Image

ഇന്ത്യയില്‍ നിന്നും എന്‍എച്ച്എസ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു

Published on 02 December, 2017
ഇന്ത്യയില്‍ നിന്നും എന്‍എച്ച്എസ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു

ലണ്ടന്‍: ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമായി 5500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ എന്‍എച്ച്എസ് തീരുമാനിച്ചു. ജീവനക്കാരുടെ കടുത്ത ക്ഷാമം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടിയെന്ന നിലയിലാണിതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍.

യുകെയില്‍നിന്നുള്ള നിരവധി പ്രൊഫഷണലുകള്‍ നഴ്‌സിംഗ് രംഗം ഉപേക്ഷിക്കുന്ന പ്രവണത കാരണമാണ് കൂട്ട വിദേശ റിക്രൂട്ട്‌മെന്റ് ആവശ്യമായി വരുന്നതെന്നും എന്‍എച്ച്എസിന്റെ വിശദീകരണം. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെയിലേക്ക് നഴ്‌സിംഗ് ജോലിക്കെത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്.

അടുത്ത മൂന്നു വര്‍ഷം കൊണ്ട് റിക്രൂട്ട്‌മെന്റ് നടത്താനാണ് പദ്ധതി. 5500 പേരില്‍ ആദ്യം 500 പേരുടെ റിക്രൂട്ട്‌മെന്റ് അടുത്ത മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ നവംബര്‍ ഒന്നുമുതല്‍ ഐഇഎല്‍ടിഎസ് എന്ന ഭാഷാ ടെസ്റ്റിന് ഇളവനുവദിച്ചുകൊണ്ട് പുതിയ നിയമം പ്രാബല്യത്തിലാക്കിയത് ഇന്ത്യാക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുകയാണിപ്പോള്‍. പുതിയ നിയമം ഒഇടി അനുസരിച്ചുള്ള റിക്രൂട്ട്‌മെന്റാണ് മേലില്‍ നടക്കുന്നത്. എന്‍എച്ച്എസിന്റെ അഭിമുഖത്തില്‍ മികവു കാട്ടുന്നവര്‍ക്ക് തീര്‍ച്ചയായും സെലക്ക്ഷന്‍ ലഭിയ്ക്കും. 

ഒഇടി ബി ഗ്രേഡ് പാസായവര്‍ക്കും എന്നാല്‍ ആറു മാസത്തെ ഇടവേളകളില്‍ രണ്ടു പരീക്ഷകളിലായി ഐഇഎല്‍ടിഎസ് 4 മൊഡ്യൂളിലും ഏഴു പോയിന്റ് നേടിയവര്‍ക്കും ജോലി ഉറപ്പായി ലഭിയ്ക്കും.

ഒരു ഏജന്റിന്റെയും സഹായം കൂടാതെ ബ്രിട്ടനിലെത്താമെന്നുള്ളതാണ് പുതിയ ഇളവിലൂടെ ലഭ്യമാവുന്നത്. ഓണ്‍ലൈന്‍വഴി എന്‍എച്ച്എസുമായി ബന്ധപ്പെട്ട് അപേക്ഷിയ്ക്കുകയും ഓണ്‍ലൈന്‍വഴിയുള്ള ഇന്റര്‍വ്യൂവും പാസായാല്‍ ജോലി ലഭിയ്ക്കും. പോസ്റ്റിംഗ് ലഭിച്ചാല്‍ ബ്രിട്ടനില്‍ എത്താനുള്ള വിമാനടിക്കറ്റ് വരെ എന്‍എച്ച്എസ് വഹിയ്ക്കും.കൂടാതെ യുകെയില്‍ എത്തിയാല്‍ ആദ്യത്തെ മൂന്നുമാസത്തെ താമസവും എന്‍എച്ച്എസ് തന്നെ വഹിയ്ക്കും.

എന്‍എച്ച്എസ് വഴി യുകെയില്‍ നഴ്‌സിംഗ് ജോലി തരപ്പെട്ടാല്‍ ഒരു ചെലവും കൂടാതെ എത്താം എന്നുള്ള കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ ഏജന്‍സികളുടെ വ്യാജവാഗ്ദാനങ്ങളില്‍ അകപ്പെടാനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഒരു ഏജന്‍സികളെയും സമീപിക്കരുതെന്നാണ് എന്‍എച്ച്എസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേത്തില്‍ പ്രത്യേകം സൂചിപ്പയ്ക്കുന്നത്. എന്‍എച്ച്എസിന്റെ പുതിയ പദ്ധതിയില്‍ 5000 വിദേശ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള നിര്‍ദേശവും പരിഗണനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക