Image

അഭിനന്ദനങ്ങള്‍! (തോമസ് ഫിലിപ്പ് റാന്നി)

തോമസ് ഫിലിപ്പ് റാന്നി Published on 26 November, 2017
അഭിനന്ദനങ്ങള്‍! (തോമസ് ഫിലിപ്പ് റാന്നി)
ഈ മാസം ഇമലയാളിയില്‍ കുറെ നല്ല കവിതകള്‍ വായിച്ചു. ആസ്വാദ്യ മധുരമായ നല്ല കവിതകള്‍ എഴുതുന്ന ഒരു കവിയാകുന്നു ശ്രീ.ജോണ്‍ ആറ്റുമാലില്‍. ഒരു പകലിന്റെ നഷ്ടം എന്ന അദ്ദേഹത്തിന്റെ കവിത അതീവ ജീവിത സ്പര്‍ശിയാകുന്നു. കവിക്കെന്റെ അഭിനന്ദനങ്ങള്‍!

അമേരിക്കന്‍ മലയാളികളുടെ ഇടയിലും കേരളത്തിലും അറിയപ്പെടുന്ന ഒരു കവിയിത്രിയാകുന്നു മിസ്സസ് എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍. അര്‍ത്ഥത്തിലും ആശയസൗഷ്ഠവത്തിലും ഹൃദ്യവും ഹൃദയാവര്‍ജ്ജകവുമായ നല്ല കവിതകളെഴുതുന്ന എല്‍സി യോഹന്നാന്റെ മനോനന്ദനീയമായ മറ്റൊരു കവിതയാണ് 'സമാധാനം'. കവിയിത്രിയ്ക്ക് അഭിനന്ദനങ്ങള്‍!

പ്രൊഫ.കോശി തലയ്ക്കലിന്റെ അനുപമ സുന്ദരവും അല്‍ഭുതകരവുമായ അമ്മയുടെ സ്‌നേഹത്തെയും അമ്മയെയും കുറിച്ചുള്ള 'അമ്മതന്‍ കണ്ണിലൂടെല്ലാമറിഞ്ഞു ഞാന്‍' എന്ന കവിത ലളിത മോഹനവും ഹൃദയ സ്പര്‍ശിയുമാണ്. അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ ഇടയില്‍ പ്രശ്‌സതനും ഭാഷാപണ്ഡിതനുമായ പ്രൊഫ.കോശി തലയ്ക്കലിന്റെ തൂലികയില്‍ നിന്നു മുരുത്തിരിഞ്ഞു വന്ന അമ്മയെപ്പറ്റിയുള്ള സ്മരണകള്‍ മധുരമനോഹരങ്ങള്‍ തന്നെയാകുന്നു.

'കണ്ണു തുറന്നത് കണ്ണിലേക്കാണെന്റെ
അമ്മ തന്‍ കണ്ണിലൂടെല്ലാമറിഞ്ഞു ഞാന്‍
ഭൂവിലുമമ്മയാണെന്‍ വീട്-ഒരിക്കലാ
ജീവിതം തീരുകിലെന്‍ വീടനാഥമാം
അമ്മയൊരല്‍ഭുതമാണവര്‍ വാക്കുകള്‍
എന്റെയുള്ളില്‍ മൃദുസാന്ത്വനമേകുന്നു
ഇല്ല പകരം പറയുവാനമ്മയ്ക്ക്
അമ്മ മാത്രം പകരം വച്ചീടുവാന്‍'
അമ്മ എന്ന ഈ മധുര പദം മലയാളികള്‍ക്ക് എത്രയോ പ്രിയങ്കരമായിട്ടുള്ളതാകുന്നു! എത്ര വലിയ വില കൊടുത്താലും ലഭ്യമല്ലാത്ത അപ്രമേയവും അല്‍ഭുതകരവുമായ സ്‌നേഹം! നിസ്വാര്‍ത്ഥ സുന്ദരമായ സ്‌നേഹം! അഭേദ്യവും അത്യഗാധവും അവിസ്മരണീയവുമായിട്ടുള്ള ഒരു ബന്ധം തന്നെയാണ് മലയാളികള്‍ക്ക് അമ്മമാരോടുള്ളത്.

'മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള-
രണ്ടമല്ലയോ സമ്മേളീച്ചീടുന്നതൊന്നാമതായ്.'
അമ്മയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള മഹാകവി വള്ളത്തോളിന്റെ മനോഹരമായ ഈ വരികള്‍ അറിഞ്ഞു കൂടാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. അനേകായിരം ഭവനങ്ങളില്‍ നിന്ന് ഈ പ്രകാശദീപം അണഞ്ഞുപോയിരിക്കുന്നു. എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്ന എന്റെ അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞ് പോയിട്ട് ഇപ്പോള്‍ നീണ്ട 32 വര്‍ഷം ആയിരിക്കുന്നു. ആ അമ്മയുടെ നിഷ്‌ക്കളങ്ക സ്‌നേഹം മക്കളുടെയും കൊച്ചു മക്കളുടെയും ജീവിതത്തില്‍ ഇന്നും പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു! സ്‌നേഹഹൃദയയായിരുന്ന ആ അമ്മയുടെ ശബ്ദവും അമ്മ ഞാന്‍ ദൂരത്തായിരുന്നപ്പോള്‍ എനിക്കയച്ചിട്ടുള്ള കത്തുകളും കളയാതെ ഞാനിപ്പോഴും സൂക്ഷിക്കുന്നു. 'സ്‌നേഹം ഒരുനാളും ഉതിര്‍ന്നുപോകയില്ല'. അതെ, അമ്മയ്ക്കു പകരം വയ്ക്കാന്‍ അമ്മയല്ലാതെ ഈ ഭൂമിയില്‍ മറ്റാരുമില്ല. അമ്മയുടെ ഉല്‍കൃഷ്ട സ്‌നേഹത്തെ വായനക്കാരുടെ മുമ്പില്‍ അവിലകം അവതരിപ്പിച്ച കവിക്കെന്റെ അഭിനന്ദനങ്ങള്‍!


അഭിനന്ദനങ്ങള്‍! (തോമസ് ഫിലിപ്പ് റാന്നി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക