Image

പൊലീസിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അനീബിനെ കോടതി വെറുതെവിട്ടു

Published on 11 November, 2017
 പൊലീസിനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അനീബിനെ കോടതി വെറുതെവിട്ടു


പൊലീസ്‌ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചുവെന്നാരോപിച്ച്‌ കേസെടുത്ത മാധ്യമപ്രവര്‍ത്തകനെ കോടതി വെറുതെ വിട്ടു. ഞാറ്റുവേല പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ചുംബനത്തെരുവ്‌ സമരത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റ്‌ ചെയ്‌ത തേജസ്‌ ലേഖകന്‍ അനീബിനെയാണ്‌ കുറ്റക്കാരനല്ലെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി വെറുതെ വിട്ടത്‌.

2016 ജനുവരി ഒന്നിനാണ്‌ ഞാറ്റുവേല സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട്‌ കിഡ്‌സണ്‍ കോര്‍ണറില്‍ ഫാസിസ്റ്റ്‌ വിരുദ്ധ ചുംബന കൂട്ടായ്‌മ സംഘടിപ്പിച്ചത്‌. പരിപാടി തടയാനെത്തിയ ഹനുമാന്‍ സേന പ്രവര്‍ത്തകരും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ അനീബിനെ പൊലീസ്‌ ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്നാരോപിച്ച്‌ ടൗണ്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

 പൊലീസ്‌ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമായിരുന്നു കേസെടുത്തത്‌.

സമര പ്രവര്‍ത്തകനാണെന്ന്‌ ധരിച്ച്‌ പൊലീസ്‌ അനീബിനെ ഗുരുതരമായി മര്‍ദ്ദിച്ചുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകനാണെന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നുമായിരുന്നു പൊലീസ്‌ വാദം. എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്‌ അറസ്റ്റിന്‌ മണിക്കൂറുകള്‍ക്ക്‌ ശേഷമാണെന്നും ആരോപണമുയര്‍ന്നിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക