Image

അച്ഛാ ദിന്‍ (കവിത : നിഷാ നാരായണന്‍ )

നിഷാ നാരായണന്‍ Published on 06 November, 2017
അച്ഛാ ദിന്‍ (കവിത : നിഷാ നാരായണന്‍ )
ഒരു പൂവു തരുമോ?
അയല്‍പക്കത്തെ കാറ്റിന്നലയില്‍
ചാഞ്ചാടിവന്നൊരു സൂചിത്തുമ്പി
പൂത്ത ചമ്പകത്തിനോട് ചോദിച്ചു;
പൂവു തരുമോ?
ഒന്നു മണക്കാനായിരുന്നു..
ടോം എന്നൊരു കുട്ടിയ്ക്ക്
തുമ്പിയെ അറിയില്ല.
ഡ്രാഗണ്‍ ഹണ്ടിംഗില്‍ അവന്‍
മൂന്നാമത്തെ ലെവലും
കളിച്ചുതീര്‍ത്ത ആ നിമിഷം
ചമ്പകം
ഒരു പൂ ഉതിര്‍ക്കാന്‍
നോക്കുകയായിരുന്നു.
ഒരു വട്ടം,പലവട്ടം
ധ്യാനാത്മകം,ഏകാഗ്രമൊരു
വിറയല്‍;എവിടെ..?
പൂ എവിടെ?
തുമ്പി
കണ്ണുകളിലെ ചെറുലെന്‍സുകളെ
വിടര്‍ത്തി മുകളിലേയ്ക്ക് നോക്കി.
അവിടെ ആകാശം..
ഊഷരം!
ഊഷരമാകാശത്തിലെ
നരച്ച ധവളക്കെട്ടുകള്‍
ചമ്പകത്തിന്റെ ചില്ലകളെ
ചുറ്റിമുറുക്കി,നിസ്സഹായയാക്കി
കടുപ്പം കുറഞ്ഞൊരു
ഉരുവാക്കി മാറ്റിയിരിക്കുന്നു!
ടോം
ഇന്ന് സ്‌കൂള്‍ അസംബ്‌ളിയില്‍,
ക്ഷണിച്ചുവരുത്തിയ
വരേണ്യസദസ്സിനു മുന്‍പില്‍
വരാനിരിക്കുന്ന ''നല്ല ദിന''ങ്ങളേപ്പറ്റി
പ്രസംഗിക്കും,
പലവട്ടം മുറിച്ചുപരുവപ്പെടുത്തിയ
പ്രസംഗത്തില്‍
സമരം സ്വത്വാവിഷ്‌കാരം
സ്വാതന്ത്ര്യം സഹവര്‍ത്തിത്വം
തുടങ്ങിയ 'സ'വാക്കുകള്‍
എടുത്തുകളഞ്ഞിടത്ത്
ശ്വാസത്തോടു ശ്വാസം നിറച്ച്
വാക്ഘടന പാലിക്കും.
സ്‌കൂളിലേക്ക് വരുംവഴി കണ്ട,
ഇനിയും എടുത്തുകളയാത്ത
ശവങ്ങളേയും വിശപ്പുതിന്ന
തെരുവീഥികളേയും പറ്റി
പ്രസംഗത്തില്‍ മിണ്ടാതിരിക്കും.
ബൈഹാര്‍ട്ടിംഗില്‍ മിടുക്കന്‍,പക്ഷേ
ടോമിന്
തുമ്പിയെപ്പറ്റി അറിയില്ല.
ആകാശം.
ഊഷരാകാശത്തിലേയ്ക്ക്
പൂവ് കിട്ടാതെ ,ഹതാശനായി
പറക്കുന്ന തുമ്പി.
ഉണങ്ങിയ ആകാശത്തിന്റെ
വിതുമ്പല്‍ കേട്ട്,
ഇണചേരാനൊരുങ്ങിയതു നിര്‍ത്തി
കോര്‍ത്തുനിര്‍ത്തിയ ഇണയെ
സ്വതന്ത്രയാക്കി, അത് താഴോട്ടു പറന്നു....
താഴോട്ട്..
താഴോ..ട്ട്
താഴോട്ടുള്ള അവസാന ലാപ്പില്‍
ചിറകുകള്‍ തമ്മില്‍ പിണഞ്ഞ്,
ഒട്ടി നഷ്ടമായൊരു സുതാര്യഭംഗിയുമായ്,
കുത്തനെയത് ''തഡ്''!
പാവം താഴെയതാ ..
'ആദിപെറന്ന മുത്തപ്പന്‍മാരേ..
ഭൂലോം.. പെറന്ന മുത്തിമാരേ..
തിക്കുമില്ലേ..തിരിവുമില്ലേ..
തമ്പിരാന്‍ വരുമല്ലോ ..വേല വിളിക്കാന്‍
തെയ്യാതിനന്തോ തിന്താരോ..
തമ്പ്രാന്‍ വന്നിട്ടും.. വേല തന്നില്ല
തെയ്യാതിനന്തോ തിന്താരോ..
മുണ്ടകപ്പാടം ..നെരത്തി കുറുമ്പേ
തെയ്യാതിനന്തോ തിന്താരോ അയ്യോ
തെയ്യാതിനന്തോ തിന്താരോ..
ഞാറുകളെല്ലാം..ഹയ്യോ
ഞാറുകളെല്ലാം'...
ഹോ!കുരല് വറ്റുന്നല്ലോ..
അറ്റുപോയൊരു തുമ്പിപ്പറക്കല്,
കൊമ്പൊടിഞ്ഞൊരു ചമ്പകവും
മണമകന്ന പൂവും,
വിതുമ്പുന്ന ആകാശം,
ടോമിന്റെ കളി നാലാം ലെവലില്‍,
ശിരച്ഛേദം ചെയ്യപ്പെടാന്‍ പോകുന്ന
ഡ്രാഗണുകളുടെ നിലവിളികള്‍..
.തമ്പ്രാ..ഇത്..
ഇതു ഞങ്ങളുടെ ഒടുക്കത്തെ
നിലവിളി.
കൂടെ ആരുമേയില്ലാത്ത
ഒടുക്കത്തെ ഒറ്റനിലവിളി!



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക