Image

സൂഫിസവും വീക്ഷ്ണഗതികളും ഇസ്‌ളാമിന്റെ ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)

Published on 02 November, 2017
സൂഫിസവും വീക്ഷ്ണഗതികളും ഇസ്‌ളാമിന്റെ ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)
സൂഫിസം, ഇസ്‌ലാമിന്റെ മൗലികതയില്‍നിന്നും വളര്‍ന്നു വന്ന വ്യത്യസ്ത ചിന്തകളുള്ള ഒരു മതവിശ്വാസമാണ്. സൂഫികള്‍ ആത്മജ്ഞാനമുള്‍ക്കൊണ്ട് പരിത്യാഗികളായി ദൈവത്തെ മഹത്വപ്പെടുത്തിയും സ്തുതിച്ചും ഇസ്‌ലാമിനുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതകളോടെ ജീവിക്കുന്നു. പേര്‍ഷ്യന്‍, അറേബ്യന്‍ ലോകത്തില്‍നിന്നും ദൈവത്തെ സ്തുതിച്ചിരുന്ന യാഥാസ്ഥിതികരായ ഇസ്‌ലാമിക ചിന്തകരില്‍നിന്നുമായിരുന്നു സൂഫിസത്തിന്റെ ആരംഭം. ഭൗതിക ജീവിതത്തെ മൊത്തമായി തിരസ്ക്കരിക്കുന്നു. പരമമായ സത്യം തേടി യോഗാത്മക ചിന്തകളോടെ അവര്‍ ഇസ്‌ലാം മതത്തെ പരിപോഷിപ്പിച്ചിരുന്നു. ഇസ്‌ലാമിക ലോകത്തിലെ യാഥാസ്ഥിതിക ആചാരങ്ങളെ മുറുകെ പിടിക്കുകയും ചിലതിനെ തിരസ്ക്കരിക്കുകയും ചെയ്തിരുന്നു. ഖുറാന്റെ പ്രബോധനത്തോടെ, ജീവിക്കുന്ന കാലഘട്ടങ്ങളില്‍ ആത്മാവില്‍ ശക്തി പ്രാപിക്കുമെന്നാണ് സൂഫികള്‍ വിശ്വസിക്കുന്നത്.

സൂഫിയെന്നാല്‍ കമ്പളി വസ്ത്രം ധരിക്കുന്നവരെന്നാണ് അര്‍ത്ഥം. ദാരിദ്ര്യവ്രതമാണ് അവര്‍ അനുഷ്ഠിക്കുന്നത്. സ്‌നേഹമാണ് ദൈവത്തിലേക്കുള്ള ഏകവഴിയെന്നു വിശ്വസിക്കുന്നു. സൂഫികള്‍ കൂടുതല്‍ സമയവും ദൈവിക കാര്യങ്ങള്‍ക്കായി നീക്കിവെക്കുന്നു. കവിതകള്‍, സംഗീതം ഡാന്‍സ് എന്നിവകള്‍ അവരുടെ ആരാധനകളുടെ ഭാഗമാണ്. അഞ്ചു നേരം നമസ്ക്കരിക്കല്‍, ഹജ് യാത്ര, ബ്രഹ്മചര്യം എന്നിവകള്‍ക്ക് സൂഫികള്‍ പ്രാധാന്യം നല്‍കാറില്ല. അതുകൊണ്ടാണ് യാഥാസ്ഥിതികരായ മുസ്ലിമുകള്‍ അവരെ തെറ്റിദ്ധരിക്കുന്നതും. സൂഫികളുടെ മധുരമായ സംഗീതത്തിന്റെ ശബ്ദതരംഗങ്ങള്‍ ആത്മാവിനു പുളകമേറി ദൈവവുമായി സല്ലപിക്കുന്നതായി തോന്നിപ്പോവും. അവരുടെ ആരാധന രീതികളില്‍ സംഗീതവും നൃത്തവും ഉണ്ടായിരിക്കും. ആരാധനയ്‌ക്കൊപ്പം ആടിയും വശത്തിലേക്ക് ചെരിഞ്ഞും വട്ടത്തില്‍ കൂട്ടമായും നൃത്തങ്ങള്‍ ചെയ്യും. സൂഫികള്‍ ഇത്തരം ആചാരങ്ങളെ നൃത്തമായി പരിഗണിക്കാറില്ല. ആത്മീയതയില്‍ അലിഞ്ഞ ചലനങ്ങള്‍ മാത്രമെന്നാണ് അവരുടെ വിശദീകരണം.

സൂഫിസത്തിന്റെ ആരംഭം എങ്ങനെയെന്ന് പണ്ഡിതരുടെയിടയില്‍ വിവിധ അഭിപ്രായങ്ങളാണുള്ളത്. സൂഫികള്‍ക്കുപോലും അതില്‍ വ്യക്തമായ ഒരു ധാരണയില്ല. ഇസ്‌ലാമിന്റെ യോഗാത്മക ദര്‍ശനപരമായ ഒരു സ്കൂളാണ് സൂഫിസം എന്നാണ് പാരമ്പര്യമായ വിശ്വസം. സൂഫികള്‍ ധ്യാനത്തിന്റെ ആവശ്യകതയെ പരിപൂര്‍ണ്ണമായി വിശ്വസിക്കുന്നവരാണ്. പ്രവാചകന്‍ മുഹമ്മദ് നബി 'ഹിറാ ഗുഹ'യില്‍ ധ്യാനത്തിനായി പോയിരുന്ന ചരിത്രവും ഇതിനടിസ്ഥാനമായി ചൂണ്ടി കാണിക്കുന്നു. സൂഫിസത്തിന്റെ ആരംഭം പ്രവാചകനില്‍ നിന്നുമെന്നും പിന്നീട് 'അലി' വഴി 'ഹസന്‍ ബസ്വരി'യിലേക്കും 'അബൂഹാശിമി'ലേക്കും പകര്‍ന്നുവെന്നു അവരുടെ വിശ്വാസത്തിലുണ്ട്. ഭൂരിഭാഗം സൂഫികളും മുസ്ലിമുകളാണ്. മുസ്ലിമുകള്‍ അല്ലാത്തവര്‍ക്ക് സൂഫികള്‍ ആകാന്‍ സാധിക്കില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. മറ്റു ചില വീക്ഷണങ്ങളും പണ്ഡിതരുടെയിടയിലുണ്ട്. സിറിയായിലും ഈജിപ്റ്റിലുമുണ്ടായിരുന്ന ക്രിസ്ത്യന്‍ ആത്മജ്ഞാനികളുടെ തുടര്‍ച്ചയെന്ന വാദവും ഉണ്ട്. ഈജിപ്തുകാരുടെയും സൊറാസ്ട്രിയന്‍കാരുടെയുമിടയിലും സൂഫിസം പോലുള്ള വിശ്വാസങ്ങളുണ്ടായിരുന്നു. 1907ല്‍ 'സൂഫി ഇനായത് ഖാന്‍' ആണ് സൂഫിസം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. അദ്ദേഹം പറഞ്ഞു, 'ലോകത്തില്‍ എല്ലാക്കാലത്തും ആത്മീയ ഉണര്‍വുണ്ടായിരുന്നു. ആരുടേയും ജ്ഞാനത്തെ നിയന്ത്രിക്കാന്‍ സാധിക്കില്ല. ഒരു സ്ഥലങ്ങളിലും സാധിക്കില്ല. അതുകൊണ്ടു സൂഫിസത്തിന്റെ ആരംഭം നിശ്ചയിക്കുക എന്നത് എളുപ്പമല്ല.'

ആയുധം എടുക്കുന്നവരെ ഇവര്‍ എതിര്‍ക്കുകയും സമാധാനം കാംഷിക്കുകയും ചെയ്തിരുന്നു. സമാധാനം ദൈവികമായ കടമയായും ചിന്തിച്ചിരുന്നു. പ്രവാചകന്‍ മുഹമ്മദില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് സ്വയം മനഃസാക്ഷിയേയും ആത്മത്തെയും മനസിലാക്കി സ്വതന്ത്രമായ ചിന്തകളോടെ അവര്‍ ദൈവത്തെ ഉള്‍ക്കൊണ്ടിരുന്നു. നീണ്ടകാലത്തെ അദ്ധ്യാത്മിക പരിശീലനത്തില്‍ക്കൂടി ആത്മബോധനം ഉള്‍ക്കൊള്ളാമെന്നും അതുവഴി സന്തുഷ്ടത നേടാമെന്നും അവര്‍ ചിന്തിക്കുന്നു. ഒരിക്കല്‍ ആത്മബോധനം ഉള്ളില്‍ തട്ടിയാല്‍ ഒരു യോഗിയെപ്പോലെ ബാഹ്യമായ ആഡംബരങ്ങള്‍ സര്‍വ്വതും ഇവര്‍ പരിത്യജിക്കും. സൂഫിസത്തിന്റെ ശക്തിയെന്നാല്‍ ബാഹ്യചിന്തകള്‍ വെടിഞ്ഞു യോഗാത്മക ചിന്തകള്‍ മനസ്സില്‍ ഉറപ്പിക്കുകയെന്നതാണ്.

സൂഫിസത്തിന്റെ തത്ത്വങ്ങളെ മാനിക്കാതെ മഹനീയമായ അതിന്റെ ചിന്തകളെ ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. താടിയും മുടിയും വെച്ച് സൂഫിയെന്നും പറഞ്ഞു കഞ്ചാവടിച്ചു നടക്കുന്നവരെയും കാണാം. കുളിക്കാതെ പച്ച കമ്പളിയും പുതച്ച് ഹിപ്പികളെ പോലെ ലക്ഷ്യമില്ലാതെ നടക്കും. അതുകൊണ്ടു സത്യമായ സൂഫിസ തത്ത്വങ്ങളെ പലരും തെറ്റിദ്ധരിക്കുന്നു. വിശ്വാസത്തോടെ അവനവന്റെ കണ്ണാടിയില്‍ക്കൂടി സ്വയം ആത്മാവില്‍ അവനെ പഠിക്കുകയെന്നതാണ് സൂഫിസം. നമ്മുടെ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന അഹങ്കാരം, കോപം, അമിതമായ ആഗ്രഹങ്ങള്‍, ധനമോഹം ഇവകളെല്ലാം ഒരു നല്ല സുഫിയാകാന്‍ വര്‍ജിക്കേണ്ടതായുണ്ട്. സ്വയം ബുദ്ധികൊണ്ട് ആത്മാവിനെ നേര്‍വഴിക്കു സഞ്ചരിപ്പിക്കാനുള്ള ശക്തിയും സമാഹരിക്കണം. അധികാരം, സ്വത്ത്, കാമം ഇതൊന്നും സ്ഥായിയല്ല. മനുഷ്യരില്‍ സംതൃപ്തിയും ഉളവാകില്ല. ദൈവത്തോട് കൂടുതല്‍ അടുക്കുംതോറും ദൈവികമായ ഒരു പ്രണയാവസ്ഥ കരസ്ഥമാക്കും. അപ്പോഴാണ് മനുഷ്യരില്‍ സംതൃപ്തി ഉണ്ടാകുന്നതെന്ന് സൂഫികള്‍ വിശ്വസിക്കുന്നു. ഇത് പരമമായ സംതൃപ്തിയാണ്. ആ പരമാനന്ദം കണ്ടെത്തുന്ന സത്യാന്വേഷി അവന്റെ ജീവിത ലക്ഷ്യം അവിടെ പൂര്‍ത്തികരിക്കുകയാണ്.

മനസ്സാകുന്ന അകവും ഭൗതികമായ പുറവും ശുദ്ധിയാകുന്ന അവസ്ഥ ദൈവവുമായുള്ള പ്രണയത്തില്‍ കൂടി ലഭിക്കുന്നതാണെന്ന് സൂഫികള്‍ വിശ്വസിക്കുന്നു. ആത്മാവിന്റെ നേര്‍വഴിയില്‍ സഞ്ചരിക്കുന്നവര്‍ കറയില്ലാത്ത സ്‌നേഹത്തോടെ ജീവിക്കും. മഹത്തായ ദര്‍ശനങ്ങള്‍ നല്‍കുന്ന മഹാന്മാരെ ആദരിക്കും. അധികാര സുഖങ്ങള്‍ ത്യജിച്ച ഒരു ആത്മീയാന്വേഷി ഉള്ളിന്റെ ഉള്ളില്‍ വിശുദ്ധ യുദ്ധം നടത്തുന്നു. ഉണര്‍ന്ന ഒരു ബോധമാണ് അവര്‍ കൈവരിച്ചിരിക്കുന്നത്. ഗ്രന്ഥങ്ങളിലെ അറിവുമാത്രം ഉള്‍ക്കൊണ്ടുകൊണ്ട് വാദപ്രതിവാദങ്ങള്‍ നടത്തുന്നവര്‍ ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ. സൂഫികള്‍ സ്വയം ആത്മമെന്ന സത്തയോടുള്ള വെല്ലുവിളി കൂടിയാണ് നടത്തുന്നത്. സ്വയം നമ്മെ തെറ്റു തിരുത്താതെ മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോഴാണ് നമ്മുടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണങ്ങളാകുന്നത്. ശാന്തിയും സ്‌നേഹവും നേടാത്തത് ദുര്‍ബോധം ബാധിച്ച മനുഷ്യന്റെ ചിന്തകള്‍ കാരണമാണെന്നും അവര്‍ വിശ്വസിക്കുന്നു.

ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ദൈവത്തെ ആരാധിക്കലാണ് ഒരു മനുഷ്യന്റെ ധര്‍മ്മം. ഒരു യജമാനനും ഒരു അടിമയും തമ്മിലുള്ള ബന്ധമാണ് ഒരു ഭക്തനും ദൈവവുമായി ഉണ്ടാവേണ്ടത്. ദൈവത്തെ അറിഞ്ഞു നല്ല മാര്‍ഗ്ഗത്തോടെ ജീവിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗവും അല്ലാത്തവര്‍ക്ക് വിധി ദിനത്തില്‍ നരകവും ഇസ്ലാം ദൈവിക ശാസ്ത്രം കല്‍പ്പിക്കുന്നു. എന്നാല്‍ സൂഫികള്‍ തിരഞ്ഞെടുത്തിരിക്കുന്ന മാര്‍ഗം ഇസ്‌ലാമിന്റെ ഈ അടിസ്ഥാന തത്ത്വത്തിന് എതിരായിട്ടാണ്. ദൈവത്തെ ഭയപ്പെടാതെ ദൈവത്തെ പ്രണയിച്ച് ദൈവ സാമിപ്യം നേടാമെന്നാണ് സൂഫികള്‍ വിശ്വസിക്കുന്നത്. ഒരു 'സൂഫി' പാരമ്പര്യമനുസരിച്ചു മഹത്വീകരിച്ച ശരിയത്ത് നിയമങ്ങള്‍ പാലിക്കണം. ദൈവത്തിനു സമര്‍പ്പണം ചെയ്തു ദൈവത്തെ അനുഭവിക്കുകയെന്നതാണ് അവരുടെ ദൈവിക ശാസ്ത്രം. പല സ്‌റ്റേജുകളില്‍ക്കൂടിയാണ് ഒരുവന്‍ സൂഫിയാകുന്നത്. ഉന്നത തലങ്ങളില്‍ സൂഫിയാകേണ്ടവര്‍ ഒരു ഗുരുവിനെ കണ്ടെത്തേണ്ടതായുമുണ്ട്. ഗുരുവിന്റെ കീഴില്‍ ആത്മീയ പരിശീലനം നേടുകയും വേണം.

യാഥാസ്ഥിതിക ഇസ്‌ലാമിന്റെ ചട്ടക്കൂട്ടില്‍ നിന്നാണ് സൂഫിസത്തിന്റെ ആദ്ധ്യാത്മിക ചിന്തകള്‍ ആരംഭിക്കുന്നത്. ഇസ്‌ലാമിന്റെ ആദ്ധ്യാത്മിക ആചാരങ്ങള്‍ കൂടുതലും ഷാരിയ അനുസരിച്ചാണ്. ദിവസവുമുള്ള പ്രാര്‍ത്ഥന, ഉപവാസം, അര്‍ഹരായവര്‍ക്ക് ദാനം കൊടുക്കുക, മെക്കായിലേക്കുള്ള പുണ്യയാത്ര എന്നിവകള്‍ ആ നിയമസംഹിതകളില്‍ ഉള്‍പ്പെടും. ഈ ആചാരങ്ങളോടൊപ്പം ബാഹ്യവും ആന്തരികവുമായ ചിന്തകളും ഉള്‍പ്പെടണമെന്നാണ് സൂഫികള്‍ ചിന്തിക്കുന്നത്. മതപരമായ കടപ്പാടുകള്‍ ബാഹ്യവും ആദ്ധ്യാത്മികത ആന്തരികവുമായിരുന്നു. പ്രാര്‍ത്ഥനകള്‍ മാത്രം ആദ്ധ്യാത്മികതയ്ക്ക് അപര്യാപ്തമെന്നു സൂഫികള്‍ വിശ്വസിക്കുന്നു. ഹൃദയശുദ്ധി വളര്‍ത്താതെ അമ്പതു വര്‍ഷങ്ങള്‍ പ്രാര്‍ഥിച്ചാലും പ്രയോജനം ലഭിക്കില്ലെന്നുള്ള ധാരണയാണ് സൂഫികള്‍ക്കുള്ളത്.

'ഷാരിയ' അനുസരിച്ചുള്ള ബാഹ്യാചാരങ്ങള്‍ക്കൊപ്പം ആത്മജ്ഞാനം കൈവരിക്കുകയെന്നത് സൂഫിസത്തിന്റെ ഒരു ഭാഗമാണ്. അതിനു മനസുകൊണ്ട് ധ്യാനിച്ച് യോഗാത്മക ദര്‍ശനം കൈവരിക്കണം. ആത്മജ്ഞാനത്തില്‍ പ്രവേശിച്ചു കഴിഞ്ഞാലും ഷാരിയ പരിശീലിച്ചുകൊണ്ടിരിക്കണം. എന്നാല്‍ അദ്ധ്യാത്മിക തലത്തില്‍ പ്രവേശിക്കുകയും മനസിനെ ബലവത്തുമാക്കിക്കൊണ്ടിരിക്കണം. സത്യമെന്തെന്നും ദൈവത്തെ അറിയുകയെന്നതും അടുത്ത ഘട്ടമാണ്. ഈ ഘട്ടത്തിലാണ് ദൈവവുമായി അടുക്കുന്നതും മനസ്സില്‍ പ്രതിഷ്ഠിക്കുന്ന ദൈവവുമായി ആശയ വിനിമയം നടത്തുന്നതും. ഒരിക്കല്‍ ദൈവത്തെ മനസാ വരിച്ചു കഴിഞ്ഞാല്‍, ആ വ്യക്തിക്ക് ദൈവവുമായി നേരിട്ട് അറിവ് ലഭിക്കുന്നു. പിന്നീട് ഒരു ഗുരുവിന്റെയും അടിമയല്ല. എങ്കിലും സൂഫികള്‍ക്ക് ആത്മീയതലത്തില്‍ ഒരു പടികൂടി മുമ്പോട്ട് പോവേണ്ടതായുണ്ട്. അവര്‍ അതിനെ 'ഗ്‌നോസിസ്' എന്ന് പറയുന്നു. അതാണ് അദ്ധ്യാത്മിക തലത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥലം. ദൈവത്തിന്റെ സന്ദേശകരുടെയും വിശുദ്ധരുടെയും യോഗാത്മക ദര്‍ശകരുടെയും സഹകരണത്തില്‍ അദ്ധ്യത്മികത അവിടെ പൂര്‍ണ്ണമായും കൈവരിക്കുകയാണ്.

സൂഫികള്‍ കല്ലറകളുടെ മുമ്പില്‍ വിളക്കു കത്തിക്കലും എണ്ണയും ഭസ്മവും നല്‍കലും പുഷ്പങ്ങള്‍ സമര്‍പ്പിക്കലും ചെയ്യാറുണ്ട്. 'പട്ട്' കാണിക്കയായി നല്‍കുകയും സാഷ്ടാംഗ നമസ്ക്കാരം ചെയ്യുകയും ചെയ്യുന്നു. ചില സൂഫികള്‍ മരിക്കുമ്പോള്‍ ഭക്തജനങ്ങള്‍ അവരുടെ ശവകുടീരത്തില്‍ വന്നു അനുഗ്രഹങ്ങള്‍ മേടിക്കാറുമുണ്ട്. മരിച്ചവരുടെ ശക്തി ഉള്ളിലേക്ക് ആവഹിക്കുകയും ചെയ്യുന്നുവെന്ന് സൂഫികള്‍ വിശ്വസിക്കുന്നു. ഒരു ആത്മീയശക്തി ശവകുടീരത്തില്‍ നിന്നും ലഭിച്ചുവെന്ന അനുഭൂതി ഉണ്ടാവുകയും ചെയ്യുന്നു. അത്തരം ശവകുടീരങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ദൈവം പ്രത്യേകമായ വാത്സല്യം നല്‍കുന്നുവെന്നും വിശ്വസിക്കുന്നു. ഒരു സൂഫിയുടെ ശവകുടീരത്തില്‍നിന്നുള്ള അത്ഭുതങ്ങള്‍ പ്രസിദ്ധമാകുമ്പോള്‍ അനുഗ്രഹങ്ങള്‍ തേടി അനേകായിരങ്ങള്‍ അവിടെ എത്താറുണ്ട്. അവിടെ ഹിന്ദുക്കളും സിക്കുകാരും ക്രിസ്ത്യാനികളും മുസ്ലിമുകളും സമ്മേളിക്കുന്നു. മരിച്ച സൂഫികളെ പ്രകീര്‍ത്തിച്ചു പ്രത്യേകമായ പാട്ടുകളും ഉണ്ടായിരിക്കും. പാട്ടുകള്‍ രചിച്ചിരിക്കുന്നത് ഇസ്‌ലാമിന്റെ മൂല്യങ്ങളില്‍ ആയിരിക്കും. സ്‌നേഹവും ഭക്തിയും നിറഞ്ഞ ഗാനങ്ങളാവും ഉണ്ടാവുക.

ഇസ്‌ലാമിക ഗ്രുപ്പായ 'താലിബന്‍കാര്‍' ശവകുടീരം ആരാധനയെ എതിര്‍ക്കുന്നു. ഡാന്‍സ് ചെയ്യുന്നതും പാട്ടു പാടുന്നതും ഇസ്‌ലാമിന്റെ തത്ത്വങ്ങള്‍ക്ക് എതിരെന്നും പാട്ടുകള്‍ ബിംബാരാധനയ്ക്കു തുല്യമെന്നും ശവകുടീരങ്ങളോടുള്ള ഭക്തി അന്ധവിശ്വാസമെന്നും കരുതുന്നു. ബിംബങ്ങളെ ആരാധിക്കുന്നതിനു തുല്യമായും അവരെ കുറ്റപ്പെടുത്തുന്നു. ശവ കുടീരങ്ങളില്‍ പൂജകരെ സൃഷ്ടിക്കുന്ന പേരില്‍ സൂഫികള്‍ സൗദി അറേബ്യയായില്‍ കൊല്ലപ്പെടാറുണ്ട്. സൂഫികളെ കൂട്ടമായി കൊലചെയ്യപ്പെടുന്ന അവസരങ്ങളില്‍ അവര്‍ ആയുധം എടുക്കില്ല. ദൈവത്തിലും പ്രവാചകനിലും വിശ്വസിക്കുന്നവര്‍ക്കെതിരെ ആയുധം എടുക്കരുതെന്ന തത്ത്വത്തെ മാനിച്ച് കീഴടങ്ങുന്ന പതിവാണ് അവര്‍ക്കുള്ളത്. അതുകൊണ്ടു സൂഫികള്‍ സാധാരണ സായുധ കലാപത്തിന് ഒരുമ്പെടാറില്ല.

സൂഫികളെ സാഹോദര്യം (മേൃശൂമ)െ എന്തെന്നു പഠിപ്പിക്കാന്‍ ഗുരുക്കന്മാര്‍ അവര്‍ക്കു പ്രത്യേക ക്‌ളാസുകള്‍ നടത്താറുണ്ട്. സൂഫികളില്‍ ചിലര്‍ അത്ഭുതങ്ങളും കാണിക്കുന്നു. അസുഖങ്ങള്‍ ഭേദപ്പെടുത്തുകയും ചെയ്യുന്നു. മുസ്ലിം ജനതയില്‍ അനേകര്‍ സൂഫികളുടെ ആചാരങ്ങളെ അഭിമാനത്തോടെ കാണുന്നവരുമുണ്ട്. ശവകുടീരങ്ങളില്‍ ഉള്ള ആരാധന മുസ്ലിമല്ലാത്തവരെ ആകര്‍ഷിക്കുന്നതിനാല്‍ അവിടെ ഒരു ആഗോള മതസൗഹാര്‍ദ്ദത്തിന് അടിസ്ഥാനമിടുകയാണ്. മതങ്ങള്‍ തമ്മില്‍ സമാധാനം സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ദൈവത്തെ സ്‌നേഹിക്കുക എന്ന ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് അങ്ങനെയുള്ള ആചാരങ്ങള്‍ സഹായകമാകുമെന്ന് പുരോഗമന വാദികളായ മുസ്ലിമുകള്‍ ചിന്തിക്കുന്നു.

ഇസ്‌ലാമിന്റെ തത്ത്വചിന്തകളില്‍ സാഹോദര്യത്വമാണ്, പുലര്‍ത്തുന്നതെങ്കിലും മദ്ധ്യകാലത്തെ മുസ്ലിമുകള്‍ക്ക് ഇന്ത്യയിലെ ഹിന്ദുക്കളുമായി പൊരുത്തപ്പെട്ടു പോകാന്‍ സാധിക്കില്ലായിരുന്നു. ഹിന്ദുക്കളുടെ നീണ്ട മതാചാരങ്ങളും, ബഹു ദൈവങ്ങളും ബിംബങ്ങളും മുസ്ലിമുകളുടെ വിശ്വാസങ്ങള്‍ക്കു എതിരായിരുന്നു. വേദ ഉപനിഷത്തുക്കളെപ്പറ്റിയുള്ള അഗാധമായ അറിവിലേക്ക് അവര്‍ പഠിക്കാന്‍ മെനക്കെട്ടുമില്ല. ഇസ്‌ലാം ഭരണാധികാരികളും മത പുരോഹിതരും ഇസ്‌ലാമിക മതം പ്രചരിപ്പിക്കാനും താല്പര്യപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനവുമുണ്ടായിരുന്നു. മുസ്ലിം സുല്‍ത്താന്മാര്‍ ഹിന്ദുക്കളോട് സഹിഷ്ണതയോടെ പെരുമാറിയിരുന്നില്ല. ചില മുസ്ലിം രാജാക്കന്മാര്‍ ഹിന്ദുക്കളുടെ അമ്പലങ്ങളും തകര്‍ത്തിരുന്നു. രണ്ടു മതങ്ങളും തമ്മിലുള്ള ശത്രുത വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. ഹിന്ദുക്കളും മുസ്ലിമുകളും തമ്മില്‍ പരസ്പ്പരം വെറുപ്പുകള്‍ കാരണം നാട്ടില്‍ സമാധാനം ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള കാലഘട്ടത്തിലാണ് ചിന്തകരായ സൂഫികള്‍ ഇന്ത്യയില്‍ കാണപ്പെടാന്‍ തുടങ്ങിയത്. സൂഫികള്‍ അവിടെ ഇരു മതങ്ങളിലും സാഹോദര്യം, സ്‌നേഹം, സൗഹാര്‍ദം എന്നീ തത്ത്വങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സൂഫികളുടെ ഇത്തരത്തിലുള്ള നയങ്ങള്‍ മദ്ധ്യകാലയുഗങ്ങളില്‍ വളരെയധികം ഫലപ്രദമാവുകയും ചെയ്തു.

ഇന്ത്യയില്‍ സൂഫിസം പ്രചരിപ്പിച്ചിരുന്നവരില്‍ കൂടുതലും യാഥാസ്ഥിതികരല്ലാത്ത നവീകരണേച്ഛുക്കളായ മുസ്ലിമുകളായിരുന്നു. അവര്‍ ബുദ്ധമതത്തെ പറ്റിയും വേദാന്തങ്ങളെപ്പറ്റിയും പഠിച്ചവരായിരുന്നു. അതുപോലെ അക്കാലങ്ങളിലുള്ള പ്രസിദ്ധരായ ഹൈന്ദവ സന്യാസിമാരുമായും അവര്‍ക്ക് സമ്പര്‍ക്കം ഉണ്ടായിരുന്നു. ഹൈന്ദവ മതത്തിലെ അദ്വൈത തത്ത്വചിന്തകളുടെയും സൂഫിസത്തിന്റെ ആന്തരിക സത്തയുടെയും തത്ത്വങ്ങള്‍ക്ക് സാമ്യമുണ്ടായിരുന്നു. അതനുസരിച്ചു ഇന്ത്യയിലും സൂഫി മുന്നേറ്റമാരംഭിച്ചു.

വാസ്തവത്തില്‍ ഇന്ത്യയില്‍ സൂഫി മുന്നേറ്റത്തില്‍ ഹിന്ദുക്കളുടെ സ്വാധീനവുമുണ്ടായിരുന്നു. ഈ മുന്നേറ്റം ഹിന്ദുക്കള്‍ക്കും മുസ്ലിമുകള്‍ക്കും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ പൊതുവായ ഒരു പ്ലാറ്റ്‌ഫോമിനായുള്ള പ്രേരണയാവുകയും ചെയ്തു. സൂഫികളും ഇസ്‌ലാമില്‍ വളരെയധികം ദൈവിക കാര്യങ്ങള്‍ക്കായി സമര്‍പ്പിതരായിരുന്നെങ്കിലും യാഥാസ്ഥിതിക മുസ്ലിമുകളുമായി അവര്‍ക്ക് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സൂഫികള്‍ ആന്തരിക പരിശുദ്ധിയില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ യാഥാസ്ഥിതിക മുസ്ലിമുകള്‍ കൂടുതലും ഭൗതിക കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. ആത്മാവും ദൈവവുമായുള്ള ഒത്തുചേരല്‍, സ്‌നേഹത്തിലും ഭക്തിയിലുംകൂടിയെന്നു സൂഫികള്‍ വിശ്വസിച്ചു. ലോകത്തിലെ ഭൗതിക സുഖങ്ങള്‍ ത്യജിക്ക വഴി ദൈവത്തെ പ്രാപിക്കാമെന്ന് അവരുടെ വിശ്വാസമായിരുന്നു. മറ്റു സമൂഹങ്ങളില്‍ നിന്നും ഒറ്റപ്പെട്ട ജീവിതമായിരുന്നു സൂഫികള്‍ നയിച്ചിരുന്നത്.

ഭാരതത്തില്‍ ഇസ്ലാം മതം പ്രചരിക്കാന്‍ സൂഫികള്‍ ഒരു നിമിത്തമായിട്ടുണ്ട്. ഹിന്ദുക്കളുടെ ജാതിവ്യവസ്ഥ, തൊട്ടുകൂടാനയം എന്നീ സാമൂഹിക ഉച്ഛനീചത്വങ്ങള്‍ മൂലം അവരില്‍ നല്ലയൊരു വിഭാഗം ഇസ്‌ലാമായി മതം മാറിയിരുന്നു. അവരുടെ സ്‌നേഹവും സത്യവുമുള്‍ക്കൊണ്ട ആത്മാര്‍ത്ഥമായ പെരുമാറ്റം അനേകം ഹിന്ദുക്കളെ ആ മതത്തിലേക്ക് ആകര്‍ഷിക്കുന്നതിനു കാരണമായി. അവരുടെ പ്രയത്‌നം കൊണ്ട് കാശ്മീരില്‍ ഭൂരിഭാഗം ജനം ഇസ്‌ലാം സ്വീകരിച്ചു. സൂഫികള്‍ വ്യാപകമായി ഇന്ത്യയില്‍ പ്രചരിച്ചത് മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലത്തായിരുന്നു. ഹൈന്ദവ രജപുത്രരുമായി വിവാഹ ബന്ധത്തിലേര്‍പ്പിട്ടിരുന്ന മുഗളമാര്‍ സൂഫിസ ചിന്തകള്‍ ഭാരതത്തില്‍ പ്രചരിപ്പിക്കുന്നതിന് കാരണക്കാരുമായിരുന്നു. സൂഫി കലകളും സാഹിത്യവും സംഗീതവും ഹൈന്ദവ മുസ്ലിം ചിന്തകളില്‍ ഒരു ഐക്യബോധമുണ്ടാക്കാനും കഴിഞ്ഞു. ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും ഇടയില്‍ മതസൗഹാര്‍ദം സൃഷ്ടിക്കാന്‍ സൂഫികള്‍ ഒരു കാരണമായിരുന്നു. മുഗള്‍ കാലഘട്ടത്തില്‍ സൂഫിമാര്‍ഗം പ്രചരിച്ചപ്പോള്‍ സൂഫികള്‍ മൗലിക വാദികളായ മുസ്ലിം പണ്ഡിതരുടെ അഭിപ്രായങ്ങള്‍ തള്ളിക്കളയുകയും ചെയ്തു. അവരുടെ ആരാധന സ്ഥലങ്ങളിലേക്കും ആശ്രമങ്ങളിലേക്കും ഹൈന്ദവ ജനതകളും സമ്മേളിക്കാന്‍ തുടങ്ങി. ഹിന്ദുക്കുട്ടികള്‍ മദ്രസാകളില്‍ വിദ്യാഭ്യാസവും ചെയ്തിരുന്നു. ബ്രിട്ടീഷ്കാര്‍ക്കെതിരെ സൂഫികള്‍ പൊരുതിയതുകൊണ്ടു അവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍ സൂഫിസം ഇന്ത്യയില്‍ പ്രചരിപ്പിക്കാനും ബുദ്ധിമുട്ടായി തീര്‍ന്നു. ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും ഇടയിലുള്ള മൗലിക വാദികളുടെ എതിര്‍പ്പുകളും സൂഫിസം പ്രചരിപ്പിക്കുന്നതിന് തടസമായിരുന്നു.

സൂഫി വിശ്വാസവും അദ്വൈത വിശ്വാസവുമായി വ്യത്യാസമുണ്ട്. പലരും ഒന്നാണെന്ന തെറ്റിധാരണയും പുലര്‍ത്തുന്നു. അദ്വൈത സിദ്ധാന്തങ്ങളില്‍ സര്‍വ്വ സൃഷ്ടികളിലും വസ്തുക്കളിലും ദൈവിക ചൈതന്യമുണ്ടെന്നും അത് അനശ്വരമെന്നുമാണ് വിശ്വാസം. സൂഫികളും എല്ലാ സൃഷ്ടികളും ദൈവ സൃഷ്ടിയെന്നും അവയെ സ്‌നേഹിക്കുന്നത് ദൈവത്തെ സ്‌നേഹിക്കുന്നതുപോലെയെന്നും വിശ്വസിക്കുമ്പോള്‍ ഒറ്റ നോട്ടത്തില്‍ അദ്വൈതമെന്നു തോന്നിപ്പോവും. ദ്വൈതവാദത്തില്‍ പ്രകൃതിയും പ്രപഞ്ചവും ആത്മാവും അനശ്വരമായ അസ്തിത്വമുള്ളതാണ്. ഇതെല്ലാം ദൈവത്തിന്റെ പ്രതിഫലനമെന്നു അദ്വൈതവും പറയുന്നു. എന്നാല്‍ സൂഫികള്‍ വിശ്വസിക്കുന്നത് പ്രപഞ്ചം നശ്വരമെന്നും ദൈവം അനശ്വരമെന്നുമാണ്. ഈ കാണുന്ന നാം വിശ്വസിക്കുന്ന നശ്വരമെന്നുള്ളത് മിഥ്യയല്ലെന്നും എന്നാല്‍ മിഥ്യയെന്നുള്ളത് നശ്വരമെന്നും സൂഫികളുടെ വിശ്വാസമാണ്.

സൂഫിസം നാടിനും സമൂഹത്തിനും വളരെയധികം ഗുണങ്ങള്‍ ചെയ്തിട്ടുണ്ട്. 'സൂഫിസം' കാരണം ഹിന്ദുക്കളും മുസ്ലിമുകളും തമ്മില്‍ ആത്മീയമായ ഒരു ബന്ധം സ്ഥാപിക്കുന്നതിനിടയാക്കി. സൂഫികളായി മരിച്ച വിശുദ്ധരുടെ ശവകുടീരങ്ങള്‍ ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും ഒരുപോലെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളായി മാറി. സൂഫികള്‍ ഒന്നിച്ചുകൂട്ടമായി സമ്മേളിക്കുന്ന സമയം ഹിന്ദു ശ്ലോകങ്ങളും പൂജാ പ്രാര്‍ത്ഥനകളും ഉരുവിടുകയെന്നതും പതിവാണ്. അത് ഹിന്ദി ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രോത്സാഹനത്തിനു സഹായകമായിരുന്നു. സൂഫി വിശുദ്ധരുടെ ഉര്‍ദുവിലുള്ള പ്രസംഗങ്ങളും പ്രഭാഷണങ്ങളും എല്ലാ ജാതികളിലുംപെട്ട ജനാവലികള്‍ ശ്രവിച്ചുകൊണ്ടിരുന്നു. സൂഫികളിലെ വിശുദ്ധന്മാര്‍ നയിച്ചിരുന്നതും ലളിതമായ ജീവിതമായിരുന്നു. സാധാരക്കാരുടെ ജീവിതത്തില്‍ അങ്ങനെയുള്ള ലളിത ജീവിതം പകര്‍ത്തുന്നതിനു സൂഫിസം ഒരു നിമിത്തമായിത്തീര്‍ന്നിരുന്നു.

എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന 'സൂഫി റാബിയ 'അല്‍ആദവിയ്യ' എന്ന ഒരു സ്ത്രീ ഇറാഖിലുള്ള തന്റെ സ്വദേശമായ ബസ്രയില്‍ക്കൂടി നടക്കുകയായിരുന്നു. ഒരു കയ്യില്‍ കത്തുന്ന വിളക്കും മറ്റേ കയ്യില്‍ ഒരു തൊട്ടി വെള്ളവുമുണ്ടായിരുന്നു. ഇത് എന്തിനാന്നെന്ന് ചോദ്യം വന്നപ്പോള്‍ മറുപടി പറഞ്ഞത്, 'അവര്‍ക്ക് സ്വര്‍ഗം കത്തിച്ചു താഴെയിടണമെന്നും വെള്ളം ഒഴിച്ച് നരകത്തിലെ തീ ശമിപ്പിക്കണമെന്നു'മായിരുന്നു. അങ്ങനെയെങ്കില്‍ മനുഷ്യര്‍ക്ക് നരകമെന്ന ശിക്ഷയോ സ്വര്‍ഗ്ഗമെന്ന പ്രതിഫലമോ ഇല്ലാതെ ദൈവത്തെ സ്തുതിച്ച് സ്‌നേഹിച്ചു ജീവിക്കാന്‍ സാധിക്കും. ദൈവത്തോട് സ്‌നേഹവും ഭക്തിയും പ്രകടിപ്പിക്കാന്‍ ചില സൂഫികള്‍ കവിതകളും എഴുതുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ എഴുത്തുകാരനായ സൂഫി ഡാറ്റ ഗഞ്ച ബാഖ്ഷ് (ഉമമേ ഏമിഷ ആമസവവെ) എന്നയാള്‍ വളരെയധികം സങ്കീര്‍ണ്ണമായ സൂഫികളുടെ ദൈവശാസ്ത്രം എഴുതിക്കൊണ്ടിരുന്നു. അതിനുത്തരം പറയാന്‍ ഇസ്‌ലാം പണ്ഡിതര്‍ക്ക് സാധിക്കാതെയും വന്നിരുന്നു.

കൊഴിഞ്ഞുപോയ ഒരു രാത്രിയുടെ ഏകാന്തതയില്‍ കവിയായ സൂഫി വിലപിച്ചു; 'ലോകം തന്നെ അടയ്ക്കപ്പെട്ട ഒരു ശവപേടകം പോലെയാണ്. അതിനുള്ളില്‍ നമ്മെ അടച്ചിട്ടിരിക്കുന്നു. ഒപ്പം അജ്ഞതയും നിറച്ചിട്ടുണ്ട്. മൂഢതയിലും ഏകാന്തതയിലും ജീവിതം തള്ളി നീക്കുന്നു. മരണം പാഞ്ഞെത്തുമ്പോള്‍ ശവപേടകത്തില്‍ നിന്നും ചിറകുള്ളവര്‍ നിത്യതയിലേക്ക് പറന്നുയരുന്നു. ചിറകില്ലാത്തവര്‍ ശവപേടകത്തിനുള്ളില്‍ അടയുന്നു. കൂട്ടുകാരെ, മരണത്തിന്റെ ശവപേടകം തുറക്കുന്നതിനു മുമ്പ് ദൈവത്തിങ്കലേയ്ക്ക്! പറന്നുയരാനുള്ള പക്ഷികളാകാന്‍ നിങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുക. നിങ്ങളിലെ അഭിമാനകരമായ നേട്ടങ്ങളടങ്ങിയ പക്ഷിത്തൂവലുകളുടെയും ചിറകുകളുടെയും ബലം വര്‍ദ്ധിപ്പിക്കുകയും വേണം!' സൂഫികളുടെ സുഭാഷിതങ്ങളില്‍ പറയുന്നു, 'അന്വേഷിപ്പിന്‍ കണ്ടെത്തും! ഞാന്‍ ദൈവത്തെ അന്വേഷിച്ചു. കണ്ടെത്തിയത് എന്നെത്തന്നെയായിരുന്നു. എന്നെത്തന്നെ അന്വേഷിച്ചു. എന്നില്‍ സത്യവും സ്‌നേഹവുമായ ദൈവത്തെ മാത്രം കണ്ടു.'
സൂഫിസവും വീക്ഷ്ണഗതികളും ഇസ്‌ളാമിന്റെ ഖണ്ഡനങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക