശന നിയമം ഉടന്‍ വരേണ്ടിയിരിക്കുന്നു. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് രോഗം വരാതെ നോക്കുന്നത്.

**** **** **** ***
നാട്ടില്‍ പോകുമ്പോള്‍ ടേസ്റ്റ് നോക്കാന്‍ പറ്റിയ ഒരു സ്ഥലത്തെക്കുറിച്ച് അടുത്തിടെ വായിച്ചു. കാവാലം രാജപുരം കായല്‍ ഷാപ്പ്. ആലപ്പുഴ ജില്ലയില്‍ കാവാലം ലിസ്യുപള്ളിക്ക് സമീപം ബോട്ട് ജെട്ടിയില്‍ നിന്നും അക്കരെ കടന്നാല്‍ ഷാപ്പ് എത്തി. ഇവിടെ കരിമീന്‍ വാട്ടി വറ്റിച്ചതാണ് സ്‌പെഷ്യല്‍ ഐറ്റം. പിന്നാലെ കക്കയിറച്ചി റോസ്റ്റും, എരിവേറിയ മീന്‍കറിയും, പള്ളത്തി മുതല്‍ കൊഞ്ചു വരെയുള്ള മീന്‍ വിഭവങ്ങളുമുണ്ട്. ഷാപ്പ് ആണെങ്കിലും ഫാമിലി റെസ്റ്റോറന്റാണ്. വലിയ വിലയുമില്ല. കാഴ്ചയ്ക്ക് ഭംഗിയേറിയ പ്രകൃതിയുടെ സ്വാഭാവികതയാണ് മറ്റൊരു ഹൈലൈറ്റ്. വെള്ളത്തിന്റെയും പാടത്തിന്റെയും നടുവില്‍ കാറ്റേറ്റ് എത്ര സമയം വേണമെങ്കിലും ഇരിക്കാം. അതു തന്നെ വലിയ കാര്യം.

**** **** **** ***
കേരളത്തിലിപ്പോള്‍ സോളാര്‍ കത്തി നില്‍ക്കുകയാണ്. മുന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ പ്രതിയായ കേസ് ആയതിനാല്‍ നല്ല സുഖമുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടെ ഉയരും. എന്നാല്‍ അതൊന്നുമല്ല ഇതിന്റെ പ്രത്യേകത. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാന്‍ വേണ്ടി മാത്രം പ്രത്യേക സഭ ചേരുന്നു. ഒരു ദിവസം സഭ ചേരുന്നതിന് ഏകദേശം 26 ലക്ഷം രൂപയാണേ്രത ചെലവ്. റിപ്പോര്‍ട്ടും നടപടിരേഖയും സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മാത്രമേയുള്ളു. വേണമെങ്കില്‍ മുഖ്യമന്ത്രി ഒന്നു പ്രസംഗിക്കും. അതിനു വേണ്ടിയാണ്, ഈ പെടാപാട്. 1073 പേജുള്ള റിപ്പോര്‍ട്ടാണിത്. അതു കൊണ്ടു തന്നെ 26 ലക്ഷം രൂപയൊന്നും വലിയ ചെലവായി കാണേണ്ടതില്ലെന്നാണ് ഭരണപക്ഷം പറയുന്നത്. അല്ലെങ്കില്‍ തന്നെ പീഡനവും മാനഭംഗവുമായി പെട്ടു നില്‍ക്കുന്ന പ്രതിപക്ഷത്തിന് വാ തുറന്നാല്‍ വെടിപൊട്ടുമെന്നതാണ് സ്ഥിതി. നഷ്ടപ്പെടുന്നതൊക്കെയും പാവം പൊതു ജനത്തിന്. എന്തൊരു അവസ്ഥയാണിത്. കലികാലം എന്നല്ലാതെ എന്തു പറയാന്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക