ബിജുമേനോന്‍ ചിത്രം റോസാപ്പൂവിലൂടെ തമിഴകത്തിന്റെ ‘ചിയാന്‍’ വിക്രം വീണ്ടും മലയാളത്തിലെത്തുന്നു. വിനു ജോസഫ് സംവിധാനം ചെയ്യുന്ന റോസാപ്പൂവിനായി രണ്ട് ദിവസത്തെ ഡേറ്റാണ് വിക്രം നല്‍കിയിരിക്കുന്നത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് റോസാപ്പൂ നിര്‍മ്മിക്കുന്നത്. വിക്രത്തിന്റെ ഒടുവില്‍ റിലീസായ ഇരുമുഖനും നിര്‍മ്മിച്ചത് ഷിബു തമീന്‍സാണ്. വിക്രം ഇപ്പോള്‍ അഭിനയിക്കുന്ന സാമി 2 ന്റെ നിര്‍മ്മാതാവും തമീന്‍സ് തന്നെ. ഈ സൗഹൃദമാണ് റോസാപ്പൂവിലെ അതിഥിവേഷം അവതരിപ്പിക്കാന്‍ വിക്രമിനെ പ്രേരിപ്പിച്ചത്.

എറണാകുളത്തും ചെന്നൈയിലും കൊടൈക്കനാലിലുമായി എഴുപത്തിയഞ്ച് ദിവസം കൊണ്ട് ചിത്രീകരണം ഏറെക്കുറെ പൂര്‍ത്തിയായ റോസാപ്പൂവില്‍ ഇനി വിക്രം അഭിനയിക്കുന്ന രംഗങ്ങള്‍ മാത്രമാണ് ചിത്രീകരിക്കാനുള്ളത്.
കാമറാമാന്‍ പ്രിയന്റെ മരണത്തെ ത്തുടര്‍ന്ന് സാമി 2 ന്റെ ചിത്രീകരണം നിറുത്തിവച്ചിരിക്കുകയാണിപ്പോള്‍. ഈ മാസം ഒടുവില്‍ രണ്ടുദിവസം റോസാപ്പൂവിന് നല്‍കാമെന്നാണ് വിക്രം പറഞ്ഞിരിക്കുന്നതത്രെ. ചെന്നൈയില്‍ വച്ചായിരിക്കും വിക്രമിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുക.